75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകളിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി സുന്ദരി കെസിയ ലിസ് മെജോ. ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ടു-പീസ് സ്വിംസ്യൂട്ടിലാണ് കെസിയ റാമ്പിലെത്തിയത്. 'ഹിപ്‌നോട്ടിക്ക' എന്ന് പേരിട്ട കസിയയുടെ ഊർജ്ജസ്വലമായ ചുവടുവെപ്പുകളും ആത്മവിശ്വാസവും ഓൺലൈനിൽ വലിയ കൈയടി നേടി. അവസാന നിമിഷത്തെ മാറ്റങ്ങൾക്കിടയിലും കസിയ വേദിയിൽ തിളങ്ങിയെന്ന് റൺവേ കോച്ച് അർണിഷ് ഇംപിഷ ദൈമരി പ്രശംസിച്ചു. നാഷണൽ കോസ്റ്റ്യൂം, ഈവനിംഗ് ഗൗൺ എന്നീ നിർണായക റൗണ്ടുകളിലും അതിമനോഹരമായ പ്രകടനമാണ് കസിയ കാഴ്ചവെച്ചത്.

To advertise here,

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ഇന്ത്യയുടെ വൈവിധ്യമാർന്ന നെയ്ത്ത് പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു കെസിയയുടെ നാഷണൽ കോസ്റ്റ്യൂം. കേരളവും ലാറ്റിനമേരിക്കൻ ഭൂഖണ്ഡവും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ആഘോഷമാണ് ഈ വസ്ത്രമെന്ന് കെസിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഹൗസ് ഓഫ് സിദ്ധാന്ത് ആണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. ആതിഥേയ രാജ്യമായ പ്യൂർട്ടോ റിക്കോയുടെ വർണ്ണങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയും വാസ്തുവിദ്യാ വൈഭവവും സമന്വയിപ്പിച്ച ഈ വസ്ത്രം വെറും 5 ദിവസം കൊണ്ട് 16 പേർ ചേർന്നാണ് പൂർത്തിയാക്കിയത്.

Reas Also: നിറങ്ങളുടെ ഘോഷയാത്രയുമായി നാഷ്ണൽ കോസ്റ്റ്യൂം റൗണ്ടിൽ കെസിയ; കിരീടത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

ഈവനിംഗ് ഗൗൺ റൗണ്ടിൽ വിയറ്റ്‌നാം ആസ്ഥാനമായുള്ള ഡിസൈനർ ഒരുക്കിയ സ്വർണ നിറത്തിലുള്ള ഗൗണിലാണ് കസിയ എത്തിയത്. മെർമെയ്ഡ് ശൈലിയിലുള്ള ഗൗണിന്റെ താഴെഭാഗം നീല നിറത്തിലുള്ള ഓംബ്രെ സ്‌കർട്ടായി മാറുന്ന രീതിയിലായിരുന്നു രൂപകൽപന. സങ്കീർണ്ണമായ സ്വർണ നൂൽപ്പണികളും, മുത്തുകളും, തോളുകൾക്ക് മുകളിലേക്ക് നീളുന്ന ശിൽപഭംഗിയുള്ള നെക്ക്പീസും കെസിയയ്ക്ക് രാജകീയ പ്രൗഢി നൽകി.

അതേസമയം, നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ ഇസ്രായേൽ പ്രതിനിധി ഡാനിയേൽ യാബ്ലോങ്ക ധരിച്ച വസ്ത്രം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ജറുസലേമിനെയും സമാധാന സന്ദേശത്തെയും പ്രതിനിധീകരിക്കുന്നതാണ് വസ്ത്രമെന്ന് വിശദീകരിച്ചെങ്കിലും, രാജ്യത്തെ ഒരു തരിശുഭൂമിയായി ചിത്രീകരിച്ചുവെന്നും എ.ഐ നിർമിത വസ്ത്രം പോലെയുണ്ടെന്നും വിമർശനമുയർന്നിരുന്നു.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയമാണ് വേദിയാകുന്നത്. നിലവിലെ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് തന്റെ പിൻഗാമിയെ കിരീടമണിയിക്കും.പ്യൂർട്ടോ റിക്കോയിൽ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് ഗ്രാൻഡ് ഫിനാലെ ആരംഭിക്കുന്നത്. നവംബർ 25 ബുധനാഴ്ച രാവിലെ 6:30-ന് മത്സരം തത്സമയം കാണാം. ഇന്ത്യയിലുള്ള പ്രേക്ഷകർക്ക് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴിയും, റീൽസ് ഓൾ ആക്‌സസ് വരിക്കാർക്ക് യൂട്യൂബ് വഴിയും ഗ്രാൻഡ് ഫിനാലെ തത്സമയം കാണാനാകും.ടെലിവിഷൻ താരം മാരിയോ ലോപ്പസും2022-ലെ മിസ് യൂണിവേഴ്‌സ് ആർബോണി ഗബ്രിയേലും ചേർന്നാണ് ഗ്രാൻഡ് ഫിനാലെ അവതരിപ്പിക്കുന്നത്.

116 മത്സരാർത്ഥികളിൽ നിന്ന് ആദ്യം 30 സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. തുടർന്ന് ഇത് 12 പേരായി ചുരുക്കും. ഈവനിംഗ് ഗൗൺ റൗണ്ടിന് ശേഷം അവസാന 5 ഫൈനലിസ്റ്റുകൾ ചോദ്യോത്തര റൗണ്ടിലേക്ക് കടക്കും. ഇതിൽ നിന്നായിരിക്കും പുതിയ മിസ് യൂണിവേഴ്‌സിനെ തിരഞ്ഞെടുക്കുന്നത്.ഈ വർഷം സെന്റ് മാർട്ടിൻ, ഉഗാണ്ട എന്നീ രാജ്യങ്ങൾ ആദ്യമായി മിസ് യൂണിവേഴ്‌സ് വേദിയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ലോകമെമ്പാടുമുള്ള 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ വിശ്വവേദിയിൽ, ഇന്ത്യയുടെ പ്രതീക്ഷയായി മാറ്റുരയ്ക്കുന്നത് മലയാളി സുന്ദരി കെസിയ ലിസ് മെജോയാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ 19-കാരി കെസിയ ലിസ് മെജോ, ഓഗസ്റ്റ് 23-ന് രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം ചൂടിയത്. ഈ ദേശീയ കിരീടം നേടുന്ന ആദ്യ മലയാളി കൂടിയാണ് കെസിയ. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ നിയമവിദ്യാർത്ഥിനിയായ കസിയ മികച്ചൊരു മോഡലും ക്ലാസിക്കൽ നർത്തകിയും പ്രാസംഗികയുമാണ്.2007-ൽ അബുദാബിയിൽ ജനിച്ച കസിയ, 2024-ൽ മിസ് ടീൻ ദിവ കിരീടവും, 2025-ൽ മിസ് ടീൻ ഇന്റർനാഷണലിൽ ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനവും നേടിയിരുന്നു.

സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നാലാം തവണയും മിസ് യൂണിവേഴ്‌സ് കിരീടം എത്തിക്കാൻ കസിയയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. പുതിയ വജ്രക്കിരീടത്തിനൊപ്പം ഒരു വർഷത്തേക്ക് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ആഗോള അംബാസഡറായി പ്രവർത്തിക്കാനുള്ള അവസരവും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് വിജയിയെ കാത്തിരിക്കുന്നത്.