ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകള്‍ നൈസ ദേവ്ഗണിന്റെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. കജോളിനെപ്പോലെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ നൈസയ്ക്കും കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. എന്നാല്‍ ഇതുവരെ മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് കജോളോ അജയ് ദേവ്ഗണോ മനസ് തുറന്നിട്ടില്ല. നിലവില്‍ പഠനത്തിരക്കുകളിലാണ് നൈസ.

To advertise here,

ഇതിനിടയിലും ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധ പതിപ്പിക്കാന്‍ നൈസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമ്മ കജോളിനൊപ്പം ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള നൈസയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ലെഹങ്കയില്‍ തിളങ്ങുകയാണ് നൈസ.

പിങ്ക് നിറത്തിലുള്ള ഈ ലെഹങ്കയുടെ വില ആറു ലക്ഷത്തോളം രൂപയാണ്. ജോര്‍ജറ്റ് തുണിയില്‍ നെയ്‌തെടുത്ത ലെഹങ്ക നിറയെ സില്‍വര്‍ നിറത്തിലുള്ള സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞതാണ്. കാപ് സ്ലീവുകളും വൈഡ് നെക്കുമുള്ള ബ്ലൗസാണ് ഈ ലെഹങ്കയുടെ ഹൈലൈറ്റ്. ഇതിനൊപ്പം സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞ ദുപ്പട്ട കൂടി ചേരുന്നതോടെ നൈസയുടെ ലുക്ക് പൂര്‍ണമാകുന്നു.

ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ മനീഷ് മല്‍ഹോത്രയും കജോളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് നിറവുമായുള്ള ഇഷ്ടം രണ്ടാം വയസ് മുതല്‍ തുടങ്ങിയതാണെന്നും 20-ാം വയസിലും സുന്ദരിയായിരിക്കുന്നുവെന്നും കജോള്‍ ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. മനീഷ് മല്‍ഹോത്രയ്ക്ക് നന്ദി എന്നും കജോള്‍ കുറിച്ചിട്ടുണ്ട്.