
മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമെങ്കിലും ബാംഗ്ലൂര്‍യാത്ര പതിവായ നാളുകളൊന്നില്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൈസൂര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ നല്ല തിരക്കുണ്ടായിരുന്നു. യാത്രക്കാരിലധികവും ഗ്രാമീണരായിരുന്നു . മിക്കവരും ജനറല്‍ ടിക്കറ്റുകാരാണ്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് സ്ലീപ്പറിലും യാത്ര അനുവദിച്ച് കൊടുക്കുന്നത് കൊണ്ടാവാം കുപ്പം സ്റ്റേഷന്‍ വരെ കാര്യമായ ടിക്കറ്റ് പരിശോധനകള്‍ നടക്കാറില്ല. കുറച്ച് മനുഷ്യര്‍ ഒരൊറ്റ വേഗതയില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന ആ വൈകുന്നേരയാത്രയില്‍ ചുറ്റിനും നിന്നുയര്‍ന്ന തനി നാടന്‍ പെണ്ണുങ്ങളുടെ കന്നടപ്പേച്ചുകളും എണ്ണമിനുപ്പുള്ള മുടിയില്‍ ചുറ്റിക്കെട്ടി വെച്ചിരുന്ന കനകാംബരത്തിന്റെയും മുല്ലപ്പൂക്കളുടേയും വാടിയ മണവും റിസര്‍വേഷന്‍ ടിക്കറ്റ് കയ്യടക്കിയിരിക്കുന്ന കന്നടക്കാരോട് മലയാളത്തില്‍ തര്‍ക്കിക്കുന്ന ഏതോ മലയാളിയുടെ ഉച്ചത്തിലുള്ളശബ്ദവും ട്രെയിനിന്റെ കട കട താളവും.
ഇയര്‍ഫോണില്ലാതെ യാത്രക്കാരിലാരോ ഒരാള്‍ കേട്ട് കൊണ്ടിരുന്ന തമിഴ് പാട്ടുമൊക്കെ കണ്ടും കേട്ടുമിരിക്കുമ്പോള്‍ ഓരോ കമ്പാര്‍ട്ട്‌മെന്റുകളും ഒരോ ലോകമാണന്നും തിങ്ങി ഞെരുങ്ങി നിന്നിട്ടും അളന്നുകുറിച്ച അകലങ്ങള്‍ക്കിടയിലാണ് ഒരോ മനുഷ്യരുമെന്നും തോന്നി. രാവിലെ മെട്രൊയില്‍ കെംപേഗൗഡേ സ്റ്റേഷന്‍ മജിസ്റ്റിക്കിലിറങ്ങുമ്പോള്‍ കണ്ട മലയാളി ദമ്പതികളെ തിരിച്ചുള്ള യാത്രയിലും കണ്ടപ്പോള്‍ ചെറുചിരിയില്‍ നാഴികകളുടെ പരിചയം പുതുക്കുകയും വെയിറ്റിങ്ങ് ലിസ്റ്റാണന്ന ആശങ്ക അവര്‍ പങ്കുവെക്കുകയും ചെയ്തു.
എനിക്ക് എതിരെയുള്ള സീറ്റില്‍അഡ്ജസ്റ്റ് ചെയ്ത് യാത്ര ആരംഭിക്കുമ്പോള്‍ ദമ്പതികളിലെ ഭര്‍ത്താവിന്റെ മുഖം ഗൗരവം കൊണ്ട് കനത്തിരുന്നു. ആഗ്രഹിച്ചത്‌പോലെ ലഭിച്ച സെഡ് സീറ്റില്‍ തൃപ്തിപൂണ്ട്ആകാശത്തേക്ക് ഞാന്‍ മിഴികളയച്ചിരിക്കുമ്പോള്‍ എന്റെ മുന്നില്‍ പൊടുന്നനെ സര്‍വവും നിശ്ശബ്ദമായി. കാരണം ഒരോ ബെംഗളൂരു യാത്രകളിലും രണ്ടോ മൂന്നോ മണിക്കൂര്‍ എനിക്ക് ആകാശ ധ്യാനത്തിന്റെതാണ്.
ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ കാണുന്ന ആകാശത്തിന്റെ ഭാവമാറ്റങ്ങളും നീഗൂഢതകള്‍ പേറുന്ന സൗന്ദര്യവും ഉദയാസ്തമയങ്ങള്‍ക്കൊപ്പംമാറി മാറി വരുന്ന ആകാശനിറങ്ങളും പ്രലോഭനങ്ങളുടെ ചുരുളഴിച്ച് കൊണ്ട് ആകാശത്ത് നിന്നും നീണ്ടുവരുന്ന ഒറ്റയടിപ്പാതകളും, പുഴയായും മലകളായും കടലായുമൊക്കെ രൂപാന്തരം പ്രാപിച്ചുള്ള നീണ്ട ആകാശ യാത്രകളും, ചക്രവാളസീമകളിലേക്ക് ഇടക്ക്ഭാവനകളുടെ തോണി തുഴഞ്ഞുള്ള പോക്കും , പലവര്‍ണ്ണ താളുകള്‍ വിടര്‍ത്തി ഭൂമിക്ക് ദിനാന്ത്യത്തിന്റെ പുസ്തകം വായിച്ച് കൊടുക്കുന്ന ആകാശത്തെ കേട്ടുമൊക്കെ സ്വയം മറന്നിരുന്ന് യാത്ര ചെയ്യുന്ന നേരങ്ങള്‍ പ്രകൃതിയോട്വല്ലാതെ ലയിച്ച് ഗഹനമായ ഒരു പ്രശാന്തതയിലേക്ക് മനസ്സ് ചെന്നെത്തി നില്‍ക്കാറുണ്ട്.
അവസാനത്തെ പ്രകാശരശ്മിയും അലിഞ്ഞില്ലാതായി ഇരുട്ട് പരക്കുന്നത് വരെ ഒരൊറ്റയിരുപ്പ് തുടരുമ്പോള്‍ ഒരാള്‍ തോണ്ടി വിളിച്ചാല്‍ പോലും ഞാന്‍ അറിയാറില്ല. ട്രെയിന്‍ യാത്രകളില്‍ അല്ലെങ്കില്‍ പോലും അനന്തമായി പെരുകുന്ന വിചാരങ്ങളിലേക്കും, തീവ്ര ദുഃഖങ്ങളിലേക്കും, ആഹ്ളാദ നിമിഷങ്ങളിലേക്കുമൊക്കെ ആകാശം എനിക്ക് തുറന്നിട്ടവാതിലാകാറുണ്ട്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലെത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു . തിരക്കൊഴിഞ്ഞ് കംമ്പാര്‍ട്ട്‌മെന്റുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തവര്‍ മാത്രമായ സമയത്താണ് പല പല സാധനങ്ങളുമായി നാടോടിസ്ത്രീകളെന്ന് തോന്നിപ്പിക്കുന്നവര്‍ ഒരോരുത്തരായി മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഹിന്ദുവിന്റേയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടേയും മതപരമായ അടയാളങ്ങളായുള്ള കീ ചെയിനുകളും കളിപ്പാട്ടങ്ങളും സേഫ്റ്റി പിന്നുകളും കറുത്ത മുത്ത് കോര്‍ത്ത കൊലുസുകളും കൈച്ചെയിനുകളുമൊക്കെ അടങ്ങിയ വള്ളിച്ചരട് സീറ്റുകള്‍ക്ക് മുന്‍പില്‍ തൂക്കിയിട്ട് ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയോടെ ഒരോ യാത്രക്കാരുടേയും മുഖത്തേക്ക് ഉറ്റുനോക്കുന്ന നാടോടി സ്ത്രീകളോട് സംസാരിക്കണമെന്ന് പലപ്പോഴും തോന്നാറുണ്ടെങ്കിലും ഭാഷ പ്രശ്‌നമായതിനാല്‍ വെറുതെ അവരെ നോക്കിയിരിക്കും.
വല്ലപ്പോഴും സേഫ്റ്റിപിന്‍ പാക്കറ്റും മുത്തുമാലയുമൊക്കെ ഞാന്‍ അവരുടെ പക്കല്‍ നിന്നും വാങ്ങാറുമുണ്ട്. ട്രെയിന്‍ തിരുപട്ടൂര്‍ സ്റ്റേഷനിലെത്തിയപ്പോഴേക്കും മിക്ക യാത്രക്കാരും അവരവരുടേതായ ലോകത്തിലേക്ക് ഒതുങ്ങി. കണ്‍ഫോം ടിക്കറ്റല്ലാതിരുന്ന മലയാളി ദമ്പതികള്‍ക്ക് ഭക്ഷണം കഴിക്കാനായി എന്റെ സീറ്റില്‍ സൗകര്യമൊരുക്കിക്കൊടുത്ത് ഒതുങ്ങിയിരുന്നപ്പോഴാണ് പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പെണ്‍കുട്ടി കൊലുസുകളും മാലകളും തൂക്കി ഞങ്ങളുടെ അടുത്തേക്ക് വന്നത്. യാത്രക്കാരിയായ ഒരു സ്ത്രീ വിലപേശി മുപ്പത് രൂപയ്ക്ക് കറുത്ത മുത്തുകള്‍ കോര്‍ത്ത കൊലുസ് അവളുടെ കയ്യില്‍ നിന്നും വാങ്ങി. എനിക്ക് നേരെയും അവള്‍ കൊലുസ് നീട്ടിയെങ്കിലും ഞാന്‍ വാങ്ങിയില്ല.
പൊടുന്നനെ പെണ്‍കുട്ടിയുടെ നോട്ടം ദമ്പതികളിലായി. അവര്‍ക്കും യാതൊന്നും വേണ്ടന്ന് പറഞ്ഞെങ്കിലും അവര്‍ കഴിക്കാന്‍ തുടങ്ങിയ ഭക്ഷണത്തിലേക്ക് നോക്കി അവള്‍ പരുങ്ങിനിന്നു. ഭക്ഷണത്തോടുള്ള ആര്‍ത്തി ആ നേരങ്ങളില്‍ അവളുടെ മുഖത്ത് പ്രകടമായിരുന്നു. അവളുടെ ആര്‍ത്തിപിടിച്ച നോട്ടം മലയാളി ദമ്പതികളെ അസ്വസ്ഥരാക്കി. ഒടുവില്‍ ചെറിയ പതര്‍ച്ചയോടെ ആംഗ്യം കൊണ്ട് അവള്‍ അവരോട് ഭക്ഷണം ആവശ്യപ്പെട്ടതും ചപ്പാത്തിയിലേക്ക് പാക്കറ്റിലിരുന്ന ചിക്കന്‍ കറി ഒഴിച്ച് കൊണ്ടിരുന്ന ദമ്പതികളിലെ ഭര്‍ത്താവ് അനിഷ്ടം മുഴുവനും പ്രകടിപ്പിച്ച് അവളെ ആട്ടിപ്പായിച്ചു. ഒരു ചപ്പാത്തിയെങ്കിലും അവള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന നേരത്തെ അയാളുടെ പെരുമാറ്റത്തില്‍ പെട്ടന്ന് ഞാനുമൊന്ന് പകച്ചു. കാരണം വിശപ്പും നിസ്സഹായതയും ആര്‍ത്തിയും ദൈന്യതയുമൊക്കെ അവളുടെ മുഖത്ത് ഞാന്‍ ആ നേരങ്ങളില്‍ നിഴലിച്ച് കണ്ടിരുന്നു. തീര്‍ത്തും അപമാനിതയായി മനുഷ്യരുടെ മുന്നില്‍ നിന്ന് ഒളിച്ചോടിപ്പോകുന്നത് പോലെ മറ്റൊന്ന് ചിന്തിക്കാന്‍ ഇട നല്‍കുന്നതിന് മുന്‍പ് അയാള്‍ ചൂണ്ടി അകറ്റിയ ദൂരങ്ങളിലേക്ക് അവള്‍ പൊടുന്നനെ തൂക്കിയിട്ട സാധനങ്ങളുമെടുത്ത് ഓടിപ്പോകുമ്പോള്‍ ഓമനത്തം നിറഞ്ഞ മുഖം വാടിയിരുന്നു.

എനിക്ക് സ്വയം അവജ്ഞ തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഭക്ഷണം യാചിച്ച സമയത്തുതന്നെ വേണമെങ്കില്‍ എന്റെ പക്കലുണ്ടായിരുന്ന ഭക്ഷണം അവള്‍ക്ക് നല്‍കാമായിരുന്നു. എനിക്ക് മുന്നില്‍ അവള്‍ വന്നുനിന്ന രണ്ടോ മൂന്നോ മിനിറ്റുകള്‍ എന്റെ വിശപ്പിലേക്കും സഞ്ചരിച്ചത് കൊണ്ടാവാം രാത്രിയിലേക്ക് കരുതിവെച്ചിരുന്ന ഭക്ഷണപ്പൊതി അവള്‍ക്ക് നല്‍കാന്‍ കഴിയാഞ്ഞത് എന്ന ചിന്തയില്‍ എന്റെ ഹൃദയം ഭാരംപൂണ്ടു. അന്നേ ദിവസം ഉച്ചക്ക് മകളുടെ ഹോസ്റ്റലിന്റെ മെസ്സിലെ വേസ്റ്റ് ബക്കറ്റില്‍ അര ഭാഗത്തോളം നിറഞ്ഞ ഭക്ഷണ വേസ്റ്റില്‍ ഓംലറ്റും വടയും ഇഢലിയുമൊക്കെ കണ്ടതും കഴിക്കാന്‍ കഴിയാതെ വേസ്റ്റാക്കി തലേന്നത്തെ ട്രെയിന്‍യാത്രക്കിടയില്‍ കളഞ്ഞ ഭക്ഷണവുമൊക്കെ ആ പെണ്‍കുട്ടിയുടെ മുഖത്തോടൊപ്പം മുന്നില്‍ തെളിഞ്ഞ് വന്നുകൊണ്ടേയിരുന്നു. ഞാനും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ആ സംഭവത്തോടെ എന്റെ വിശപ്പ് കെട്ടു.
പ്രായശ്ചിത്തമെന്നോണം ബാഗില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതിയെടുത്ത് അവള്‍ പോയ വഴിയേ കമ്പാര്‍ട്ട്‌മെന്റുകളിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി. അവള്‍ക്ക് ഭക്ഷണം നല്‍കാനായി എസ് ഒന്ന് മുതല്‍ എസ് പത്ത് വരെ രണ്ടോ മൂന്നോ പ്രാവശ്യം നടന്നെങ്കിലും അവളെ ഒരിടത്തും കാണാന്‍ കഴിഞ്ഞില്ല. മനുഷ്യരൂപത്തില്‍ വന്നുനിന്ന വിശപ്പിന്റെ പ്രതിരൂപമായിരുന്നു അവള്‍. ഉണ്ടും ഉറങ്ങിയും ഉലാത്തിയും പട്ടിണിയില്ലാതെ കഴിഞ്ഞ് പോകുമ്പോള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന വിശപ്പിന്റെ വിളികള്‍ ആ നേരങ്ങളില്‍ എന്നെ കൂടുതല്‍ അസ്വസ്ഥമാക്കുകയും കുറ്റബോധം കൊണ്ട് കയ്യിലിരുന്ന ഭക്ഷണപ്പൊതിയുടെ ഭാരം വര്‍ദ്ധിക്കുകയും ചെയ്തു. ഒടുവില്‍ ഭക്ഷണം മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. ട്രെയിനിന്റെ ബോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലത്തും വാതില്‍ക്കലുമൊക്കെ ചിലപ്പോഴൊക്കെ യാചകരെ കാണാറുണ്ട്. എന്നാല്‍, ട്രെയിന്‍ സേലത്ത് എത്തിയപ്പോഴും അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിര്‍ത്തിയിട്ട ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന് പ്ലാറ്റ്‌ഫോമില്‍ യാചകരുണ്ടാവുമോ എന്ന് നോക്കി നില്‍ക്കുമ്പോള്‍ ചപ്പാത്തി.. ബിരിയാണി.. വിളികളുമായി മുന്നിലേക്ക് വന്ന ഭക്ഷണവില്‍പ്പനക്കാരന്‍ ചപ്പാത്തി വേണോ എന്ന ചോദ്യത്തോടെ ഭക്ഷണ പാക്കറ്റ് എന്റെ നേര്‍ക്ക് നീട്ടി.
അപ്പോഴേക്കും ട്രെയിന്‍ വിടാന്‍ നേരമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വിശന്നിരിക്കുന്നവരുണ്ടങ്കില്‍ അവര്‍ക്ക് നല്‍കണമെന്ന അപേക്ഷയോടെ എന്റെ കയ്യിലിരുന്ന ഭക്ഷണപ്പൊതി അയാള്‍ക്ക് നേരെ നീട്ടിയതും അയാളുടെ കണ്ണുകള്‍ തിളങ്ങുന്നത് കണ്ടു. ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ തിരഞ്ഞുനടന്ന പെണ്‍കുട്ടിയുടെ മുഖത്തിനോടൊപ്പം ഞാനോര്‍ത്തത് പന്ത്രണ്ടാമത്തെ വയസ്സില്‍ നാടുവിട്ട് പല സ്റ്റേഷനുകളിലും അന്തിയുറങ്ങിയ ഉമ്മിച്ചയുടെ ഇരട്ട സഹോദരനായ മഹ്‌റു മാമ പറഞ്ഞ വിശപ്പിന്റെ കഥകളാണ്. മുട്ടന്‍വാപ്പയുടെ (ഉമ്മിച്ചയുടെ ബാപ്പ) കര്‍ശനമായ നിയന്ത്രണങ്ങളും സ്വാതന്ത്യമില്ലായ്മയുമൊക്കെ കാരണം പതിനൊന്നാമത്തെ വയസ്സിലാണ് മാമ നാട് വിടാനുള്ള തീരുമാനം എടുക്കുന്നത്. ധൈര്യത്തിനായി വീടനടുത്ത് തന്നെയുള്ള കൂട്ടുകാരനെ കൂടി പറഞ്ഞ് സമ്മതിപ്പിച്ചെടുത്ത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം മുട്ടന്‍വാപ്പയുടെ അലമാരയില്‍ നിന്നും പൈസ മോഷ്ടിച്ച് കൊല്ലം ബീച്ചിലേക്കാണ് ആദ്യം അവര്‍ പോയത്.
കടല വാങ്ങി കൊറിച്ചും ഭക്ഷണം വാങ്ങി കഴിച്ചുമൊക്കെ ബീച്ചില്‍ സമയം ചെലവിടുന്നതിനിടെ കൂട്ടുകാരന്‍ ഒളിച്ചോട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് വീട്ടിലേക്ക് പോയി. പൈസ മോഷ്ടിച്ച കുറ്റം കൂടി തന്റെ മേല്‍ വന്നു പതിയുന്നതോര്‍ത്ത് ഭയന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ കഴിയാതെ കൊല്ലത്ത് നിന്നും കള്ളട്രെയിന്‍ കയറിയ മാമ ആദ്യം എത്തപ്പെട്ടത് മധുരയിലാണ്. മീനാക്ഷി ക്ഷേത്രത്തിന്റെ പരിസരത്ത് ചുറ്റിപ്പറ്റി നിന്ന ശേഷം ക്ഷേത്രത്തിനകത്തേക്ക് കയറിയ മാമ കരിങ്കല്ലില്‍ കൊത്തിയ ശില്പവിസ്മയങ്ങള്‍ കണ്ട് അന്ധാളിച്ച് നിന്നു. ക്ഷേത്രഗോപുരത്തിനകത്ത്തേങ്ങാ കൊത്ത് തിന്നാനായി മത്സരിക്കുന്ന അണ്ണാറകണ്ണന്‍മാരുടെ കലപില ശബ്ദങ്ങള്‍ കേട്ട് മറ്റൊരു അണ്ണാറകണ്ണനായി അവരുടെ കളികള്‍ക്കൊപ്പം കൂടി രസിച്ച് വളരെ നേരം സമയം ചിലവഴിച്ച ശേഷം ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. തമിഴ് അറിയാതെ മറ്റൊരു ദേശത്ത് പകച്ച് നിന്ന കുട്ടിയുടെ അടുത്തേക്ക് നിരവധി ചോദ്യങ്ങളുമായി നാട്ടുകാര്‍ കൂടി .
നീ ശാപ്പിട്ടാ ?'
' ആമാ '
' നീ തിരുനൊ?'
' ആമാ '
' നീ നല്ലവനാ ' ?
' ആമാ ' .
'ആമ, എന്ന തമിഴ് വാക്കില്‍ കുറച്ച് നേരം അവിടെ പിടിച്ച് നിന്നെങ്കിലും അവിടെ നിന്നും വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്ക് പോയിമദ്രാസിലേക്കുള്ള വണ്ടി കയറി. മദ്രാസിന്റെ തെരുവുകളിലൂടെ അലഞ്ഞ് നടന്ന പന്ത്രണ്ട്കാരനെ ആരും ശ്രദ്ധിച്ചില്ല. വിശപ്പ് കാരണം തളര്‍ന്ന് തുടങ്ങിയപ്പോള്‍ നാസ് പ്രകാശ് എന്ന ബോര്‍ഡ് വെച്ച ഹോട്ടലിന് മുന്നിലെ ചായപീടികയിലേക്ക് ഒരു ജോലി ആവശ്യപ്പെട്ട് രണ്ടും കല്‍പ്പിച്ച് കടന്ന് ചെന്നു. മുന്‍പില്‍ വിശന്ന് വലഞ്ഞെത്തിയ കുട്ടിയെ കണ്ട്കടയുടമയുടെ മനസ്സലിഞ്ഞു. വയറ് നിറയെ ഭക്ഷണം നല്‍കുകയും പാത്രങ്ങളില്‍ വെള്ളം കോരി നിറച്ച് വെക്കാനുള്ള ജോലി ഏല്‍പ്പിക്കുകയും ചെയ്തു.അല്‍പം അകലെയുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി അര കന്നാസ് വെള്ളം വീതം തലയില്‍ ചുമന്ന് കൊണ്ട് വന്ന് പാത്രങ്ങള്‍ നിറക്കുമ്പോള്‍ പിടലി ഒടിഞ്ഞ് വീഴുന്നത് പോലെ തോന്നിയെങ്കിലും എല്ലാം സഹിച്ച് മാമ അവിടെ തന്നെ പിടിച്ച് നിന്നു.
കുറച്ച് ദിവസം പിന്നിട്ടപ്പോള്‍ അതിശക്തമായ വയറിളക്കവും ഛര്‍ദിയും കാരണം അവശനിലയിലായ മാമയെ കടയുടമ അടുത്ത് തന്നെയുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചിട്ട് സ്ഥലം വിട്ടു. ആശുപത്രിയിലെ പരിശോധനകളില്‍ കോളറയാണ് ബാധിച്ചതെന്ന് സ്ഥിതീകരിച്ച് അനാഥനായ കുട്ടിയെആശുപത്രി അധികൃതര്‍ തണ്ടാര്‍പേട്ടുള്ള കോളറ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സകള്‍ നല്‍കി രക്ഷപ്പെടുത്തിയെടുത്തു. ഓറഞ്ചും ആപ്പിളുമൊക്കെയായി മറ്റുള്ള രോഗികളെ സൗര്‍ശിക്കാന്‍ ധാരാളം ആള്‍ക്കാരെത്തുമ്പോള്‍ ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടിയോട് മറ്റുള്ളവര്‍ക്ക് അനുകമ്പ തോന്നുകയും കഴിക്കുന്നതിന്റെ ഒരു പങ്ക് പങ്കിടുകയും ചെയ്തു. ഇതിനോടകം വീടിന്റെ അഡ്രസ്സ് മാമ ആശുപത്രി അധികൃതര്‍ക്ക് നല്‍കുകയും അവര്‍ നാട്ടിലേക്ക് ടെലഗ്രാം അയക്കുകയും ചെയ്തിരുന്നു.
മാമയെ കുറിച്ച് യാതൊരു വിവരങ്ങളുമറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് നാട്ടില്‍ ടെലഗ്രാം ലഭിക്കുന്നത്. ഉടന്‍ തന്നെ മൈസൂരിലുള്ള മൂത്ത സഹോദരന് (കബീര്‍ മാമ) മുട്ടന്‍ വാപ്പ ടെലഗ്രാം ചെയ്ത് വിവരങ്ങള്‍ അറിയിച്ചു. കബീര്‍ മാമ മദ്രാസിലേക്ക് തിരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാമയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയുടെ പുറത്തെത്തിയ മാമ ഭാഷയറിയാതെ വീണ്ടും ഒറ്റപ്പെട്ടതറിഞ്ഞ് നിന്ന് കരയാന്‍ തുടങ്ങി. കരച്ചിലിന്റെ കാരണമന്വേഷിച്ചെത്തിയവര്‍ മാമ പറഞ്ഞതനുസരിച്ച് ചെന്നെ എഗ്മോറിലുള്ള നാസ് പ്രകശ് ഹോട്ടലിനടുത്തേക്ക് വണ്ടി കയറ്റിവിട്ടെങ്കിലും പിന്നെയും വഴിതെറ്റി മാമ കരയാന്‍ തുടങ്ങി. അവിടെ മാമയുടെ സഹായത്തിനായി എത്തിയത് അതുവഴി പോയ ഒരു സൈക്കിള്‍ യാത്രക്കാരനാണ്. ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നിട്ടും സുഖം പ്രാപിച്ച് വീണ്ടും തന്നെ തിരഞ്ഞെത്തിയ കുട്ടിയെ കടയുടമ ഇപ്രാവശ്യം ശരിക്കും ഹൃദയത്തോട് ചേര്‍ത്തു. പൈസ വാങ്ങിയിടുന്ന പണി മാത്രം നല്‍കി മാമക്ക് ജോലിയിലും സ്ഥാനക്കയറ്റം നല്‍കി സ്‌നേഹം പ്രകടിപ്പിച്ചു. വളരെ സുന്ദരമായ ദിവസങ്ങളായിരുന്നു അത്.

