കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വീനസ് ദേവതയായി ബോളിവുഡ് നടി ഐശ്വര്യാ റായ്. ഇന്ത്യന്‍ സെലിബ്രിറ്റി ഡിസൈനര്‍ ഗൗരവ് ഗുപ്ത ഒരുക്കിയ ഗൗണിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. 

To advertise here,

സ്‌നേഹത്തിന്റേയും സൗന്ദര്യത്തിന്റേയും ദേവതയായ വീനസാണ് ഐശ്വര്യയുടെ ഈ ലുക്കിന് പ്രചോദനമെന്ന് ഗൗരവ് ഗുപ്ത പറയുന്നു. ഇറ്റാലിയന്‍ നവോത്ഥാന ചിത്രകാരന്‍ സാന്ദ്രോ ബോട്ടിസെല്ലിയുടെ 'ദ ബെര്‍ത് ഓഫ് വീനസ്' എന്ന പ്രശസ്ത പെയിന്റിങ് അടിസ്ഥാനമാക്കിയാണ് ഗൗണ്‍ ഒരുക്കിയത്. 

സമുദ്രത്തിലെ ഒരു ചിപ്പിക്കുള്ളിലാണ് വീനസ് ജന്മമെടുക്കുന്നത്. പെയിന്റിങ്ങിലെ ഇതിന്റെ ആവിഷ്‌കാരമാണ് പര്‍പ്പിളും പിങ്കും നിറങ്ങള്‍ കലര്‍ന്ന ഗൗണിലേക്ക് പകര്‍ത്തിയത്. തിരമാലകളും ചിപ്പികളും പോലെ തോന്നിക്കാന്‍ ആയിരത്തോളം ഗ്ലാസ് ബീഡ്‌സും ക്രിസ്റ്റല്‍സും ഗൗണില്‍ ഉപയോഗിച്ചിട്ടുണ്ട്. 

ദേവതയുടെ ലുക്കിനായി തൂവലിന്റെ ആകൃതിയിലുള്ള ഡയമണ്ട് ഇയര്‍ കഫും ധരിച്ചു. ഒപ്പം ഡയമണ്ട് പതിപ്പിച്ച മോതിരങ്ങളും. പിങ്ക് ലിപ്സ്റ്റിക്കും മനോഹരമായി എഴുതിയ കണ്ണുകളും കൂടുതല്‍ മിഴിവേകി. ഒരു വശത്തേക്ക് ഇട്ട മുടിയിഴകളും താരത്തിന്റെ അഴക് കൂട്ടി.