
സിനിമയില്‍ നിന്ന് സാധ്യമായതെല്ലാം നേടിയെടുത്ത നടനാണ് ഷാരൂഖ് ഖാന്‍. ഒരു സാധാരണക്കാരന്‍ രാജാവായി മാറിയ കഥയിലെ യഥാര്‍ഥ നായകന്‍. ബോളിവുഡ് ചിത്രം പോലെ പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഭൂതകാലം ഷാരൂഖിനുമുണ്ട്. ഡല്‍ഹിയിലെ നാടകക്കളരികളില്‍ അഭിനയിച്ചുനടന്നിരുന്ന പയ്യന് ബോളിവുഡിലെ രാജസിംഹാസനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ആ യാത്രയില്‍ ഒപ്പം കൈപിടിച്ച് നടക്കാന്‍ ഗൗരിയെന്ന പെണ്‍കുട്ടി കൂടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഷാരൂഖിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.
സംവിധായകരുടേയും നിര്‍മാതാക്കളുടേയും വാതിലുകള്‍മുട്ടി മടുത്ത ഷാരൂഖ് പിന്‍വാങ്ങാന്‍ ഒരുങ്ങിയപ്പോഴെല്ലാം ഗൗരി നിരുത്സാഹപ്പെടുത്തി. കൂടുതല്‍ ഊര്‍ജ്ജത്തോടെ യാത്ര തുടരാനുള്ള ധൈര്യം പകര്‍ന്ന് കൂടെനിന്നു. കഴിഞ്ഞ 40 വര്‍ഷമായി ആ കൂട്ട് ഷാരൂഖിനൊപ്പമുണ്ട്. ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ച്ചയും സങ്കടവും സന്തോഷവുമെല്ലാം ഷാരൂഖ് ഗൗരിക്കൊപ്പം പങ്കിട്ടു. 1984-ല്‍ ഒരു പാര്‍ട്ടിയില്‍ ഡിജെ ലൈറ്റുകള്‍ക്കിടയില്‍ നൃത്തം ചെയ്യുന്ന ഗൗരിയെയാണ് ഷാരൂഖ് ആദ്യം കാണുന്നത്. ഒരു നടിയെപ്പോലെ സുന്ദരിയായ ഗൗരിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ ഷാരൂഖിന് കഴിഞ്ഞില്ല. തന്റെ ജീവിതപങ്കാളിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ഷാരൂഖ് അന്നുതന്നെ മനസിലുറപ്പിച്ചിരുന്നു. പതുക്കെ ഇരുവരും പ്രണയത്തിലാകുകയും മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് ജീവിതത്തില്‍ ഒന്നിക്കുകയും ചെയ്തു.
ആദ്യ കൂടിക്കാഴ്ച്ച
താജ് മുഹമ്മദ് ഖാന്റേയും ലത്തീഫ് ഫാത്തിമയുടേയും മകനായി 1965 നവംബര്‍ രണ്ടിന് ഡല്‍ഹിയിലായിരുന്നു ഷാരൂഖിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിലെ (ഇന്നത്തെ പാകിസ്താന്‍) സ്വാതന്ത്ര്യസമര സേനാനിയായിരുന്ന താജ് മുഹമ്മദ് ഖാന്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുകയായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത്പുത്രിയായിരുന്നു ലത്തീഫ്. ഡല്‍ഹിയിലെ രാജേന്ദ്രനഗറിലെ സെന്റ് കൊളംബിയ സ്‌കൂളിലായിരുന്നു ഷാരൂഖിന്റെ സ്‌കൂള്‍ പഠനം. അന്ന് ഫുട്‌ബോളിലും ഹോക്കിയിലുമായിരുന്നു ഷാരൂഖ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നത്. വലുതാകുമ്പോള്‍ ഒരു കായികതാരമാകുമെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ തോളിനേറ്റ പരിക്ക് ഷാരൂഖിനെ എന്നെന്നോക്കുമായി ഗ്രൗണ്ടില്‍ നിന്ന് അകറ്റി. സിനിമയോടും താത്പര്യമുണ്ടായിരുന്ന കുഞ്ഞ് ഷാരൂഖ് അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍ തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് കൂട്ടുകാര്‍ക്കിടയില്‍ സ്റ്റാറായി. കൂട്ടുകാരി അമൃത സിങ്ങിനൊപ്പം സിനിമാരംഗങ്ങള്‍ അനുകരിച്ചും ഷാരൂഖ് കൈയടി നേടി.
1985-ല്‍ ഹന്‍സ്‌രാജ് കോളേജില്‍ ബിരുദത്തിന് ചേര്‍ന്നതോടെയാണ് ഷാരൂഖ് അഭിനയം ഗൗരവമായി എടുക്കുന്നത്. അവിടെ സാമ്പത്തിക ശാസ്ത്ര പഠനത്തിനൊപ്പം തീയേറ്റര്‍ ഗ്രൂപ്പിലും ഷാരൂഖ് സജീവമായി. കോളേജിലെത്തുന്നതിനും ഒരുവര്‍ഷം മുമ്പ് തന്നെ ഗൗരിയെ ഷാരൂഖ് പരിചയപ്പെട്ടിരുന്നു. ഒരു പാര്‍ട്ടിയില്‍ കൂട്ടുകാരനൊപ്പം നൃത്തം ചെയ്യുന്ന ഗൗരിയെയാണ് ഷാരൂഖ് ആദ്യമായി കാണുന്നത്. അന്ന് 14-കാരിയായിരുന്നു ഗൗരി. 'ഞാനും കൂടെ നൃത്തം ചെയ്യട്ടെ' എന്ന് ഷാരൂഖിന് ഗൗരിയോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് ഷാരൂഖ് ഗൗരിയുടെ അടുത്തെത്തി നൃത്തം ചെയ്യാന്‍ ക്ഷണിച്ചു.

എന്നാല്‍ ഗൗരി അവരുടെ കാമുകനെ കാത്തിരിക്കുകയാണെന്ന് സുഹൃത്ത് ഷാരൂഖിന് മറുപടി നല്‍കി. ജീവിതത്തില്‍ ആദ്യമായി ഇഷ്ടം തോന്നിയ പെണ്‍കുട്ടി കൈവിട്ടുപോയല്ലൊ എന്ന നിരാശ ഷാരൂഖിന്റെ മുഖത്ത് നിഴലിച്ചു. ഗൗരിയുടെ കാമുകനായി ഷാരൂഖും പാര്‍ട്ടി വിടാതെ കാത്തിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഗൗരി കാത്തിരുന്നത് സഹോദരനെയായിരുന്നു. വീട്ടിലേക്ക് കൂട്ടാനെത്തിയ സഹോദരനെ ഗൗരി 'ഭയ്യാ' എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഷാരൂഖിന്റെ ശ്വാസം നേരെ വീണു. അടഞ്ഞ വാതില്‍ തന്റെ മുന്നില്‍ വീണ്ടും തുറന്നതുപോലെയാണ് തോന്നിയതെന്നും ജീവിതത്തോട് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ നിമിഷമായിരുന്നു അതെന്നും പിന്നീട് അഭിമുഖങ്ങളില്‍ ഷാരൂഖ് പറഞ്ഞിട്ടുണ്ട്.
വേദനകള്‍ നിറഞ്ഞ കൗമാരം
ലേഡി ശ്രീറാം കോളേജിലായിരുന്നു ഗൗരി ഡിഗ്രിക്ക് ചേര്‍ന്നത്. ഇതോടെ ഹന്‍സ്‌രാജ് കോളേജില്‍ നിന്ന് ലേഡി ശ്രീറാം കോളേജിലേക്കുള്ള പതിവുയാത്രക്കാരനായി ഷാരൂഖ് മാറി. ആ 24 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഷാരൂഖും ഗൗരിയും തങ്ങളുടെ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തു. ഇരുവരുടേയും പ്രണയം വളര്‍ന്ന് പന്തലിച്ചത് ആ യാത്രകളിലായിരുന്നു. ഡിഗ്രി പഠനത്തിന് ശേഷം ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ ഷാരൂഖ് മാസ് കമ്യൂണിക്കേഷന്‍ പഠനത്തിന് ചേര്‍ന്നു. ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലം അതായിരുന്നു.
പതിനാറാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട ഷാരൂഖിന് പിജി പഠനത്തിനിടയില്‍ അമ്മയേയും നഷ്ടപ്പെട്ടു. ആ വേദന താങ്ങാനാകാതെ സഹോദരി ഷഹനാസ് വിഷാദരോഗിയായി മാറി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ സഹോദരിയുടെ ഉത്തരവാദിത്തം കൂടി ഷാരൂഖിന് ഏറ്റെടുക്കേണ്ടി വന്നു. മറുവശത്താകട്ടെ, സിനിമയില്‍ അവസരം തേടി നടന്ന് തേഞ്ഞ ചെരുപ്പ് ഷാരൂഖിനെ നോക്കി ഇളിച്ചുകാട്ടി. പ്രതീക്ഷയെന്ന വാക്ക് ഒരു കടല്‍ദൂരം അകലെയാണെന്ന തിരിച്ചറിവ് ഷാരൂഖിനെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. അന്ന് ഗൗരിക്ക് മുന്നില്‍ ഷാരൂഖ് പൊട്ടിക്കരയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകളോടെ മാത്രം കണ്ടിരുന്ന ഷാരൂഖിന്റെ മുഖത്ത് ഒരല്‍പമെങ്കിലും ചിരി അവശേഷിപ്പിച്ചത് ഗൗരിയായിരുന്നു. പലപ്പോഴും ഗൗരിയുടെ സാമീപ്യവും ആലിംഗനവുമെല്ലാം ഷാരൂഖിന് ആശ്വാസം പകര്‍ന്നു. അഭിനയത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ ഷാരൂഖിനെ ഉപദേശിച്ചതും ഗൗരിയാണ്.

അതിനിടയില്‍ ഫൗജി, സര്‍ക്കസ് എന്നീ പരമ്പരകളിൽ ഷാരൂഖ് അഭിനയിച്ചിരുന്നു. സര്‍ക്കസിലെ കഥാപാത്രം ഒടുവില്‍ ഷാരൂഖിന് ബോളിവുഡിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. 1992-ല്‍ ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദിവ്യാ ഭാരതി, ഋഷി കപൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സഹനടന്റെ വേഷമാണ് ഷാരൂഖിന് ലഭിച്ചത്. ആ വര്‍ഷത്തെ അരങ്ങേറ്റ താരത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ദീവാനയിലൂടെ ഷാരൂഖിനെ തേടിയെത്തുകയും ചെയ്തു.
ഷാരൂഖുമായി പിരിഞ്ഞ് മുംബൈയില്‍ പോയ ഗൗരി
കാമുകന്‍മാരുടെ എല്ലാ സ്വഭാവദൂഷ്യങ്ങളുമുള്ള വ്യക്തിയായിരുന്നു ഷാരൂഖും. ഓവര്‍ പൊസസീവ്‌നെസ് കാണിച്ചിരുന്ന ഷാരൂഖിനോട് പലപ്പോഴും ഗൗരിക്ക് പിണങ്ങേണ്ടി വന്നു. മറ്റ് പുരുഷന്‍മാരോട് ഗൗരി സംസാരിക്കുന്നതുപോലും ഷാരൂഖിന് ഇഷ്ടമുണ്ടായിരുന്നില്ല. ഗൗരി സ്വിം സ്യൂട്ട് ധരിക്കുന്നതും മുടി അഴിച്ചിടുന്നതുമെല്ലാം ഷാരൂഖ് വിലക്കി. ഇസ്ലാം മതവിശ്വാസിയായ ഷാരൂഖുമായുള്ള ബന്ധം വീട്ടുകാര്‍ കൂടി അറിഞ്ഞതോടെ ഗൗരിയുടെ സമ്മര്‍ദ്ദം കൂടി. ഒരു ഘട്ടത്തില്‍ ഷാരൂഖുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് വരെ ഗൗരി ചിന്തിച്ചു. 1994ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി അതിനെക്കുറിച്ച് മനസ് തുറക്കുന്നുണ്ട്.
'ഞങ്ങളുടെ പ്രണയത്തിന്റെ തുടക്ക കാലമായിരുന്നു. ഷാരൂഖ് മുസ്ലിം ആണെന്നതിനോട് എന്റെ വീട്ടുകാര്‍ പൊരുത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. എനിക്ക് കുടുംബത്തെ വേദനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഷാരൂഖുമായി പിരിയുന്നതിനെ കുറിച്ച് ആലോലിച്ചു. അതു മാത്രമായിരുന്നില്ല കാരണം. ഷാരൂഖിന്റെ ഓവര്‍ പൊസസീവ്‌നെസ്സും എന്നെ വല്ലാതെ മടുപ്പിച്ചു. ഞാന്‍ സ്വയംപര്യാപ്തയായ, സ്വതന്ത്രയായ വ്യക്തിയായിരുന്നു. എനിക്ക് എപ്പോഴും എന്റേതായ ഇടം വേണമായിരുന്നു. ഷാരൂഖിന്റെ പിറന്നാള്‍ ആഘോഷിച്ചതിന് ശേഷം ഞാന്‍ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചു. എന്നാല്‍ ഷാരൂഖ് അത് അംഗീകരിച്ചില്ല. മുംബൈയിലേക്ക് സുഹൃത്തക്കള്‍ക്കൊപ്പം യാത്രപോയ എന്നെത്തേടി ഷാരൂഖെത്തി. അമ്മയോട് 10,000 രൂപ കടം വാങ്ങിയാണ് ഷാരൂഖ് രണ്ട് കൂട്ടുകാര്‍ക്കൊപ്പം അവിടേയ്ക്ക് വന്നത്. എന്നെത്തേടി മുംബൈ മുഴുവന്‍ അലഞ്ഞു. എനിക്ക് ബീച്ച് ഭയങ്കര ഇഷ്ടമാണെന്ന് ഷാരൂഖിന് അറിയാമായിരുന്നു. ആ ഒരു ഊഹത്തില്‍ ബീച്ച് മുഴുവന്‍ എന്നെ തിരഞ്ഞ അവര്‍ അക്‌സ ബീച്ചില്‍ എന്നെ കണ്ടെത്തി. പക്ഷേ എനിക്ക് മുഖം തന്നില്ല. ഒടുവില്‍ ഞാന്‍ മുംബൈയില്‍ നിന്ന് തിരിച്ചുവരുന്ന ദിവസം ഞാന്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഷാരൂഖ് കാത്തുനില്‍പ്പുണ്ടായിരുന്നു. ജനലിലൂടെയാണ് ഞാന്‍ അവനെ കണ്ടത്. ഇതിലും നല്ലൊരു പങ്കാളിയെ നിനക്ക് ലഭിക്കില്ലെന്ന് കൂട്ടുകാരികളെല്ലാം എന്നോട് പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് എന്നെ പിന്തുടര്‍ന്ന് മുംബൈ വരെയെത്തിയ ഷാരൂഖിനോട് ആ നിമിഷം എനിക്ക് വെറുപ്പാണ് തോന്നിയത്.' അഭിമുഖത്തില്‍ ഗൗരി പറയുന്നു.

അന്നത്തെ ദിവസം ഷാരൂഖുമായി ഗൗരി മനസുതുറന്ന് സംസാരിച്ചു. പതുക്കെ തന്റെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഷാരൂഖ് ഗൗരിയോട് ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും ഓവര്‍ പൊസസീവ്‌നെസ് കാണിക്കില്ലെന്ന് വാക്ക് കൊടുത്തു. ഒടുവില്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ഗൗരി തീരുമാനിച്ചു. വീട്ടില്‍ വിവാഹക്കാര്യം സംസാരിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു.
ഒരു ഇസ്ലാം മതവിശ്വാസിയുമായി മകള്‍ പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ പതിവുപോലെ ഒരു പൊട്ടിത്തെറിയാണ് ഗൗരിയുടെ കുടുംബത്തിലുണ്ടായിരുന്നത്. കൂട്ടുകുടുംബമായി ജീവിക്കുന്ന ഗൗരിക്ക് ഷാരൂഖുമായുള്ള ബന്ധത്തെ ഒരുപാട് പേരുടെ മുന്നില്‍ ബോധിപ്പിക്കേണ്ടിവന്നു. എന്നാല്‍ ആരും ആ വിവാഹത്തിന് സമ്മതം നല്‍കിയില്ല. സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചു നടക്കുന്ന ഒരാള്‍ക്ക് എങ്ങനെ മകളെ വിവാഹം ചെയ്തുനല്‍കും എന്ന നിലപാടിലായിരുന്നു ഗൗരിയുടെ മാതാപിതാക്കള്‍. ഗൗരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായം എന്നതും അവരുടെ മുന്നിലെ പ്രശ്‌നമായി.
ആ പ്രതിസന്ധിഘട്ടത്തെ കുറിച്ച് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറയുന്നുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍പെട്ട, അഭിനയമോഹം തലയ്ക്കുപിടിച്ച 26 വയസുകാരനായ ഒരു ചെറുപ്പക്കാരന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഒരു രക്ഷിതാക്കളും തയ്യാറാകില്ലെന്നും അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഷാരൂഖ് വ്യക്തമാക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തി. പക്ഷേ അപ്പോഴും പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയില്ലെന്ന് ഷാരൂഖ് അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ' രജിസ്റ്റര്‍ വിവാഹത്തിന് മുമ്പ് ഞങ്ങളുടെ പേരും വിലാസവും ഫോട്ടോയുമെല്ലാം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണം. അന്ന് എന്റെ മേല്‍വിലാസത്തിന് പകരം സുഹൃത്ത് സഞ്ജയുടെ അഡ്രസാണ് നല്‍കിയത്. ഒരു ദിവസം 'കുറേ ആളുകള്‍ തന്റെ വീട്ടിലേക്ക് കല്ലെറിയുന്നുണ്ടെ'ന്ന് സഞ്ജയ് എന്നെ വിളിച്ചു പറഞ്ഞു. അത്രയും പ്രശ്‌നമായിരുന്നു കാര്യങ്ങള്‍. ഇതോടെ വളരെ രഹസ്യമായി വിവാഹം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.' ഷാരൂഖ് പറയുന്നു.

ഒരു ദിവസം, മൂന്ന് വിവാഹങ്ങള്‍
1991 ഒക്ടോബര്‍ 25-നാണ് ഷാരൂഖും ഗൗരിയും വിവാഹിതരാകുന്നത്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ ഇരുവരും ഹിന്ദു, മുസ്ലിം വിശ്വാസപ്രകാരവും ചടങ്ങുകള്‍ നടത്തി. അന്ന് ഷാരൂഖിന് എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്നത് നിര്‍മാതാവ് വിവേക് വാസ്‌വാനിയാണ്. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ഗൗരിയുടെ സഹോദരനും പങ്കെടുത്ത വിവാഹം. അന്ന് വിവേകിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹത്തിനായി ഓഫീസിലെത്തിയത്. ഒപ്പിട്ട ശേഷം രണ്ട് മതവിശ്വാസപ്രകാരവുമുള്ള ചടങ്ങുകളും നടത്തി. അന്ന് ഷാരൂഖ് 'രാജു ബന്‍ ഗയാ ജെന്റില്‍മാന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയമായിരുന്നു.
ആഘോഷങ്ങള്‍ക്ക് പിന്നാലെ ഷാരൂഖും ഗൗരിയും ഡാര്‍ജിലിങ്ങില്‍ പോയി. തൊട്ടടുത്ത ദിവസം അവിടെ സിനിമയുടെ പാട്ട് ചിത്രീകരിക്കാനുണ്ടായിരുന്നു. മുംബൈയില്‍ തിരിച്ചെത്തിയ ഇരുവര്‍ക്കും മസണ്‍ ആന്റ് സാന്‍ഡ് ഹോട്ടലില്‍ വിവേക് റൂം ബുക്ക് ചെയ്തിരുന്നു. ഇരുവരും അഞ്ച് ദിവസം അവിടെ തങ്ങി. പിന്നീട് സംവിധായകന്‍ അസീസ് മിര്‍സയുടെ അപാര്‍ട്‌മെന്റിലേക്ക് താമസം മാറി. അവിടെ വാടകയ്ക്കാരായണ് ഗൗരിയും ഷാരൂഖും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത്.
മകന്‍ അബ്‌റാമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം
വിവാഹത്തിന് ശേഷം ഷാരൂഖിനെ ബോളിവുഡില്‍ കാത്തിരുന്നത് ഹിറ്റുകളുടെ ഒരു നീണ്ടനിരയാണ്. 1993-ല്‍ പുറത്തിറങ്ങിയ ബാസിഗര്‍, ഡര്‍ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. അതിനുശേഷം അത്ഭുതകമായിരുന്നു വളര്‍ച്ച. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരെപ്പോലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നില്ല ഷാരൂഖ്. എന്നാല്‍, ഖാന്‍മാര്‍ക്കിടയില്‍ ഷാരൂഖിന്റെ പേര് പ്രതിഷ്ഠിക്കപ്പെട്ടത് വളരെ പെട്ടന്നായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ നിന്ന് റൊമാന്റിക് ഹീറോയിലേക്കുള്ള ഷാരൂഖിന്റെ പരിവര്‍ത്തനം പെട്ടെന്നായിരുന്നു.