പതിവുപോലെ ഒരു ദിവസം കടയിലേക്ക് ആവശ്യമായ സാധനങ്ങളുടെ കണക്കെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് കബീര്‍ മാമ അനിയനെ തിരഞ്ഞ് അവിടേക്കെത്തുന്നത്. മൂത്ത സഹോദരനെ മാമക്ക് പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇത് തന്റെ മൂത്ത സഹോദരന്‍ തന്നെയോ എന്ന സംശയവും മാമയില്‍ ഉടലെടുത്തു. അപ്പോള്‍ ആ പ്രദേശത്ത് പണി നടക്കുന്ന പാലത്തിന്റെ ബലത്തിനായി കുട്ടികളെ കുരുതി നല്‍കി പാലത്തിനടിയില്‍ കുഴിച്ചുമൂടുന്നു എന്ന വാര്‍ത്ത പരന്ന സമയം കൂടിയായിരുന്നു അത്. തന്നെയും കൊന്ന് കുരുതി നല്‍കുമോ എന്ന് ഭയന്ന് കടയിലെ ജോലിക്കാരിയായ സ്ത്രീ വഴി കബീര്‍ മാമയെ ഒന്ന് പരീക്ഷിക്കാന്‍ മാമ തീരുമാനിച്ചു. നാട്ടില്‍ എവിടെയാണ് വീടെന്നും എത്ര മക്കളുണ്ടെന്നും അവരുടെ പേര് എന്തൊക്കെയാണന്നും ചോദിക്കാന്‍ പറഞ്ഞതനുസരിച്ച് സ്ത്രീ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കബീര്‍ മാമ കൃത്യമായി ഉത്തരം പറഞ്ഞപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് തന്റെ സഹോദരന്‍ തന്നെയെന്ന് ഉറപ്പിച്ച് ചെന്നെയിലെ ജോലി മതിയാക്കി സഹോദരനോടൊപ്പം മാമ മൈസൂരിലേക്ക് പോയി.
അവിടെ കരാറനുസരിച്ച് വാര്‍ക്കപ്പണി ചെയ്യുകയായിരുന്ന കബീര്‍ മാമക്കും സഹ തൊഴിലാളികള്‍ക്കും ഭക്ഷണം പാകം ചെയ്ത് കൊടുത്തും പണി സ്ഥലത്ത് ചെറിയ സഹായങ്ങള്‍ ചെയ്ത് കൊടുത്തുംകുറച്ച് നാള്‍ നിന്നപ്പോള്‍ മാമക്ക് അവിടെയും മടുത്ത് ബാഗ്ലൂരിലേക്ക് പോകണമെന്ന ആഗ്രഹമുദിച്ചു. ബാംഗ്ലൂര്‍ യാത്രയെ എതിര്‍ക്കുമെന്ന് ഭയന്ന് നാട്ടിലേക്ക് പോകണമെന്ന് മാമ ആവശ്യം ഉന്നയിച്ചപ്പോള്‍ കബീര്‍ മാമ അതിനെ എതിര്‍ക്കുകയും അടിക്കുകയുമൊക്കെ ചെയ്തു. അന്ന് രാത്രി കബീര്‍ മാമ ഉറങ്ങുമ്പോള്‍ വീടിന് പുറത്ത് കടന്ന്അടുത്ത് തന്നെയുള്ള റെയില്‍വേസ്റ്റേഷനില്‍ നിന്നും രാത്രി പന്ത്രണ്ടുമണിക്ക് വീണ്ടും കള്ളവണ്ടി കയറി ബെംഗളൂരുവിൽ ചെന്നിറങ്ങിയ മാമ അവിടെ കുറേ അലഞ്ഞ് നടന്നതിന് ശേഷം സെക്കന്റ് മെയിന്‍ റോഡിലുണ്ടായിരുന്ന മണീസ് ഹോട്ടലില്‍ ഒരു ജോലി തരപ്പെടുത്തിയെടുത്തു.
കൂടുതൽ പ്രീമിയം ലേഖനങ്ങളും ഓർമക്കുറിപ്പുകളും അനുഭവങ്ങളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
ടേബിളിന്റെ പുറം തുടയ്ക്കലും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കുടിക്കാനായി വെള്ളം പകര്‍ന്ന് കൊടുക്കുന്നതുമൊക്കെയായിരുന്നു ജോലിയെങ്കിലും ബുദ്ധിമുട്ട് കൂടാതെ ബെംഗളൂരു ദിനങ്ങള്‍ കടന്ന് പോയിക്കൊണ്ടിരുന്നപ്പോഴാണ് കന്നടക്കാരന്റെ രൂപത്തില്‍ വീണ്ടും കഷ്ടകാലംതുടങ്ങിയത്. ദിവസവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്ന കന്നടക്കാരന്‍ ഭക്ഷണം കഴിച്ചതിനുശേഷം പാത്രത്തിലേക്ക് കൈ കഴുകി ഒഴിക്കുന്നത് പതിവായപ്പോള്‍ ഇനി അങ്ങനെ ആവര്‍ത്തിക്കരുതെന്ന് പല പലപ്രാവശ്യം മാമ വിലക്കിയെങ്കിലും പതിവ് പോലെ പൊറോട്ടയും കുറുമയും കഴിച്ച് പ്ലെയ്റ്റിലേക്ക് കൈ കഴുകി ഒഴിച്ച കന്നടക്കാരന്റെ തലയിലേക്ക് മാമ പ്ലെയിറ്റും വെള്ളവുമെടുത്ത് ഒരൊറ്റയടി വെച്ച് കൊടുത്തു. അത് ആകെ പ്രശ്‌നമായി. കണ്ണിലേക്ക് ഒലിച്ചിറങ്ങിയ എരുവില്‍ പുകഞ്ഞ് ചീറി നിന്ന കന്നടക്കാരന്റെ മുഖം കഴുകി മാമയോട് അകത്തേക്ക് പോകാന്‍ കടയുടമ പറഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ അവിടെ തീര്‍ന്നില്ല.
കൂട്ടമായെത്തിയ കന്നടക്കാര്‍ പ്രശ്‌നം വഷളാക്കുകയും മാമയെ തിരയുകയും ചെയ്യുന്നത് കണ്ട് പിന്‍വശത്തെ മതില് ചാടി വീണ്ടും കള്ളവണ്ടികള്‍ കയറി മാമ യാത്ര ചെയ്ത് കൊണ്ടേയിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ അലഞ്ഞ് നടക്കുകയും പല ജോലികളും ചെയ്യുകയുമൊക്കെ ചെയ്ത് നാട്ടിലെത്തുമ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഇടക്ക് ഒന്നോ രണ്ടോ കത്തുകള്‍ നാട്ടിലേക്കെഴുതി താന്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നൊരു അടയാളം മാമ നല്‍കിയിരുന്നു. നാട്ടിലെത്തിയ ശേഷം ചവറയില്‍ ഹോട്ടല്‍ ജോലിക്ക് നിന്ന മാമയെ മീനെടുക്കാന്‍ ഹാര്‍ബറില്‍ വന്ന കച്ചവടക്കാരന്‍ കാണുകയും മുട്ടനുമ്മയോട് ചെന്ന് പറയുകയും ചെയ്തു. കൈക്കുഞ്ഞുമായി ചവറയിലെത്തിയ മുട്ടനുമ്മ മാമയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതില്‍ പിന്നെ ഒരിക്കലും ഹോട്ടല്‍ ജോലിക്ക് മാമ പോയിട്ടില്ലെങ്കിലും അനുഭവങ്ങളുടെ കരുത്ത് കൊണ്ട് മാമ പിന്നെയും യാത്രകള്‍ ചെയ്ത് കൊണ്ടേയിരുന്നു. പിന്നെയും പല ജോലികളും ചെയ്തു. തന്നിഷ്ടപ്രകാരം ജീവിച്ച് ജീവിതത്തെ കാവ്യാത്മകമാക്കി. ഒരോ ഇറങ്ങി പോക്കുകളും വിശപ്പുകൊണ്ട് ഉറങ്ങാന്‍ കഴിയാതെ കിടന്ന രാത്രികളും ഒരോ ഉള്‍വിളികളായി പില്‍ക്കാലത്ത് മാമ ദൈവത്തോട്കൂടുതല്‍ അടുത്തു. ചുഴിയും കയങ്ങളുമുള്ള പുഴയായി ഒഴുകി എഴുപത് വയസ്സിലേക്കെത്തുമ്പോഴും ഇന്നും മാമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഊര്‍ജ്ജസ്വലത ഉള്‍ക്കരുത്തിന്റേത് തന്നെയാവണം.
Content Highlights: jaseena rahim writes about her bangalore journey and her uncles memories
Published: 06 Oct 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented