'പഴയപോലൊരുഷാറില്ല' എഴുപതു കഴിഞ്ഞ ഒരു മനുഷ്യന്‍ എന്റെ മുഖത്തേയ്ക്കു നോക്കി പ്രശ്‌നം അവതരിപ്പിച്ചു.
' തടിയൊന്നു നന്നാക്കണം.'

To advertise here,

ഞാനമ്പരന്നു. വണ്ണം വെക്കാന്‍ അദ്ഭുതമരുന്ന് തേടിയലഞ്ഞു വരുന്ന കുറേപ്പേരെക്കണ്ടിട്ടുണ്ട്. ഈ പ്രായത്തില്‍ ഇനി...!

ചെവി പതുക്കെയാണ്. ഉറക്കെപ്പറയണം. 'വേറെന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നുണ്ടോ?' ഞാന്‍ ചോദിച്ചു. ഇല്ല. 'സുഗറില്ല, പ്ലഷറില്ല'.

'ഓഹോ! നോക്കൂ തടി വെക്കുക എന്നതല്ല, ആരോഗ്യത്തിന്റെ ലക്ഷണം...' എന്റെ പള്ളിപ്രസംഗത്തിന്റെ ആദ്യവാചകത്തിന്റെ കൊങ്ങായ്ക്കു പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, 'അതല്ല. ഒരു പവറില്ല.'

പിന്നെ വിശ്വവിഖ്യാതമായ ആ പ്രത്യേകതരം ചിരി പ്രത്യക്ഷപ്പെട്ടു. ആ നിമിഷം കറണ്ടു വരുകയും ഫാന്‍ തിരിയുകയും ബള്‍ബു കത്തുകയും ചെയ്തു.. എല്ലാം മനസ്സിലായി. 'ക്ഷീണത്തിനു മരുന്നെഴുതാമോ' എന്ന കോഡുവാക്യത്തിന്റെ ഒപ്പം സ്ഥിരം പ്രത്യക്ഷപ്പെടുന്നതാണ് ആ ചിരി.

ക്ഷീണിതര്‍ മിക്കവാറും മദ്ധ്യവയസ്സു കഴിഞ്ഞവരായിരിക്കും.. നമ്പോലന്റെ ശക്തിമരുന്നാണ് ലക്ഷ്യം.

ഡോക്ടറുടെ മുറിയെ ഫാര്‍മസിയുമായി വേര്‍തിരിക്കുന്ന ചുവരിനു നടുവില്‍, ആശയവിനിമയത്തിനായി ഒരു ചതുരാകൃതിയിലെ വിടവുണ്ട്. അവിടെ നിന്ന് ഒരു ചിരി കേട്ടത് പോലെ! ഞാന്‍ തലയുയര്‍ത്തി നോക്കി. മരുന്നുപെട്ടികള്‍ക്കിടയിലേയ്ക്ക് മീനിനെപ്പോലെ ഊളിയിട്ടു മിന്നി മാഞ്ഞ സ്വീപ്പര്‍ മിനിച്ചേച്ചിയുടെ തല കണ്ടു. ഒളിഞ്ഞു കേള്‍ക്കുകയാണ്.

മുസലീപവര്‍ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് മൂപ്പരെ നേരിട്ടു. എഴുപതുകളിലെ ശരീരത്തിന്റെ കിതപ്പ് സ്വാഭാവികമാണെന്ന് പറഞ്ഞില്ല. എന്റെ മുന്നിലുള്ളത് ഒരു ശിശുവല്ല. ഒരുപാട് വെയിലും മഴയും കൊണ്ടു കഴിഞ്ഞ, ജീവിതത്തെ എല്ലാ രീതിയിലും ശീലിച്ചു കഴിഞ്ഞയാള്‍. പ്രായത്തെ അറിഞ്ഞു കൊണ്ട് തന്നെ ചെറുപ്പം വെട്ടിപ്പിടിക്കാനിറങ്ങിയ ഭാഗ്യാന്വേഷി.

പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം ക്ഷീണത്തിനെഴുതാറുള്ള ചില മരുന്നുകള്‍, കുറിച്ചു കൊടുത്തു. മൂപ്പര്‍ അടങ്ങിയില്ല. രാത്രിയുടെ ഏഴാം യാമത്തില്‍ ഏതെല്ലാമോ സ്വപ്നങ്ങള്‍ കണ്ടുണരുമ്പോള്‍ തനിക്കുണ്ടാവുന്ന വിചിത്രശാരീരികാനുഭവങ്ങളെപ്പറ്റി അദ്ദേഹം വിവരിച്ചു. കൗമാരം കടന്ന ഒരു ബാലനെപ്പോലെ നിഷ്‌ക്കളങ്കമായ വിവരണം. സ്വപ്നത്തില്‍ ഒരു സ്ത്രീ കടന്നുവരുന്നുണ്ട്. 'അസ്പ്രസ്സി'നെപ്പോലെ. (ചങ്ങമ്പുഴയുടെ അപ്‌സരോരമണി തന്നെ.) അതൊരു വെറും സ്വപ്‌നമല്ല. അരമണികളിളകുന്ന ശബ്ദം ശരിക്കും കേട്ടതാണ്. അവള്‍ തന്നെ കെട്ടിപ്പുണരുന്നത് അറിയുന്നുണ്ട്. ചുവന്ന ചുണ്ടുകള്‍ ചുണ്ടിലമരുന്നുണ്ട്. പക്ഷേ...

സംഭവം കൈവിട്ടു പോവുന്നതായി ഞാന്‍ മനസ്സിലാക്കി. ഡെക്കാമറൂണ്‍ രതികഥകളെ വെല്ലുന്ന ആവിഷ്‌കാരത്വരയുമായി ആവേശപൂര്‍വ്വം മൂപ്പര്‍ അപ്‌സരസ്സുമായി മല്ലിടുകയാണ്. ഈ ലോകത്തിലേയ്ക്ക് അദ്ദേഹത്തെ തിരിച്ചുവിളിക്കാനുള്ള എന്റെ ദീനശ്രമങ്ങള്‍ പരാജയപ്പെടുന്നു. പുറത്ത് വലിയ ക്യൂ ഉണ്ടായിരുന്നു. മറ്റു രോഗികള്‍ സമയം വൈകുന്നതില്‍ അക്ഷമരാവുന്നു.

ഉറക്കക്കുറവുണ്ടോ, ദേഷ്യക്കൂടുതലുണ്ടോ, മുതലായ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചൂണ്ടകളിലൊന്നും മൂപ്പര്‍ കൊത്തിയില്ല. എല്ലാം ഉഷാര്‍. മനോരോഗിയല്ല. പിന്നെ കഞ്ചാവ്, ചാരായം... ഏതാണീ അപ്‌സരഹാലൂസിനേഷനു കാരണം.? പക്ഷേ ഇതൊന്നുമല്ലാത്ത മറ്റെന്തോ ഉണ്ടെന്നു തോന്നി.

രാത്രികളില്‍ തരളഗാത്രിയായി എഴുപതുകാരന്റെ ശയ്യാഗ്യഹം പുല്‍കാന്‍ ഭൂമിയിലേയ്ക്കിറങ്ങി വരുന്ന മായാവിനി! ആ വൈദ്യുത സ്പര്‍ശനത്തില്‍ കയ്യും കാലും തരിച്ച് കിടക്കപ്പായില്‍ എഴുന്നേറ്റിരിക്കുന്ന പാവം നമ്മുടെ കക്ഷി. ഒന്നുമങ്ങോട്ട് പൊരുത്തപ്പെടുന്നില്ല. തല്‍ക്കാലം ഒരാഴ്ച മരുന്നു കഴിക്കുക. കൂടുതല്‍ വിശദമായ ചികിത്സ ആവശ്യമെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെക്കാണാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഞാന്‍ വേഗം അടുത്ത രോഗിയെ വിളിച്ചു. മരുന്നു വാങ്ങിക്കഴിഞ്ഞും

കുറച്ചു നേരം അയാള്‍ പുറത്തു കറങ്ങിത്തിരിഞ്ഞു നിന്നു.

പിന്നെ ജനലിലൂടെ ഏന്തിവലിഞ്ഞു നോക്കി. 'ഒരുപാട് സികിത്സേം മന്ത്രവാദോം ഒക്കെ നോക്കിക്ക്ണ്.' അവസാനം അങ്ങാടിയിലിരിക്കുന്ന പണിക്കരെപ്പോയിക്കണ്ടു. കിഴക്കുവശത്ത് ജലാശയമുള്ള ആശുപത്രിയില്‍ നിന്ന് പരിഹാരമുണ്ടാകുമെന്നാണ് അദ്ദേഹം കവടി നിരത്തി പറഞ്ഞത്. ആഹാ! അടുത്തുള്ള സര്‍ക്കാരാശുപത്രിയിലേക്കു പറഞ്ഞയക്കുന്നതിന് ഫീസ് വാങ്ങിക്കുന്ന ജ്യോതിഷരത്‌നം. ദൈവമേ, അപ്‌സരസ്സുകളെ പ്രാപിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാന്‍ കെല്‍പ്പുള്ള ആ അദ്ഭുതഭിഷഗ്വര ഞാനാണോ? എന്റെ നെഞ്ചിടിച്ചു.

പുറത്തേയ്ക്ക് പോയിട്ട് പിന്നെയും അയാള്‍ തിരിച്ചു വന്നു 'രണ്ടീസം കഴിഞ്ഞു വരാം.'' ഒരു ചിരിയും.

ഉച്ചയ്ക്ക് രോഗികളൊഴിഞ്ഞപ്പോള്‍ സ്വീപ്പര്‍ചേച്ചി മുറിയിലേയ്ക്കു പ്രവേശിച്ചു.

'രാവിലെ വന്ന മൂപ്പീന്ന് എന്റെ അയല്‍വാസിയാ. സാറു കുടുങ്ങിയല്ലേ. ഇനിയിപ്പൊ ഇതു നിത്യശല്യാവും. അയാളെക്കൊണ്ട് ആളോള്ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാ. പ്രത്യേകിച്ചും ന്നെപ്പോലെ ഇത്തിരി തടീം വണ്ണോക്കെയുള്ളോരെക്കണ്ടാല് ' സ്വയം ഒന്നുഴിഞ്ഞു കൊണ്ട് അവര്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂടിന്റെ ഡയലോഗ് ഓര്‍ത്തു പോയി. 'സിവനേ ഇതേത് ജില്ല.'.

രണ്ടുദിവസം കഴിഞ്ഞ് മൂപ്പര്‍ വാക്കു പാലിച്ചു. ഉച്ചയ്ക്ക് ആളൊഴിഞ്ഞ നേരത്താണ് വന്നത്. 'അപ്‌സരസ്സിന്റെ ഗന്ധര്‍വ്വന്‍ വരുന്നുണ്ട്. 'ചതുരത്തിലൂടെ അനൗണ്‍സ്‌മെന്റ് കേട്ടു. ഞാന്‍ ചിരിച്ചു പോയി.

'ആടിയുലയുന്ന മരച്ചില്ലകള്‍! ഗന്ധര്‍വ്വന്‍കാട്ടിലെ കരിമ്പനകള്‍! തിളച്ചുമറിയുമ്പോലെ ജലവിതാനമുള്ള ഉറവകള്‍ ! പാലപ്പൂവിന്റെ മണം! ഗന്ധര്‍വ്വന്‍ ഗേറ്റു കടന്നു വരുന്നു.

നരച്ച രോമങ്ങളുള്ള സ്റ്റീല്‍ബോഡി പ്രദര്‍ശിപ്പിക്കും വിധം ഷര്‍ട്ട് തുറന്നിട്ടിട്ടുണ്ട്.

'ഒരാഴ്ച മരുന്നു കഴിച്ചിട്ട് വരാനല്ലേ പറഞ്ഞത്. . '

മരുന്നൊന്നും വേണ്ട. ഒരു വിവരം ചോദിക്കാനുണ്ട്. അയാള്‍ മുറിയിലേയ്ക്കു കയറി,

'ഗുളിക രണ്ടു നേരം കഴിക്കണോ, അതോ ലാത്തിരീല് മാത്രം മത്യോ '

'അതൊക്കെ പറഞ്ഞു തന്നല്ലേ വിട്ടത്. കവറില്‍ എഴുതിയിട്ടുമുണ്ട്.' 'മറന്നോയി', അയാള്‍ തല ചൊറിഞ്ഞു.

'രണ്ടു നേരം' ഞാന്‍ സംയമനം പാലിച്ചുകൊണ്ടു പറഞ്ഞു.

അല്‍പ്പം മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് അയാള്‍, 'മരുന്ന് ചെറിയ ഫലോക്കെയുണ്ട് ട്ടാ.'

കയ്യിലിരുന്ന മുളവടി കുത്തി അയാള്‍ ഇറങ്ങിപ്പോയി. മുടി പൊഴിഞ്ഞു പോയ തലയുടെ പിന്‍വശത്ത് മുറിവുണങ്ങിയതിന്റെ തഴമ്പ്. ഇല പൊഴിഞ്ഞ ഒരോക്കുമരം നടക്കുമ്പോലെ അയാള്‍ റോഡിലൂടെ നടന്നു.

കുന്നിറങ്ങി വയലു കടന്നാല്‍ അയാള്‍ടെ വീടായെന്ന് മിനിച്ചേച്ചി പറഞ്ഞു. ഇഷ്ടം പോലെ മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ട്. നടക്കുന്നത് അതിദരിദ്രനെപ്പോലെയാണെങ്കിലും ആളൊരു ഭൂപ്രഭുവാണ്. പാരമ്പര്യമായിക്കിട്ടിയ വലിയ ഭൂസ്വത്തുണ്ട്. അടയ്ക്ക പറിക്കാനും തേങ്ങ വെട്ടിക്കാനും ഇഷ്ടം പോലുണ്ട്. ഒരു പൈസ തന്ത ആര്‍ക്കും കൊടുക്കില്ല. ഒന്നും ഭാഗം വെച്ചിട്ടില്ല. അതോണ്ട് മക്കള്‍ക്ക് പിറുപിറുപ്പുണ്ട്. പക്ഷേ വെറുപ്പിക്കാന്‍ പേടി.

വയസ്സെഴുപതായി. 'പറഞ്ഞിട്ടെന്താ മൂപ്പര്‍ക്ക് ചെറുപ്പം വെച്ചു വരികല്ലേ!' മിനിച്ചേച്ചിയുടെ ആത്മഗതം. അയാള്‍ടെ ഒരു അസ്പ്രസ്സ്!

പണ്ട് ഒരു കിടപ്പുരോഗിയുണ്ടായിരുന്നു ഇതുപോലെ. ലക്ഷ്മണേട്ടന്‍. പത്തമ്പതുകൊല്ലം മുമ്പത്തെ ഒരു ഓടുവീടാണ്. തെച്ചിയും ചെമ്പരത്തിയും, മുല്ലവള്ളിയുമുള്ള നാട്ടുമുറ്റം.. എല്ലിച്ച മൊട്ടത്തലയുള്ള വളര്‍ത്തുകോഴി ചിക്കിനടക്കുന്ന വാഴച്ചോട്.. എത്തിപ്പെടാന്‍ റോഡില്‍ നിന്നിറങ്ങി ദുര്‍ഘടമായ വഴികള്‍ താണ്ടണം. ലോകത്തിന്റെ ദ്രുതപരിണാമം സ്പര്‍ശിച്ചിട്ടില്ലാത്ത, അങ്ങനൊരു പുരാതനഗ്രാമീണതയിലായിരുന്നു ലക്ഷ്മണേട്ടന്റെ വീട്. 60 കഴിഞ്ഞ മനുഷ്യന്‍.

തെങ്ങില്‍ നിന്നു വീണ് നടുപൊട്ടി കിടപ്പിലാണ്. കാലന്റെ വണ്ടിയ്ക്കും മെയ്ന്റോഡാണിഷ്ടം, ഇങ്ങനത്തെ ഇടവഴികളിലേയ്‌ക്കൊന്നും വരുന്നില്ലല്ലോ എന്ന് സങ്കടച്ചിരിയോടെ പറയുന്ന മനുഷ്യന്‍. കട്ടിലിനു മുകളില്‍ മച്ചില്‍ നിന്നൊരു കയര്‍ തൂക്കിയിട്ടിട്ടുണ്ട്. അതില്‍ പിടിച്ച് തൂങ്ങിയാല്‍ പകുതി ശരീരം പൊങ്ങും. പതിയെ ഒരുവശത്തേയ്ക്കല്‍പ്പം ചെരിയാം. തുറന്നിട്ട ജനാലയിലൂടെ വിരല്‍ ചൂണ്ടി ആ തെങ്ങ് അയാള്‍ കാണിച്ചു തന്നു. ആകാശത്തേയ്ക്ക് വളഞ്ഞുപുളഞ്ഞു പോയ ഒരു പീറ്റത്തെങ്ങ്.

അച്ഛന്‍ വെച്ചതാണ്. കുട്ടിക്കാലത്ത്, ആ കാണുന്ന കിണറ്റിന്ന് ഒരു കുടം വെള്ളം കുളിക്കുമ്പഴെല്ലാം ഞാനൊഴിക്കും. വെണ്ണീറു വാരിയിടും. തടമെടുക്കും. പ്ലാവിന്റെ കൊമ്പ് കോതിയത് കൊണ്ടിട്ട് വെട്ടിമൂടും. ഞാന്‍ വളര്‍ത്തിക്കൊണ്ടു വന്നതാണാ കാലനെ. അയാള്‍ വിതുമ്പി.

ഏറ്റുകാരനായിരുന്നു അപ്പന്‍. മകനും ആ പാത പിന്തുടര്‍ന്നു. ഓലയുംപീലിയും ചൂടിയ ആകാശങ്ങളിലേയ്ക്കു വലിഞ്ഞു കയറിപ്പോയി. ചന്ദനനിറമുള്ള തരിപ്പൂക്കളുടെ പരാഗണങ്ങള്‍ക്കു രഹസ്യസാക്ഷിയായി. കുരലില്‍ നിന്നു പൂക്കുലയിറങ്ങുന്നതും, കൊച്ചങ്ങകള്‍ കരിക്കുകളാവുന്നതും, പൊത്തുകളില്‍ തത്തക്കുഞ്ഞു വിരിയുന്നതും കണ്ടു. ഒടുക്കം സ്വന്തം അടുക്കളപ്പുറത്ത്, സ്വന്തം തെങ്ങിന്‍തലപ്പില്‍ നിന്ന് അയാളുടെ കണക്കുകൂട്ടലുകള്‍ വഴുതി. അവസാനമായി കാലുകളനങ്ങിയത് അതിന്റെ ഉച്ചിയിലിരുന്നപ്പൊഴാണ്. ആകാശത്തു തൂങ്ങിക്കിടന്ന ഉരുണ്ടപേശികളുള്ള കരുത്തുള്ള കാലുകള്‍!

ഇളിയില്‍ നിന്നു വെട്ടുകത്തിയെടുക്കുമ്പോള്‍ ഒരു തണുത്ത കാറ്റു വീശിയിരുന്നു. ഇളംപൂക്കുല കാറ്റത്തുറഞ്ഞു തുള്ളി.

ആദ്യവെട്ടില്‍ ഒരു മൂത്തകുല അറ്റു താഴെവീണു ചിതറി. പിന്നെ എങ്ങനെ, എന്ത് ഒന്നുമോര്‍മ്മയില്ല. നിലത്തുവീഴും മുമ്പേ ബോധം പോയി. ഉണരുമ്പോള്‍ അരയ്ക്കു കീഴെ നിശ്ചലമായിരുന്നു... തലച്ചോറിന്റെ അനേകമൈലുകള്‍ നീളമുള്ള നാഡീപഥങ്ങളിലെങ്ങും ഇപ്പോള്‍ ആ കാലുകളില്ല. സഞ്ചാരയോഗ്യമല്ലാതെ കാടുമൂടിയ ഒരു നാട്ടുവഴിയില്‍ ഏതോ വഴിയമ്പലത്തിന്റെ തകര്‍ന്ന തൂണുകള്‍ പോലെ അവ ചലനമറ്റു കിടന്നു.

ഒരിക്കല്‍ പരുക്കന്‍തായ്ത്തടികളെ പരിരംഭണം ചെയ്ത ഉറച്ച കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട്, ഇപ്പോള്‍ ജനലിലൂടെ താന്‍ വളര്‍ത്തിയ അന്തകനെ നോക്കി പല്ലു കടിച്ച് കിടക്കുന്നു. 5 വര്‍ഷങ്ങള്‍! പപ്പടവട്ടത്തിലുള്ള ബെഡ്‌സോറിന്റെ വേദന പോലും അറിയില്ല. ഒരു ഗുണമുണ്ട്, അരയ്ക്കു കീഴെ ഉരുക്കിയാലും ഞാനറിയില്ല. അയാള്‍ ചിരിച്ചുകൊണ്ടു പറയും.

നിങ്ങളെല്ലാം കാണാന്‍ വരുമ്പഴാണ് ഒരാശ്വാസം. വലിയ ഉച്ചത്തില്‍ ചിരിക്കും. മാസത്തിലൊരിക്കല്‍ കണ്ടില്ലെങ്കില്‍ ഫോണ്‍ ചെയ്യും.

ആദ്യദിവസം ഉടുതുണി മാറിക്കിടന്നത്, യാദൃച്ഛികമായേ തോന്നിയുള്ളു. കൈകള്‍ക്കു പൂര്‍ണചലനശേഷിയുണ്ട്. എന്നാലും കിടന്ന കിടപ്പിലാവുമ്പോള്‍ വേഷത്തില്‍പ്പോലും മനുഷ്യന്റെ ശ്രദ്ധ നഷ്ടമാവുന്നത് സ്വാഭാവികം. വേദന തോന്നി.

പക്ഷേ പിന്നെ ഞങ്ങള്‍ ചെല്ലുമ്പോള്‍ ശരിക്കായിരുന്ന വസ്ത്രത്തിന് പതിയെ സ്ഥാനചലനം സംഭവിക്കുന്നത് ഞാന്‍ മനസ്സിലാക്കി. വാടിക്കുഴഞ്ഞ വാഴത്തണ്ടു പോലെ തളര്‍ന്നു കിടന്ന അയാളുടെ പൗരുഷം ഞങ്ങളുടെ കാഴ്ചകള്‍ക്കായി തുറന്നു വെക്കപ്പെട്ടു. മനഃപൂര്‍വ്വം ശ്രദ്ധിക്കാതെ, മുഖത്തു നോക്കി വര്‍ത്തമാനം പറയുമ്പോള്‍, പലതും പറഞ്ഞ് ശ്രദ്ധ അവിടേയ്‌ക്കെത്തിക്കാന്‍ അയാള്‍ പണിപ്പെടുന്നതും മനസ്സിലാവുമായിരുന്നു. രണ്ടു ഭാര്യമാരുള്ള, മറ്റേതൊക്കെയോ ബന്ധങ്ങളുമുണ്ടായിരുന്ന അടങ്ങാത്ത പുരുഷന്‍!

തിരിച്ചിറങ്ങുമ്പോള്‍, കതകിനു പിന്നില്‍ മറഞ്ഞു നിന്ന് അയാളുടെ ഭാര്യ വിതുമ്പി, 'വല്യ കഷ്ടമാണ്, രാത്രി ഉറങ്ങാനയക്കില്ല.' ക്ഷീണിതയായിരുന്നു ആ സ്ത്രീ. ഇത്ര വലിയ ശരീരമുള്ള മനുഷ്യനെ എടുത്തു പൊക്കിയും പരിചരിച്ചും എല്ലുകള്‍ തേഞ്ഞ മെല്ലിച്ചൊരു സ്ത്രീ. അവരുടെ പുറംലോകം അസ്തമിച്ചിരുന്നു. കാമനകളടങ്ങാത്ത ദുര്‍ബ്ബലപുരുഷനെപ്പേറി ഹൃദയവും അസ്തമിച്ചിരുന്നു. സങ്കീര്‍ണമാണ് മനുഷ്യന്റെ ജീവിതസമസ്യകള്‍! രോഗിയെപോലെ തന്നെ ദുരിതമനുഭവിക്കുന്നവരാണ് പലപ്പൊഴും കൂട്ടിരിപ്പുകാരും. വിശ്രമമില്ലാത്ത വേലയെടുത്താലും പോര, വീണു പോയവരുടെ ജീവിതനൈരാശ്യങ്ങള്‍ക്കും കൂടി ഇരയാകേണ്ടവര്‍. ആഘോഷങ്ങളുടെ ലോകം എന്നേയ്ക്കുമായി അവര്‍ക്കു മുന്നിലും അസ്തമിക്കുന്നു. നാലു ചുവരുകള്‍ക്കുളളില്‍ പാചകവും ശുശ്രൂഷയും, എടുത്തുയര്‍ത്തലും, കുളിപ്പിക്കലും കഞ്ഞിയൂട്ടലും തുടങ്ങി സകല ഭാരവും പേറിയാലും വല്ലപ്പോഴും വരുന്ന കാഴ്ചക്കാരുടെ പഴി മാത്രം ഏറ്റുവാങ്ങുന്ന കാവല്‍വേലക്കാര്‍! ഒരുപാടു നാള്‍ കിടന്ന് ലക്ഷ്മണട്ടേന്‍ മരിച്ചപ്പോള്‍ ആകെയുള്ള ഓട് വീടിന് ഒരുപിടി അവകാശികള്‍ പൊങ്ങിവന്നു. പാവം ആ സ്ത്രീയുടെ കാര്യം എന്തായോ എന്തോ!

ഡിസ്‌പെന്‍സറിയില്‍ നിന്ന് ഒരു ഡെത്ത്കണ്‍ഫര്‍മേഷനു പോവേണ്ടി വന്നു. പത്തെഴുപതു വയസ്സായ കിടപ്പിലായിരുന്ന അമ്മയാണ്.. ഒരു പഴയ മാളികവീട്. ഉള്‍മുറിയിലൊരു കയറ്റുകട്ടിലില്‍ അസ്ഥി മാത്രയായൊരു സ്ത്രീ ചലനമറ്റു കിടന്നു. പകുതി തുറന്ന ജനലിലൂടെ വെയില്‍ വീണു വട്ടക്കമ്മലുകള്‍ തിളങ്ങി. വെള്ളാരങ്കല്ലു പോലുള്ള കണ്ണുകള്‍ മച്ചില്‍ തറഞ്ഞു നില്‍ക്കുന്നു.. നിഗൂഢ പ്രപഞ്ചത്തിലേയ്‌ക്കൊരു ഗുഹാവാതില്‍ തുറക്കുമ്പോലെ, ഇനി ആ കൃഷ്ണമണികള്‍ വെളിച്ചത്താല്‍ വികസിക്കുകയില്ല.. അവ പെന്‍ടോര്‍ച്ചിന്റെ സൂചിവെട്ടത്തിനെ നിര്‍വ്വികാരമായി നേരിട്ടു.. മരണത്തിന്റെ മഞ്ഞിടിഞ്ഞു വീണ് അനന്തമായ നാഡീപാതകള്‍ തകര്‍ന്നു പോയിരിക്കുന്നു. പാലവും പെരുവഴിയും തകര്‍ന്ന് ഒറ്റപ്പെട്ടു മണ്ണു മൂടിപ്പോയൊരു ഗ്രാമം പോലെ നിശ്ശബ്ദമായ ഹൃദയം. മരിച്ചിട്ട് കുറച്ച് നേരം കഴിഞ്ഞിരിക്കുന്നു. വലിയൊരാള്‍ക്കൂട്ടമുണ്ട് മുറ്റത്ത്. വേണ്ടപ്പെട്ടവരെയെല്ലാം അറിയിച്ചു തുടങ്ങി. ഡോക്ടറെ വിളിക്കുക എന്ന ആചാരം നിര്‍വ്വഹിച്ചതാണ്.

ആകാംക്ഷയോടെ നമ്മളെ ഉറ്റുനോക്കി നില്‍ക്കും പരേതരുടെ ബന്ധുജനം. മരിച്ചു എന്ന പ്രഖ്യാപനത്തോടൊപ്പം നിലവിളികളുടെ ട്രിഗറമരും. കാലങ്ങളായി കിടന്ന് ശയ്യാവ്രണങ്ങള്‍ പഴുത്ത്, ശരീരം ചുക്കിച്ചുളിഞ്ഞ് നരകയാതന അനുഭവിപ്പിച്ച ദുരിതവാര്‍ദ്ധക്യം, ഒരു ജീവനില്‍ നിന്നഴിഞ്ഞു മാറുന്ന ശുഭനിമിഷമാണ്. നിലവിളികള്‍ കുരവയിടുമ്പോലെ കണ്ടാല്‍ മതി. നോക്കിനോക്കി മതിയായി കട്ടിലൊഴിയാന്‍ കാത്തുനിന്നവരുടെ വിജയഭേരിയാണത്.

