മിസ് യൂണിവേഴ്സ് 2026 വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വിവാദം. പ്യൂർട്ടോ റിക്കോയിൽ നടന്ന മത്സരത്തിൽ സ്വന്തം രാജ്യത്തിന്റെ പ്രതിനിധിയായ ജെന്നിഫർ ബാരെറ്റോ കിരീടം നേടിയതോടെയാണ് മത്സരത്തിന്റെ നീതിയെ ചോദ്യംചെയ്ത് ആരാധകർ രംഗത്തെത്തിയത്. മത്സരം മുൻകൂട്ടി തീരുമാനിച്ചതാണെന്നും ആതിഥേയ രാജ്യത്തിന്റെ മത്സരാർഥിക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നുമാണ് ചിലരുടെ ആരോപണം. അവസാന റൗണ്ടിലെ ഉത്തരങ്ങൾ മുതൽ മത്സരാർഥികൾക്ക് നൽകിയ ഹെഡ്ഫോണുകൾ വരെ സംശയങ്ങൾക്കും ചർച്ചകൾക്കും കാരണമായിട്ടുണ്ട്.
നവംബർ 24-നായിരുന്നു മിസ് യൂണിവേഴ്സ് 2026 ഫൈനൽ പ്യൂർട്ടോ റിക്കോയിൽ നടന്നത്. മുൻ വർഷത്തെ വിജയിയായ ഫാത്തിമ ബോഷാണ് ജെന്നിഫർ ബാരെറ്റോയെ കിരീടമണിയിച്ചത്. 2023-ൽ വിവാഹിതർക്കും അമ്മമാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനു പിന്നാലെ, കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി. ഫൈനലിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഫിലിപ്പീൻസ്, ന്യൂസിലൻഡ്, വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്, പ്യൂർട്ടോ റിക്കോ എന്നിവരാണുണ്ടായിരുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനെസ് ഫസ്റ്റ് റണ്ണറപ്പായപ്പോൾ വെനസ്വേലയുടെ ക്ലാര വേഗാസ് ഗോയറ്റ്‌സ് സെക്കൻഡ് റണ്ണറപ്പായി.
ജെന്നിഫറിന്റെ അവസാന മറുപടി മുൻകൂട്ടി തയ്യാറാക്കിയതോ?
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എല്ലാ മത്സരാർഥികളോടും ഒരേ ചോദ്യമാണ് ചോദിച്ചത്. എന്നാൽ, ജെന്നിഫർ ബാരെറ്റോ നൽകിയ മറുപടി മുൻകൂട്ടി പരിശീലിച്ച് തയ്യാറാക്കിയതാണെന്നും ഫൈനലിസ്റ്റുകളിൽ ഏറ്റവും ദുർബലമായ ഉത്തരമായിരുന്നുവെന്നും ചില ആരാധകർ സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു. 'മത്സരം പൂർണമായും ഒത്തുകളിയായിരുന്നു. ഏറ്റവും മോശം മറുപടിയായിരുന്നു അത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെയും വെനസ്വേലയുടെയും മത്സരാർഥികൾ സൗന്ദര്യത്തിലും സ്വാഭാവികതയിലും ഏറെ മുന്നിലായിരുന്നു' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ വിമർശനം.
ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞിട്ട് അവസാന റൗണ്ടിൽ ഇംഗ്ലീഷിൽ മറുപടി?
ജെന്നിഫറിന്റെ ഭാഷാപ്രയോഗവും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവർ സ്പാനിഷ് ഭാഷയിലാണ് അഭിമുഖങ്ങൾ നൽകിയത്. രണ്ടാം അവസാന റൗണ്ടിൽ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ സ്പാനിഷിലേക്ക് വിവർത്തനംചെയ്യാനും അവരുടെ മറുപടികൾ ഇംഗ്ലീഷിലേക്ക് മാറ്റാനും വിവർത്തകന്റെ സഹായം തേടിയിരുന്നു. എന്നാൽ, അവസാന റൗണ്ടിൽ വിവർത്തകൻ ഇംഗ്ലീഷ് ചോദ്യം സ്പാനിഷിലേക്ക് മാറ്റിനൽകിയതിന് പിന്നാലെ ജെന്നിഫർ ഇംഗ്ലീഷിൽതന്നെ മറുപടി നൽകി. ഇതാണ് ചിലരുടെ സംശയങ്ങൾക്ക് കാരണമായത്. 'ആദ്യത്തെ ചോദ്യം ഇംഗ്ലീഷിൽ മറുപടി നൽകാൻ കഴിയാതിരുന്ന അവർ പെട്ടെന്ന് എങ്ങനെയാണ് അവസാന റൗണ്ടിൽ ഇംഗ്ലീഷ് സംസാരിച്ചത്?' എന്നായിരുന്നു ഒരു എക്‌സ് ഉപയോക്താവിന്റെ ചോദ്യം.
ഹെഡ്ഫോണിലും വിവാദം; പ്രത്യേക പരിഗണന ലഭിച്ചോ?
അവസാന റൗണ്ടിൽ മത്സരാർഥികൾക്ക് ഒരേ ചോദ്യം ചോദിച്ചപ്പോൾ മറ്റുള്ളവരുടെ മറുപടി കേട്ട് അതിൽനിന്ന് ആശയം പകർത്താതിരിക്കാനായി ശബ്ദം പുറത്തുനിന്ന് കേൾക്കാത്ത പ്രത്യേക ഹെഡ്ഫോണുകൾ ധരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ജെന്നിഫർ ബാരെറ്റോ ഹെഡ്ഫോൺ ധരിച്ചപ്പോൾ തലയിൽ അണിഞ്ഞിരുന്ന ആക്‌സസറി അഴിച്ചുമാറ്റിയിരുന്നില്ല. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ്, ആ ആക്‌സസറി കാരണം മറ്റുള്ളവരുടെ മറുപടികൾ കേൾക്കാൻ അവർക്ക് സാധിച്ചിരിക്കാമെന്ന് ആരോപിച്ചു. മത്സരത്തിന്റെ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും ഇത്തരം സംശയങ്ങൾക്ക് സംഘാടകർ വ്യക്തമായ വിശദീകരണം നൽകണമെന്നും ഉപയോക്താവ് ആവശ്യപ്പെട്ടു. മിസ് യൂണിവേഴ്സ് സംഘടനയെ അന്ധമായി വിശ്വസിക്കരുതെന്നും മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലർ ആഹ്വാനംചെയ്തു.
ഫിലിപ്പീൻസ്, പ്യൂർട്ടോ റിക്കോ: ആരുടെ മറുപടിയാണ് ചർച്ചയാകുന്നത്?
ഫൈനൽ റൗണ്ടിൽ ഫിലിപ്പീൻസിന്റെ ബിയ മില്ലൻ-വിൻഡോർസ്‌കിയും പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയും നൽകിയ ഉത്തരങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരതമ്യം ചെയ്യപ്പെടുന്നത്.
'ലോകത്തിന് ഇപ്പോൾ ഏറ്റവും ആവശ്യമായത് എന്താണ്?' എന്നായിരുന്നു മത്സരാർഥികളോടുള്ള ചോദ്യം. ഫിലിപ്പീൻസ് പ്രതിനിധി ബിയ മില്ലൻ-വിൻഡോർസ്‌കിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ലോകനേതാക്കൾ പ്രകൃതിയുടെ ശബ്ദം കേൾക്കുകയും അതിൽനിന്ന് നമുക്ക് പഠിക്കാനുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 'കഴിഞ്ഞ പത്ത് വർഷമായി കടലാമകളുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകയായി പങ്കെടുത്ത അനുഭവവും അവർ പങ്കുവച്ചു. പരസ്പരം താഴേക്ക് വലിക്കുന്ന മനുഷ്യരുടെ സ്വഭാവത്തിന് പകരം കടലാമകളിൽനിന്ന് കൂട്ടായ്മയുടെ പാഠം പഠിക്കണമെന്നായിരുന്നു അവരുടെ ആശയം. കൂടുതൽ കരുത്തുള്ള കടലാമക്കുഞ്ഞുങ്ങൾ ദുർബലരായ കുഞ്ഞുങ്ങളെ സഹായിച്ചാണ് കൂടുവിട്ട് കടലിലേക്ക് എത്തുന്നതെന്നും ലോകനേതാക്കളും ഇതേ മനോഭാവം സ്വീകരിക്കണമെന്നുമായിരുന്നു ബിയയുടെ സന്ദേശം.
അതേസമയം ജെന്നിഫർ ബാരെറ്റോയുടെ മറുപടി ഇങ്ങനെയായിരുന്നു:
'ലോകത്തിന് ഇപ്പോൾ പ്രൊഫഷണലിസവും സഹാനുഭൂതിയുമുള്ള നേതാക്കളെയാണ് ആവശ്യം. നമ്മൾ പലപ്പോഴും മറ്റുള്ളവരെ വിലയിരുത്തുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന ലോകത്താണ് ജീവിക്കുന്നത്. എന്നാൽ, സ്വയം നിലകൊള്ളാനും മറ്റുള്ളവർക്ക് മാതൃകയാകാനും നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്.' സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന ശൃംഖലകൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് അതിനനുസരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് നേതാക്കൾക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുകയെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു. ബിയയുടെ മറുപടിയാണ് കൂടുതൽ മികച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ലാറ്റിൻ അമേരിക്കൻ സുന്ദരിമാർക്ക് മുൻഗണനയോ?
മിസ് യൂണിവേഴ്സ് സംഘടന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്ക് സ്ഥിരമായി മുൻഗണന നൽകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. 'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകളെ മത്സരത്തിനായി ക്ഷണിച്ചിട്ട് എല്ലാ വർഷവും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരെ മാത്രം മികച്ചവരായി പ്രഖ്യാപിക്കുന്നതിൽ എന്താണ് അർഥം?' എന്നായിരുന്നു ഒരു പേജ്ന്റ് ആരാധകന്റെ ചോദ്യം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽനിന്നുള്ള മത്സരാർഥികൾക്ക് കിരീടം ലഭിക്കുന്നത് അപൂർവമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളോടാണ് സംഘടനയ്ക്ക് കൂടുതൽ താൽപര്യമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വർഷവും വിവാദം; സംഘടനയുടെ നിലപാട് എന്ത്?
2025-ലെ മിസ് യൂണിവേഴ്സ് മത്സരവും വിവാദങ്ങളിൽനിന്ന് മുക്തമായിരുന്നില്ല. മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയപ്പോഴും മത്സരം മുൻകൂട്ടി തീരുമാനിച്ചതാണെന്ന് ചില ആരാധകർ ആരോപിച്ചിരുന്നു. 2026-ലെ മത്സരവും കഴിഞ്ഞ വർഷത്തെ വിവാദങ്ങളുടെ ആവർത്തനമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതേസമയം, ജെന്നിഫർ ബാരെറ്റോയുടെ വിജയത്തിനെതിരായ ആരോപണങ്ങളിൽ മിസ് യൂണിവേഴ്സ് സംഘടന ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ മത്സരത്തിൽ ക്രമക്കേട് നടന്നുവെന്നതിന് സ്ഥിരീകരണമല്ല. മത്സരത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.
Content Highlights: Jennifer Barreto of Puerto Rico crowned Miss Universe 2026, becoming the first mother to win the title., Fans and social media users allege the competition was rigged in favor of the host country., Controversy arose over Jennifer's sudden English response in the final round and headphone usage., Debates sparked comparing her answer with Philippines' Bea Millan-Windorski., The Miss Universe organization has not yet issued an official statement regarding the allegations.
Published: 26 Nov 2026, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented