കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപറ്റിൽ വ്യത്യസ്തയായി ഇന്ത്യയിൽ നിന്നുള്ള കലാകാരി ആർതി ഖേതർപാൽ. ഫാഷൻ എന്നതിലുപരി തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചാണ് ആർതി റെഡ് കാർപറ്റിലെത്തിയത്. വെസ്റ്റേൺ, ഫ്യൂഷൻ ഔട്ട്ഫിറ്റുകൾക്ക് പകരം വൃന്ദാവനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലെഹങ്കയാണ് അവർ ധരിച്ചത്.

To advertise here,

വൃന്ദാവനം വരച്ചുചേർത്ത ഈ മസ്റ്റാർഡ് യെല്ലോ ലെഹങ്ക ഡിസൈൻ ചെയ്തത് സുലക്ഷണ മോംഗയാണ്. അതിനൊപ്പം നിറയെ എംബ്രോയ്ഡറി വർക്ക് ചെയ്ത ചോളിയും ദുപ്പട്ടയും ധരിച്ചു. ശ്രീകൃഷ്ണന്റെ ഭക്തയായതിനാൽ ഒരു കൃഷ്ണ ബാഗും പോക്കറ്റ് സൈസ് ഭഗവത് ഗീതയും അവരുടെ കൈയിലുണ്ടായിരുന്നു. തുളസി കാന്തി മാലയും അവർ അണിഞ്ഞിരുന്നു. ഗ്രീൻ മീനാകാരി നെക്‌ളേസും സ്‌റ്റേറ്റ്‌മെന്റ് ഇയർറിങ്ങുമാണ് ആഭരണമായി അണിഞ്ഞത്. ബോൾഡ് റെഡ് ലിപ്സ്റ്റിക്കും പിങ്ക് ഐഷാഡോയും ചേർന്നതോടെ അവരുടെ ലുക്ക് പൂർണമായി.

2026 ലെ ഗ്രാമി നോമിനേഷൻ ലഭിച്ച 'സൗണ്ട്‌സ് ഓഫ് കുംഭ' എന്ന ആൽബത്തിൽ ഇടം നേടിയ വൃന്ദാവനിൽ നിന്നുള്ള കലാകാരിയാണ് ആർതി. റെഡ് കാർപറ്റിൽ നിന്നുള്ള ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. 'ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു. കൃഷ്ണാ...നീ എനിക്ക് സമ്മാനിക്കുന്ന ഓരോ വേദിയും നിന്നെ സത്യസന്ധതയോടെ സേവിക്കാനുള്ള ഉത്തരവാദിത്തമാണ്. ദൈവമേ..ഞാൻ എല്ലാത്തിനും നിന്നോട് കടപ്പെട്ടിരിക്കുന്നു. കാരണം നീയാണ് എന്റെ എല്ലാം...'-അവർ കുറിച്ചു.