അലമുറയിടുന്ന മരുമക്കളും മക്കളും രംഗം കയ്യടക്കി. ഞാന്‍ പുറത്തിറങ്ങും മുമ്പെ, മൂത്ത മരുമകളാണെന്നു തോന്നുന്നു, ഒരു തടിച്ച സ്ത്രീ വഴി വിലങ്ങിക്കൊണ്ട് അലര്‍ച്ചയോടെ നിലത്തു കിടന്നുരുണ്ടു. വിളക്കും വെള്ളത്തുണിയുമന്വേഷിച്ച് ആണുങ്ങള്‍ മുറിയ്ക്കു പുറത്തു വന്നു തിരക്കുകൂട്ടി. അപ്പോള്‍ കുട്ടികളാരോ അലമാര തുറന്നു.'മടക്കി വെച്ചതെല്ലാം മറിച്ചിടരുത്.'' നിലത്തു കിടന്ന സ്ത്രീ ചാടിയെഴുന്നേറ്റു. മടക്കി വെച്ച തുണികളൊന്നും വീഴാതെ, സശ്രദ്ധം അലക്കിയ മുണ്ടെടുത്തു കൊടുത്തു. പിന്നെ വീണ്ടും നിര്‍ത്തിയോടത്തു നിന്നു നിലവിളി ആരംഭിച്ചു. ഇറങ്ങുമ്പോള്‍ ഉമ്മറത്ത് തൂണും ചാരിയിരിക്കുന്നു അപ്‌സരസ്ത്രീയാല്‍ ഗതികെടുന്ന നമ്മുടെ പഴയ ഗന്ധര്‍വ്വന്‍. കാണാത്ത പോലെ നടന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അയാള്‍ പിന്നാലെ പാഞ്ഞു വന്നു.' മ്മളെ പെരേല് വന്നിട്ട് ഒരു ക്ലാസ്സ് ചായ കുടിക്കാണ്ട്.'' മരിച്ചത് അയാളുടെ ഭാര്യയാണ്. ആരെല്ലാമോ നോക്കുന്നുണ്ട്. ഞങ്ങള്‍ വേഗത്തില്‍ നടന്നു.

രണ്ടുമാസങ്ങള്‍ക്കു ശേഷം, മുറിയിലേയ്ക്കു പാഞ്ഞു വന്ന മിനിച്ചേച്ചി ഒരു കാഴ്ച്ച കാണാന്‍ എന്നെ വിളിച്ചു. റോഡിലൂടെ മുളവടിയൂന്നി ഗന്ധര്‍വ്വന്‍ നടന്നു പോവുന്നു. ഒപ്പം ഒരപ്‌സരസ്സുമുണ്ട്. പത്തിരുപത്തെട്ടു വയസ്സുള്ള ഒരു പെണ്ണ്. പട്ടുസാരിയും പൂത്താലിയും മുടിക്കെട്ടില്‍ മുല്ലപ്പൂവുമായി നമ്രമുഖിയായി അവള്‍ അയാളെ അനുഗമിക്കുന്നു. അദ്ദേഹം പുനര്‍വിവാഹിതനായിരിക്കുന്നു. കിടപ്പിലായ ഭാര്യയെ പരിചരിക്കാന്‍ കുറേക്കാലമായി വീട്ടില്‍ നിന്ന കുട്ടിയാണ് വധു. വയസ്സുകാലത്ത് നോക്കാന്‍ ആരെങ്കിലും വേണ്ടേ.

അപ്പോള്‍ ഒരുകാര്യം മനസ്സിലായി. ചിലങ്കകളിളകുന്ന നിലാനിശകളില്‍ മുറിയിലേയ്ക്കു കടന്നു വരുമായിരുന്ന ആ അപ്‌സരസ്സ് ഒറിജിനലായിരുന്നു. ഞാന്‍ സ്ഥലം മാറിപ്പോവും മുമ്പു തന്നെ മിനിച്ചേച്ചി ആ സന്തോഷവാര്‍ത്തയറിയിച്ചു.

'ഗന്ധര്‍വ്വന് ഒരാണ്‍കുഞ്ഞു പിറന്നു.'