കുഞ്ഞിനെ ബേബി കാരിയറിലാക്കി നെഞ്ചോട് ചേർത്തുപിടിച്ചാണ് ഞാൻ റാംപ് വാക്ക് പരിശീലിച്ചത്, രണ്ടുവയസ്സുള്ള മകനെ നെഞ്ചോട് ചേർത്തുപിടിച്ച് ലിവിങ് റൂമിൽ നിന്ന് സ്‌ക്വാറ്റുകൾ ചെയ്തു, കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ മത്സരത്തിലെ ചോദ്യോത്തര സെഷനുവേണ്ടി ഉത്തരം പറഞ്ഞു പഠിച്ചു.. മിസ് യുഎസ്എ കിരീടം നേടിയ കെല്ലിയുടെ സൗന്ദര്യ കിരീടത്തിലേക്കുള്ള യാത്ര എളുപ്പമുള്ളതായിരുന്നില്ല, അതൊരു ചരിത്രനേട്ടമെന്ന് ഇന്ന് മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ രണ്ടുകുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിലാണ് ജസ്റ്റസ് സൗന്ദര്യമത്സരത്തിനായി തയ്യാറെടുത്തത്. ഓഗസ്റ്റ് 27-ന് മിയാമിയിലെ അഡ്രിയാൻ ആർഷറ്റ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രണ്ട് കുഞ്ഞുങ്ങളുടെ വളർത്തമ്മയായ ജസ്റ്റസ് കെല്ലി വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. മിസ് യു.എസ്.എയുടെ 75 വർഷത്തെ നീണ്ട ചരിത്രത്തിൽ ആദ്യമായാണ് വിവാഹിതയും അമ്മയുമായ ഒരു വനിത, കൂടാതെ 30 വയസ്സ് പിന്നിട്ട ഒരാൾ ഈ അഭിമാനകരമായ കിരീടം നേടുന്നത്!

To advertise here,

1952-ൽ ആരംഭിച്ച മിസ് യു.എസ്.എ മത്സരത്തിൽ മുൻപ് വിവാഹിതരായവർക്കോ അമ്മമാർക്കോ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. 1957-ൽ കിരീടം നേടിയ മേരി ലിയോണ ഗേജ് എന്ന മത്സരാർത്ഥി വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ കിരീടം തിരിച്ചെടുത്തിരുന്നു. എന്നാൽ 2023-ൽ ഈ നിയമങ്ങളിൽ സംഘടന വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ആ മാറ്റത്തിന്റെ നേട്ടം കരസ്ഥമാക്കിയ വ്യക്തിയായിരുന്നു മിസ് വിർജീനിയ ആയിരുന്ന ജസ്റ്റസ്.

ജിമ്മിന് പകരം ലിവിങ് റൂം

മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ സാധാരണ മോഡലുകളെപ്പോലെയായിരുന്നില്ല ജസ്റ്റസിന്. 'എന്റെ സൗന്ദര്യമത്സര പരിശീലനം തികച്ചും വ്യത്യസ്തമായിരുന്നു. മുൻപത്തെപ്പോലെ മണിക്കൂറുകളോളം പരിശീലനത്തിനായി മാറ്റിവെക്കാൻ എനിക്ക് കഴിയുമായിരുന്നില്ല,' ജസ്റ്റസ് പറയുന്നു.

കുട്ടികൾ ഉറങ്ങുന്ന സമയം നോക്കിയാണ് അവർ തയ്യാറെടുപ്പുകൾ നടത്തിയത്. അത് പലപ്പോഴും അർധരാത്രിയായിരുന്നു. കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു അവരുടെ വാക്കിംഗ് പരിശീലനം. മസിലുകൾ ശക്തിപ്പെടുത്താൻ ജിമ്മിൽ പോകുന്നതിന് പകരം ലിവിങ് റൂമിലെ തറയിൽ കിടന്ന് ടൈറ്റ് എക്‌സർസൈസുകൾ ചെയ്തു. സോഷ്യൽ മീഡിയയും ടിവിയും ഒഴിവാക്കി കിട്ടുന്ന സമയം മുഴുവൻ വർക്കൗട്ടിനായി ഉപയോഗിച്ചു.

കിരീടത്തിന് പിന്നിലെ 'മിസ്റ്റർ യു.എസ്.എ'

തന്റെ ഈ നേട്ടത്തിന് പിന്നിൽ ഭർത്താവ് ടൈലറിന്റെ പങ്കു ചെറുതല്ലെന്ന് ജസ്റ്റസ് പറയുന്നു. 14 വർഷമായി ഒരുമിച്ചാണ് ഇരുവരും. വിവാഹിതയാകുന്നത് 9 വർഷങ്ങൾക്ക് മുൻപാണ്. ആദ്യ സൗന്ദര്യമത്സരം മുതൽ തന്റെ ഫോട്ടോയുള്ള ബോർഡുമായി മുൻനിരയിൽ എന്നും ടൈലർ ഉണ്ടായിരുന്നെന്ന് ജസ്റ്റസ് പറയുന്നു. സ്വയം 'മിസ്റ്റർ യു.എസ്.എ' എന്നും 'പേജന്റ് കൺസൾട്ടന്റ്' എന്നുമാണ് ഭർത്താവ് ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നതെന്ന് ജസ്റ്റസ് പറയുന്നു.

ഇന്ത്യൻ രൂപ പ്രകാരം ഏകദേശം 5.7 കോടിയിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് ജസ്റ്റസിനെ കാത്തിരിക്കുന്നത്. 1,50,000 ഡോളർ വാർഷിക ശമ്പളം, ആഡംബര റേഞ്ച് റോവർ കാർ, മിയാമിയിൽ ഒരു വർഷത്തേക്ക് സൗജന്യ ആഡംബര അപ്പാർട്ട്‌മെന്റ്, വെസ്റ്റ്‌ഗേറ്റ് വെക്കേഷൻ ഹോം ക്ലബ് അംഗത്വം, മിസ് യൂണിവേഴ്‌സ് മത്സരത്തിനായുള്ള 30,000 ഡോളറിന്റെ വസ്ത്രങ്ങൾ എന്നിവ ജസ്റ്റസിന് ലഭിക്കും.

'റേഞ്ച് റോവർ കാർ സമ്മാനമായി ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്ന ആദ്യ സംശയം, അതിൽ കുട്ടികളുടെ കാർ സീറ്റുകൾ വയ്ക്കാനാകുമോ എന്നതായിരുന്നു,' ജസ്റ്റസ് പറയുന്നു. ന്യൂയോർക്ക് ഫാഷൻ വീക്കിൽ മൈക്കൽ സിൻകോയ്ക്ക് വേണ്ടി ജസ്റ്റസ് റാംപിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

'കുടുംബവും കരിയറും സ്വന്തം സ്വപ്നങ്ങളും അവയിൽ ഏത് തിരഞ്ഞെടുക്കണം എന്നുകരുതരുത്. നിങ്ങളുടെ വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കും. കുടുംബത്തെ നോക്കിനടത്തുന്നു എന്ന കാരണത്താൽ സ്വപ്‌നങ്ങളെ ഉപേക്ഷിക്കേണ്ടതില്ല,' ജസ്റ്റസ് ഓർമ്മിപ്പിക്കുന്നു.