ഇതിനിടയില്‍ 1997-ല്‍ ആദ്യത്തെ കുഞ്ഞ് ആര്യന്‍ ഖാന് ഗൗരി ജന്മം നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞ് സുഹാനയേയും ഇരുവരും ജീവിതത്തിലേക്ക് വരവേറ്റു. 2013-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ അബ്‌റാം എന്ന മകനെ കൂടി ഇരുവരും സ്വന്തമാക്കി. എന്നാല്‍ അബ്‌റാമിന്റെ ജനനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തിരികൊളുത്തിയത്.

ആര്യന് ഖാന്റെ മകനാണ് അബ്‌റാം എന്ന തരത്തില്‍ വരെ അഭ്യൂഹങ്ങളുണ്ടായി. ഇത് കുടുംബത്തെയൊന്നാകെ പിടിച്ചുലച്ചപ്പോള്‍ ധൈര്യം പകര്‍ന്നുനല്‍കിയത് ഗൗരിയാണ്. 2017-ല്‍ വാന്‍കൂവറില്‍ നടന്ന ടെഡ്‌ടോക്കില്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി.
'നാല് വര്‍ഷം മുമ്പാണ് സ്നേഹമയിയായ എന്റെ ഭാര്യ ഗൗരിക്കും എനിക്കും മൂന്നാമതൊരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹം ജനിക്കുന്നത്. കുഞ്ഞുണ്ടായപ്പോള്‍ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു കഥകള്‍. റൊമാനിയയില്‍വെച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭിണിയാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. ഒരു വ്യാജ വീഡിയോയും ഇതിനെ സാധൂകരിക്കാനുണ്ടാക്കി. അന്ന് അവന് 15 വയസായിരുന്നു പ്രായം. ഇതെല്ലാം കുടുംബത്തെയാകെ തളര്‍ത്തി. ഇപ്പോള്‍ അവന് 19 വയസായി. ഇപ്പോഴും ആരെങ്കിലും അവനോട് ഹലോ എന്ന് പറയുമ്പോള്‍ അവന്‍ മറുപടി നല്‍കുക 'എനിക്ക് യൂറോപ്യന്‍ ലൈസന്‍സ് പോലുമില്ലല്ലോ' എന്നാണ്.' കുടുംബം കടന്നുപോയ വേദന നിറഞ്ഞ കാലത്തെ കുറിച്ച് ഷാരൂഖ് പറയുന്നു.
വിജയ കരിയര്‍
ഷാരൂഖ് കരിയറില്‍ നേട്ടങ്ങള്‍ ഓരോന്ന് പിന്നിടുമ്പോള്‍ ഗൗരിയും തന്റേതായ രീതിയില്‍ കരിയര്‍ പടുത്തുയര്‍ത്തി. അച്ഛന്റെ ടെക്‌സ്റ്റൈല്‍ ഷോപ്പിനോട് അനുബന്ധിച്ച് തയ്യലും ഫാഷന്‍ ഡിസൈനിങ്ങും ഗൗരി പഠിച്ചെടുത്തിരുന്നു. പിന്നാലെ ഇന്റീരിയര്‍ ഡിസൈനിങ്ങിലും സ്വന്തം ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്തു. 2017 ഓഗസ്റ്റില്‍ 'ഗൗരി ഖാന്‍ ഡിസൈന്‍സ്' എന്ന പേരില്‍ ജുഹുവില്‍ സ്വന്തമായി ഡിസൈന്‍ സ്റ്റുഡിയോ തുടങ്ങി. സ്വന്തം വീടായ 'മന്നത്തി'ന്റെ ഇന്റീരിയര്‍ ഡിസൈനിങ് ചെയ്ത ഗൗരി നിരവധി ബോളിവുഡ് താരങ്ങളുടെ വീടിന്റെ ഡിസൈനിലും തന്റേതായ കൈയൊപ്പ് ചാര്‍ത്തി.
ഇതിന് മുമ്പ് 2002-ല്‍ ഷാരൂഖും ഗൗരിയും ചേര്‍ന്ന് റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കും തുടക്കമിട്ടിരുന്നു. 2008-ല്‍ ഷാരൂഖ് ഖാന്‍ സഹതാരം ജൂഹി ചൗളയ്‌ക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശവും സ്വന്തമാക്കി. ഇതിനൊപ്പം സ്റ്റേജ് ഷോകളില്‍ അവതാരകനായും വിവാഹവേദികളില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടും ഷാരൂഖ് കോടികള്‍ സമ്പാദിക്കുന്നുണ്ട്.
Content Highlights: shah rukh khan and gauri khan love story
Published: 16 Mar 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented