ഉദയ്പൂരിലെ ഒരു സ്വകാര്യ വിവാഹച്ചടങ്ങിൽ അതിഥിയായി എത്തിയ ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നവദമ്പതിമാർക്കൊപ്പം നൃത്തം ചെയ്യുകയും ഗായകൻ സോനു നിഗമിനൊപ്പം വേദി പങ്കിടുകയും അതിഥികളുമായി സംവദിക്കുകയും ചെയ്ത താരത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വിവാഹവേദിയിൽ ഷാരൂഖ് ഖാന്റെ സാന്നിധ്യം മാത്രമല്ല, അദ്ദേഹത്തിന്റെ വസ്ത്രധാരണവും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. നവംബർ 25-ന് ഉദയ്പൂരിലെ മഹാറാണ പ്രതാപ് വിമാനത്താവളത്തിലെത്തിയ താരം ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് നഗരത്തിലെത്തിയത്. വധൂവരന്മാരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
വിവാഹവേദിയിൽ ക്ലാസിക് ലുക്കിൽ ഷാരൂഖ് ഖാൻ
ചാരനിറവും നീലയും കലർന്ന ടെയ്ലേർഡ് പാന്റിനൊപ്പം വെൽവെറ്റ് ജോധ്പുരി ജാക്കറ്റാണ് ഷാരൂഖ് ഖാൻ വിവാഹവേദിയിൽ ധരിച്ചത്. നെഹ്‌റു കോളറും ഒറ്റനിരയായി തുന്നിച്ചേർത്ത ബട്ടണുകളുമുള്ള ജാക്കറ്റ് താരത്തിന് ക്ലാസിക് ലുക്ക് നൽകി. കറുത്ത ഷൂസ്, ബ്രൗൺ സൺഗ്ലാസ്, വാച്ച്, കഴുത്തിലെ ആഭരണം, വലതുകൈയിലെ ആക്‌സസറി എന്നിവയും ലുക്കിന്റെ ഭാഗമായി.വിവാഹച്ചടങ്ങിനിടെ ഷാരൂഖിന്റെ പ്രശസ്തമായ ഹുക്ക് സ്റ്റെപ്പ് അനുകരിക്കുന്ന വരന്റെ പിന്നിലെത്തി താരം അപ്രതീക്ഷിതമായി നൃത്തത്തിൽ പങ്കുചേർന്നു. കൈകൾ ഇരുവശത്തേക്കും വിടർത്തി അൽപം പിന്നിലേക്ക് ചായുന്ന ഷാരൂഖിന്റെ സിഗ്‌നേച്ചർ സ്റ്റെപ്പ് വരനൊപ്പം അവതരിപ്പിച്ചതോടെ വേദി ആവേശത്തിലായി. അതിനിടെ നിയോൺ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് വേദിയിൽ പാടുകയായിരുന്ന സോനു നിഗമിന്റെ അടുത്തേക്ക് എത്തിയ ഷാരൂഖ് അദ്ദേഹത്തിന് മുന്നിൽ കുനിഞ്ഞ് ആദരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. മറ്റൊരു ദൃശ്യത്തിൽ വധുവിനൊപ്പം നൃത്തം ചെയ്യുന്ന താരത്തെയും കാണാം. നവദമ്പതികൾക്ക് ആശംസകൾ നേരുന്ന ഷാരൂഖിന്റെ ദൃശ്യങ്ങളും ശ്രദ്ധ നേടി.
ലുങ്കി ഡാൻസ്' കളിച്ച് താരം
വിവാഹാഘോഷത്തിനിടെ മറ്റൊരു ലുക്കിലും ഷാരൂഖ് ആരാധകരെ അമ്പരപ്പിച്ചു. ഓഫ് വൈറ്റ് നിറത്തിലുള്ള ലുങ്കി ധരിച്ചെത്തിയ താരം ചെന്നൈ എക്‌സ്പ്രസ് ചിത്രത്തിലെ ജനപ്രിയ ഗാനമായ 'ലുങ്കി ഡാൻസി'ന് ചുവടുവച്ചു. വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഈ നൃത്തം.
വിമാനത്താവളത്തിലെത്തിയതും സ്‌റ്റൈലിഷ് ലുക്കിൽ
മാനേജർ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ഖാൻ ഉദയ്പൂരിലെത്തിയത്. വിമാനത്താവളത്തിൽ വൈഡ് ലെഗ് റിപ്പ്ഡ് ജീൻസും കറുത്ത ടീഷർട്ടും ബ്ലേസർ മാതൃകയിലുള്ള കറുത്ത ജാക്കറ്റുമായിരുന്നു വേഷം. വലതുചെവിയിലെ പതിവ് കമ്മൽ, വെള്ള ഷൂസ്, സ്ലിങ് ബാഗ്, കറുത്ത സൺഗ്ലാസ് എന്നിവയും ലുക്കിന് മാറ്റുകൂട്ടി.ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ കിങ് ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. ഒരു യുവതിയെ അധോലോകത്തിൽ അതിജീവിക്കാൻ പരിശീലിപ്പിക്കുന്ന വിദഗ്ധനായ കൊലയാളിയുടെ കഥയാണ് ആക്ഷൻ ഡ്രാമയുടെ പ്രമേയം.ദീപിക പദുക്കോൺ, സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, രാഘവ് ജുയൽ, ജയ്ദീപ് അഹ്ലാവത്ത്, അർഷദ് വാർസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Shah Rukh Khan attended a private wedding in Udaipur on November 25., He wore a classic velvet Jodhuri jacket and later danced to 'Lungi Dance'., SRK shared the stage with singer Sonu Nigam and danced with the newlywed couple., His upcoming action drama film 'King' is scheduled to release on December 24.
Published: 26 Nov 2026, 02:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented