ബോളിവുഡിൽ സ്‌റ്റൈലും എനർജറ്റിക്കായ പെരുമാറ്റവും കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് രൺവീർ സിങ്. ഇപ്പോഴിതാ പുതിയൊരു പരസ്യത്തിലൂടെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് താരം. സിക്സ് പാക്ക് ശരീരവും ആകർഷകമായ ലുക്കുമായി എത്തിയ രൺവീറിന്റെ പുതിയ പരസ്യമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താരത്തിന്റെ പുരുഷന്മാർക്കായുള്ള സ്‌കിൻകെയർ, ഹെയർകെയർ ബ്രാൻഡായ എച്ച്.ഐ.എം അവതരിപ്പിക്കുന്ന പരസ്യത്തിലെ ലുക്കാണ് ഇപ്പോൾ വൈറൽ.

To advertise here,

'ഹാൻഡ്‌സം ഇന്ത്യൻ മാൻ'; പുതിയ സംരംഭം

ബോട്ടിന്റെ സഹസ്ഥാപകനായ അമൻ ഗുപ്തയുമായി ചേർന്നാണ് രൺവീർ സിങ് പുരുഷന്മാർക്കായുള്ള സ്‌കിൻകെയർ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. H.I.M എന്ന പേരിന്റെ പൂർണരൂപം 'ഹാൻഡ്‌സം ഇന്ത്യൻ മാൻ' എന്നാണ്. പുരുഷന്മാരുടെ ചർമത്തിനും മുടിക്കും അനുയോജ്യമായ ഉൽപ്പന്നങ്ങളാണ് ബ്രാൻഡിലൂടെ അവതരിപ്പിക്കുന്നത്.ഷാംപൂ, ബോഡി വാഷ്, ഫേസ് വാഷ് തുടങ്ങിയവയാണ് ഉൽപ്പന്നനിരയിലുള്ളത്. പുരുഷന്മാരുടെ ചർമത്തിന് കൂടുതൽ ആഴത്തിലുള്ള പരിചരണവും ആവശ്യമായ ഈർപ്പവും നൽകുന്നതിനായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് രൺവീർ പറയുന്നത്. താൻ തന്നെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്നും കടുത്ത തണുപ്പുകാലത്തും മലിനീകരണം കൂടുതലുള്ള സാഹചര്യങ്ങളിലും വർഷം മുഴുവൻ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നും താരം പരസ്യത്തിൽ പറയുന്നു.

ആരാധകർ ആവേശത്തിൽ

പരസ്യത്തിലെ രൺവീറിന്റെ ശരീരസൗന്ദര്യവും സ്‌റ്റൈലുമാണ് ആരാധകരെ കൂടുതൽ ആകർഷിച്ചത്. കരുത്തുറ്റ മസിലുകളും സിക്സ് പാക്കും പ്രദർശിപ്പിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം മുടി പിന്നിലേക്ക് ഒതുക്കുന്ന രംഗവും ശ്രദ്ധ നേടി. 'ധുരന്ധർ' ചിത്രത്തിലെ സമാനമായ ലുക്കിനെ ഓർമിപ്പിക്കുന്നതാണ് ഈ രംഗമെന്നും ആരാധകർ പറയുന്നു.പരസ്യം പങ്കുവെച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഡാഡി സിങ്' എന്നായിരുന്നു ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ചാന്ദ്‌നി ഭാഭ്ഡയുടെ കമന്റ്. പരസ്യത്തിലെ സഹതാരം ഉദയ്ബീർ സന്ധു 'സെക്‌സി' എന്നായിരുന്നു പ്രതികരിച്ചത്. സ്‌റ്റൈലിസ്റ്റ് പ്രിയങ്ക കപാഡിയ ബദാനി 'വൗ' എന്നെഴുതി ഫയർ ഇമോജികളും പങ്കുവെച്ചു.'ട്രൂലി ഹിം' എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. 'രൺവീർ, എന്തൊരു ആകർഷകമായ ലുക്കാണിത്' എന്ന അർഥത്തിൽ മറ്റൊരാളും കമന്റ് ചെയ്തു. നിരവധി പേർ ഹാർട്ട്, ഫയർ ഇമോജികളിലൂടെയും താരത്തോടുള്ള ആരാധന പ്രകടിപ്പിച്ചു.

'ഐ ആം ഹിം'; പരസ്യത്തിന് മുൻപേ ടീസറുമായി താരം

പുതിയ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുൻപുതന്നെ രൺവീർ ആരാധകർക്ക് സൂചനകൾ നൽകിയിരുന്നു. ശരീരസൗന്ദര്യം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഓരോ ചിത്രത്തിനും 'ഐ ആം ഹിം' എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ഇതോടെ താരത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചു.ചിത്രങ്ങൾക്ക് താഴെയും ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ പ്രതികരണങ്ങളുമായെത്തി. 'ധുരന്ധർ' സഹതാരം അർജുൻ രാംപാൽ 'ബസ് കർ യാർ' എന്നായിരുന്നു ഒരു ചിത്രത്തിന് താഴെ കുറിച്ചത്. ഇൻസ്റ്റഗ്രാം കത്തിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം.

അനിൽ കപൂർ, ഭൂമി പെഡ്‌നേക്കർ തുടങ്ങിയവരും ഫയർ ഇമോജികളിലൂടെ പ്രതികരിച്ചു. നടൻ രാഘവ് ശർമ 'അഖിയോം സേ ഗോലി മാരേ' എന്ന ഗാനമാണ് പ്ലേ ചെയ്യേണ്ടതെന്ന് തമാശയായി കുറിച്ചു. 'ധുരന്ധർ' സഹതാരം സാറ അർജുൻ നക്ഷത്രങ്ങളുടെ ഇമോജികളുമായാണ് എത്തിയത്.മറ്റൊരു ആരാധകൻ രൺവീറിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ 'ലേഡീസ് വേഴ്‌സസ് റിക്കി ബഹൽ' കാലത്തെ ലുക്കാണ് ഓർമവന്നതെന്നും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും താരം എങ്ങനെ ഇതേ ലുക്കിൽ തുടരുന്നുവെന്നും ചോദിച്ചു.പുതിയ ചിത്രങ്ങളും പരസ്യവും ഒരുപോലെ ചർച്ചയാകുമ്പോൾ അഭിനയത്തിനൊപ്പം സംരംഭകത്വത്തിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് രൺവീർ സിങ്.