ഭാവിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിസ് ഫ്രാൻസ് കമ്പനി അറിയിച്ചു

ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ നിന്ന് പിന്മാറി മിസ് ഫ്രാൻസ് കമ്പനി. 2026-ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ തിയ്യതി പോലും പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഫ്രാൻസിന്റെ തീരുമാനം. 1952 മുതൽ തുടർച്ചയായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്ന രാജ്യമാണ് ഫ്രാൻസ്. 73 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഫ്രാൻസ് ഇല്ലാത്ത മിസ് യൂണിവേഴ്‌സ് മത്സരം അരങ്ങേറാൻ പോകുന്നത്.
ഫ്രാൻസിലെ മിസ് ഫ്രാൻസ് സൗന്ദര്യമത്സരം സംഘടിപ്പിക്കുന്ന ഔദ്യോഗിക കമ്പനിയാണ് മിസ് ഫ്രാൻസ് കമ്പനി. ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത അപ്‌ഡേറ്റിലൂടെയാണ് മിസ് ഫ്രാൻസ് കമ്പനി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചത്. ഭാവിയിലുണ്ടാകുന്ന സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഭാവിയിൽ മത്സരവേദിയിലേക്ക് തിരികെയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിസ് ഫ്രാൻസ് കമ്പനി വ്യക്തമാക്കി.
'2026-ലെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കില്ലെന്ന് മിസ് ഫ്രാൻസ് കമ്പനി അറിയിക്കുന്നു. മിസ് ഫ്രാൻസ് മത്സരത്തിന്റെ സ്വത്വം, മൂല്യങ്ങൾ, പ്രതിബദ്ധതകൾ എന്നിവയോട് സത്യസന്ധത പുലർത്താനുള്ള ആഗ്രഹമാണ് ഞങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. മത്സരത്തിന്റെ 2025 പതിപ്പിൽ കണ്ട നിരവധി പ്രശ്‌നങ്ങളും സംഭവവികാസങ്ങളും അതുമായി ഒത്തുപോകുന്നില്ല. വരാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് പതിപ്പിനെ കുറിച്ചുള്ളതാണ് ഈ തീരുമാനം. മിസ് ഫ്രാൻസ് ഓർഗനൈസേഷൻ, മത്സരത്തിന്റെ ഭാവി സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. സമീപഭാവിയിൽ ഞങ്ങൾക്ക് മത്സരത്തിൽ വീണ്ടും പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' -ഇതാണ് മിസ് ഫ്രാൻസ് കമ്പനി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
അന്താരാഷ്ട്ര വേദിയിൽ ഫ്രാൻസിനെ ഉയർത്തിക്കാണിക്കാനുള്ള മികച്ച അവസരമായിരുന്നു എല്ലായ്‌പ്പോഴും മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരമെന്ന് മിസ് ഫ്രാൻസ് കമ്പനിയുടെ പ്രസിഡന്റ് ഫ്രെഡെറിക് ഗിൽബർട്ട് പറഞ്ഞു. എന്നാൽ മിസ് ഫ്രാൻസ് മത്സരത്തിന്റെ സ്വത്വത്തോട് സത്യസന്ധത പുലർത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്നത്തെ തീരുമാനം തങ്ങളുടെ പ്രതിബദ്ധതെയാണ് കാണിക്കുന്നത്. ഭാവി സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മിസ് യൂണിവേഴ്‌സ്
വിവാദങ്ങളുടെ റാമ്പിലാണ് കഴിഞ്ഞവർഷത്തെ മിസ് യൂണിവേഴ്‌സ് അരങ്ങേറിയത്. ഇതാണ് മിസ് ഫ്രാൻസിന്റെ പിന്മാറ്റത്തിന് കാരണമായതും. മിസ് മെക്‌സിക്കോയും മത്സരത്തിന്റെ സംഘാടകരിൽ ഒരാളായ, തായ്‌ലൻഡിൽ നിന്നുള്ള നവാത് ഇത്സാരഗ്രിസും തമ്മിലുണ്ടായ പ്രശ്‌നമാണ് ഇതിൽ പ്രധാനം. നവാത് ഇത്സാരഗ്രിസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മിസ് മെക്‌സിക്കോ ഫാത്തിമാ ബോഷ് വേദിവിട്ട് ഇറങ്ങിപ്പോയിരുന്നു. ഫാത്തിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേറേയും മത്സരാർഥികൾ വേദിവിട്ടു. ഇതിന്റെ ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു. നവാത് ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഫാത്തിമയെ 'വിഡ്ഢി' എന്ന് വിളിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മൂന്ന് ജഡ്ജിമാർ രാജിവെച്ചതും വിവാദമായിരുന്നു. വോട്ടിങ് സുതാര്യമല്ല എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഇവരുടെ രാജി. 2025-ലെ മിസ് യൂണിവേഴ്‌സ് മത്സരം അട്ടിമറിക്കപ്പെട്ടതായും രാജിവെച്ച ജഡ്ജിമാരിൽ ഒരാൾ ആരോപിച്ചിരുന്നു. മിസ് ജമൈക്ക സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതും അന്ന് വലിയ വാർത്തയായിരുന്നു. അതേസമയം ഉയർന്ന ആരോപണങ്ങൾ മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ നിഷേധിച്ചിരുന്നു.
Content Highlights: The Miss France Company announced its exit from the 2026 Miss Universe pageant due to a conflict between its core values and issues observed in the 2025 edition, marking France's first absence from the global stage in 73 years.
Published: 29 May 2026, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented