
പാരീസിലെ ഈഫല്‍ ഗോപുരത്തേക്കാളും ഉയരത്തില്‍ കെട്ടിപ്പടുത്ത സ്വപ്‌നങ്ങളെല്ലാം ഒരൊറ്റ രാത്രികൊണ്ട് തകര്‍ന്ന് തരിപ്പണമാകുക. 141 കോടി ജനങ്ങളുടെ പ്രതീക്ഷയും പ്രാര്‍ഥനയുമെല്ലാം 100 ഗ്രാം ഭാരക്കണക്കില്‍ തുലാസിലാടുക. ഒളിമ്പിക്‌സില്‍ ഒരു മെഡലിസ്റ്റ് എന്ന സ്വപ്‌നത്തിലേക്ക് താണ്ടിയ ദൂരങ്ങളും ഉറക്കം നഷ്ടപ്പെടുത്തിയ രാത്രികളും ദുഃസ്വപ്‌നമായി അവശേഷിക്കുക. ഒരു കായികതാരത്തെ സംബന്ധിച്ച് നിരാശയുടെ ഗര്‍ത്തത്തിലേക്ക് ആണ്ടുപോകാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട. കരഞ്ഞു കലങ്ങിയ കണ്ണുകളും ചിന്തിച്ചുകൂട്ടിയുണ്ടാക്കിയ വിഷാദകാലവുമാകും അവരെ കാത്തിരിപ്പുണ്ടാകുക. ഒന്നും സാരമില്ലെന്നും കരയേണ്ടെന്നും പറഞ്ഞ് ചേര്‍ത്തുപിടിക്കാനും തല ചായ്ച്ച് സമാധാനത്തോടെ ഉറങ്ങാനും ഒരു പിന്തുണയാകും ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുണ്ടാകുക.
ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വാസത്തില്‍ നിലനിര്‍ത്തുന്നത് അങ്ങനെയൊരു കൂട്ടാണ്. കഴിഞ്ഞ 14 വര്‍ഷമയി വിനേഷിനൊപ്പം താങ്ങും തണലുമായി ആ സൗഹൃദം കൂടെയുണ്ട്. ദേശീയ ഗുസ്തി ചാമ്പ്യനായ സോമവീര്‍ റാഠി. ആദ്യം സുഹൃത്തായും പിന്നീട് കാമുകനായും തന്റെ ജീവിതത്തിന് സന്തോഷം പകര്‍ന്ന സോമവീറിനെ വിനേഷ് ജീവിതപങ്കാളിയാക്കുന്നത് 2018 ഡിസംബര്‍ 13-നാണ്. ഒരു ബോളിവുഡ് പ്രണയ സിനിമയുടെ സ്‌ക്രിപ്റ്റുപോലെ സീനുകളും ട്വിസ്റ്റും ക്ലൈമാക്‌സുമുള്ള ലൗ സ്‌റ്റോറി.
വെടിയേറ്റ് മരിച്ച അച്ഛന്‍
പെണ്‍ ഭ്രൂണഹത്യയ്ക്ക് പേരുകേട്ട ഹരിയാനയിലെ ഉള്‍ഗ്രാമമായ ബലാലിയില്‍ നിന്ന്, ആണ്‍കോയ്മയ്ക്ക് പേരുകേട്ട ഗോദയിലേക്കുള്ള വിനേഷിന്റെ യാത്ര തുടങ്ങുന്നത് ഏഴാം വയസിലാണ്. അച്ഛന്‍ രാജ്പാല്‍ ഫോഗാട്ടിന്റെ കൈപിടിച്ചായിരുന്നു വിനേഷ് ആദ്യമായി ഗോദയിലിറങ്ങിയത്. മകള്‍ ലോകമറിയുന്ന ഒരു ഗുസ്തി താരമാകണം എന്നതായിരുന്നു രാജ്പാലിന്റെ ആഗ്രഹം. അമ്മ പ്രേമലതയും എതിര്‍പ്പൊന്നും പറഞ്ഞില്ല.
എന്നാല്‍ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. എട്ടാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ട കുട്ടിയായി വിനേഷ് മാറി. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു തര്‍ക്കത്തിനൊടുവില്‍ രാജ്പാല്‍ വെടിയേറ്റ് മരിച്ചു. അന്ന് അച്ഛനെ നഷ്ടപ്പെട്ട വേദന തിരിച്ചറിയാനുള്ള പക്വത വിനേഷിനില്ലായിരുന്നു. പിന്നീട് ഹൈസ്‌ക്കൂള്‍ ക്ലാസിലെത്തിയപ്പോഴാണ് അമ്മയുടെ കരച്ചിലിന് പിന്നിലെ സങ്കടം താന്‍ തിരിച്ചറിഞ്ഞതെന്നും അന്ന് മുതല്‍ തനിക്ക് ശൂന്യത അനുഭവപ്പെട്ടെന്നും വിനേഷ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
അച്ഛനില്ലാത്തതായതോടെ ജീവിതത്തിന്റെ സുരക്ഷിതത്വം നഷ്ടപ്പെട്ട വിനേഷിനേയും അനിയത്തി പ്രിയങ്കയേയും വല്ല്യച്ഛന്‍ മഹാവീര്‍ സിങ് കൂടെക്കൂട്ടി. തന്റെ പെണ്‍മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവർക്കൊപ്പം അവരേയും മഹാവീര്‍ ഗോദയിലേക്കിറക്കി. ഗുസ്തിയില്‍ പുതിയ സ്വപ്നങ്ങൾ കാണാന്‍ പഠിപ്പിച്ചു. പുലര്‍ച്ചെ നാല് മുതല്‍ തുടങ്ങുന്ന പരിശീലനം ദിവസവും ആറു മണിക്കൂറോളം നീണ്ടുനില്‍ക്കും. 'ഒരു ഒളിമ്പിക് മെഡല്‍ വേണമെന്ന് വല്ല്യച്ഛന്‍ എപ്പോഴും പറയും. പക്ഷേ അന്ന് ഞങ്ങള്‍ക്ക് അത് എന്താണെന്ന് അറിയില്ലായിരുന്നു. ഈ ഒളിമ്പിക്‌സ് ആരാണെന്ന് ഞങ്ങള്‍ പരസ്പരം അത്ഭുതത്തോടെ ചോദിക്കും. എത്രയും വേഗം ഒളിമ്പിക് സ്വന്തമാക്കി വല്ല്യച്ഛന്റെ കഠിന പരിശീലനത്തില്‍ നിന്ന് രക്ഷപ്പെടണം എന്നാണ് അന്ന് ആഗ്രഹിച്ചിരുന്നത്.'- കുറച്ച് വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വിനേഷ് കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

പ്രണയത്തിന്റെ ലൊക്കേഷനായി ഇന്ത്യന്‍ റെയില്‍വേ
പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ഭാവമുള്‍ക്കൊള്ളുന്ന കൗമാര കാലത്താണ് സോമവീറിനെ വിനേഷ് കണ്ടുമുട്ടുന്നത്. അന്ന് വിനേഷ് ഇന്ത്യന്‍ റെയില്‍വേയിലെ ജോലി തുടങ്ങിയിട്ട് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഒരു വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ടിടിഇയുടെ കറുപ്പ് കോട്ടും സ്യൂട്ടുമണിഞ്ഞ് നില്‍ക്കുന്ന സോമവീറില്‍ വിനേഷിന്റെ കണ്ണുടക്കി. അന്ന് വിനേഷിന് 18ഉം സോമവീറിന് 23ഉം ആയിരുന്നു പ്രായം. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന് വിനേഷ്.
ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സോമവീറിനെ മാധ്യമങ്ങളിലൂടേയും സുഹൃത്തുക്കളുടെ വാക്കുകളിലൂടെയുള്ള പരിചയം അന്ന് വിനേഷിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ടയുടനെ ഓടിച്ചെന്ന് സംസാരിച്ചു. രണ്ടു പേരും ഗുസ്തി പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു. ഒരുമിച്ച് ചായ കുടിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്.
പിന്നീട് ഇടയ്ക്കിടെ ഇരുവരും കണ്ടുമുട്ടി. പലപ്പോഴും ജോലിസംബന്ധമായ കാര്യങ്ങളില്‍ ഔദ്യോഗികമായി സംസാരിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. ഡല്‍ഹിയില്‍ ഏഷ്യന്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പ് വന്നു. അന്ന് വെങ്കലം നേടി വിനേഷ് തന്റെ ആദ്യ അന്താരാഷ്ട്ര മെഡല്‍ കഴുത്തിലണിഞ്ഞു. അപ്പോഴെല്ലാം അഭിനന്ദനങ്ങള്‍ നിറഞ്ഞ സോമവീറിന്റെ മെസ്സേജ് വിനേഷിനെ തേടിയെത്തി. പതുക്കെ ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു. ഒരുമിച്ചുള്ള ജീവിതം മനോഹരമായിരിക്കുമെന്ന് ഇരുവരും തിരിച്ചറിഞ്ഞു. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന റെയില്‍പാളം പോലെ അവരുടെ പ്രണയം വര്‍ഷങ്ങളോളം നീണ്ടുനിന്നു. അതിനിടയില്‍ ഗ്ലാസ്‌ഗോ കോണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ദോഹ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വിനേഷ് സ്വന്തമാക്കിയിരുന്നു. റിയോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതയും വിനേഷ് നേടിയെടുത്തു. പക്ഷേ, പരിക്കുമൂലം ഒളിമ്പിക്‌സിലെ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. വേദന കൊണ്ട് പുളഞ്ഞ വിനേഷിന് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അന്ന് സോമവീറിന്റെ പിന്തുണയായിരുന്നു താരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്.
വിമാനത്താവളത്തില്‍ പ്രൊപ്പോസല്‍
'എന്റെ പ്രണയിനിയെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. എനിക്ക് അറിയാവുന്നതില്‍വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ. ഈ മെഡലിന് അഭിനന്ദനങ്ങള്‍. ഇത് നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം.'- 2017-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ അണിഞ്ഞ് പോഡിയത്തില്‍ നില്‍ക്കുന്ന വിനേഷിന്റെ ചിത്രം പങ്കുവെച്ച് സോമവീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്. സോമവീറിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആദ്യ ഔദ്യോഗിക പ്രഖ്യാപനം കൂടിയായിരുന്നു ആ പോസ്റ്റ്. പിന്നീട് വിനേഷിന്റെ ഓരോ മെഡല്‍ നേട്ടത്തിലും അഭിനന്ദിച്ചുള്ള സോമവീറിന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

2018 വിനേഷിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷമായിരുന്നു. റിയോയിലെ പരിക്കിന്റെ നിരാശ പാടെ മായ്ച്ചുകളഞ്ഞ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും താം സ്വര്‍ണം സ്വന്തമാക്കി. ജക്കാര്‍ത്തയിലെ സ്വ്പന നേട്ടത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ വിനേഷിനെ സോമവീര്‍ കാത്തുനിന്നത് ഒരു ബൊക്കയും മോതിരവുമായിട്ടായിരുന്നു.
പുറത്തിറങ്ങിയ വിനേഷിന് മുന്നില്‍ മുട്ടുകുത്തി നിന്ന് സോമവീര്‍ ജീവിതത്തിലേക്ക് ക്ഷണിച്ചു. മോതിരം വിനേഷിന് നേരെ നീട്ടി. അപ്രതീക്ഷിതമായ ആ പ്രണയനിമിഷത്തില്‍ വിനേഷിന്റെ കണ്ണില്‍ സന്തോഷക്കണ്ണീര് പൊടിഞ്ഞു. സോമവീറിന് നേരെ വിരല്‍ നീട്ടി മോതിരം സ്വീകരിച്ചു. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. അതേ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരായി.
വിവാഹത്തിലും വിപ്ലവം
ഏറ്റവും ലളിതമായ രീതിയില്‍ വിവാഹം നടത്താനായിരുന്നു വിനേഷിന്റേയും സോമവീറിന്റേയും ആഗ്രഹം. വിനേഷിന്റെ നാടായ ബലാലിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിലായിരുന്നു വിനേഷിന്റെ ഔട്ട്ഫിറ്റ്. പേസ്റ്റല്‍ ഓറഞ്ച് നിറത്തിലുള്ള ഷെര്‍വാണിയാണ് സോമവീര്‍ തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ സോമവീറിന്റെ നാടായ ഗഡ്‌വാലി ഖേദയില്‍ വിവാഹ വിരുന്നും ഒരുക്കി.
സഹോദരിമാരായ ബബിതയും സംഗീതയുമെല്ലാം ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍മാരെ വിവാഹ വസ്ത്രത്തിനായി ആശ്രയിച്ചപ്പോള്‍ സാധാരണ ഒരു ലെഹങ്കയിലാണ് വിനേഷ് വിവാഹദിവസമെത്തിയത്. ഏഴ് തവണ അഗ്നിയെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്ത വിനേഷും സോമവീറും ഒരു പ്രതിജ്ഞ കൂടി അധികമെടുത്തു. 'പെണ്‍മക്കളെ സംരക്ഷിക്കുക, പെണ്‍മക്കളെ പഠിപ്പിക്കൂ, അവരെ കളിക്കാന്‍ അനുവദിക്കുക' എന്നതായിരുന്നു എട്ടാമത്തെ ആ പ്രതിജ്ഞ.
വിവാഹത്തിന് രണ്ടാഴ്ച്ച മുമ്പ് നടക്കുന്ന 'ഷഗുന്‍' ചടങ്ങിലും ഇരുവരും വ്യത്യസ്തത കൊണ്ടുവന്നു. വധുവിന്റെ അച്ഛന്‍ വരന്റെ വീട്ടിലെത്തി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി വിവാഹം ഉറപ്പിക്കുന്നതാണ് ഷഗുന്‍. എന്നാല്‍ വിനേഷിന്റെ വിവാഹത്തിന് ഒരു രൂപയാണ് ഷഗുന്‍ ആയി നല്‍കിയത്. അത് ഇരുവരുടേയും നിര്‍ബന്ധം കൂടിയായിരുന്നു. ആ തീരുമാനത്തെ എതിര്‍ക്കാന്‍ ഇരുവരുടേയും വീട്ടുകാര്‍ക്കുമായില്ല.

രണ്ട് ഒളിമ്പിക്‌സുകളിലെ നിരാശയും സമരത്തിന്റെ ചൂടും
റിയോ ഒളിമ്പിക്‌സില്‍ ഏറെ പ്രതീക്ഷകളുമായെത്തിയ വിനേഷിന് ക്വാർട്ടറിനപ്പുറം കടയ്ക്കാനായിരുന്നില്ല. ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ് സ്‌ട്രെച്ചറില്‍ വിനേഷിനെ ഗോദയില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ അതിനൊപ്പം അവരുടെ സ്വപ്‌നങ്ങളുമുണ്ടായിരുന്നു. റിയോയിലെ നിരാശ മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെയാണ് ടോക്യോ ഒളിമ്പിക്‌സിലേക്ക് വിനേഷ് വിമാനം കയറിയത്. തൊട്ടു മുമ്പത്തെ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവും വിനേഷിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, അവിടേയും യാത്ര ക്വാര്‍ട്ടറില്‍ അവസാനിച്ചു. അന്ന് കടുത്ത നിരാശയിലാണ് താരത്തെ കണ്ടത്. 'എന്റെ ശരീരം തളര്‍ന്നിട്ടില്ല. പക്ഷേ ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്നിരിക്കുന്നു. ഞാന്‍ ഒരു ഇടവേളയെടുക്കുകയാണ്. കൂടുതല്‍ കരുത്തോടെ തിരിച്ചെത്തും.'- അന്ന് മാധ്യമങ്ങളോട് വിനേഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇതിന് പിന്നാലെ വീണ്ടും വിനേഷിന്റെ കരിയറില്‍ കരിനിഴല്‍ വീണു. ഇന്ത്യന്‍ ടീമംഗത്തോടൊപ്പം പരിശീലനം ചെയ്യാന്‍ വിസമ്മതിച്ചതും ഇന്ത്യയുടെ ഔദ്യോഗിക യൂണിഫോം ഒളിമ്പിക് വില്ലേജില്‍ ധരിക്കാത്തതും ചൂണ്ടിക്കാട്ടി വിനേഷിനെ ഇന്ത്യന്‍ ഗുസ്തി ഫെഡറഷേന്‍ സസ്‌പെന്റ് ചെയ്തു. അന്ന് ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സുമായി കരാറുണ്ടായിരുന്ന വിനേഷ് അവരുടെ ജഴ്‌സിയാണ് ധരിച്ചിരുന്നത്. ഇതോടെ ജെഎസ്ഡബ്ല്യുയുമായുള്ള കരാറില്‍ നിന്ന് താരം ഒഴിവാക്കപ്പെടുകയും ഫെഡറേഷന് മാപ്പ് ചോദിച്ചുള്ള കത്ത് അയക്കേണ്ടിവരികയും ചെയ്തു. ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിട്ടതോടെ വിനേഷിന്റെ കരുത്ത് മുഴുവന്‍ ചോര്‍ന്നിരുന്നു. ഗുസ്തി തന്നെ മതിയാക്കിയാലോ എന്നുവരെ അവര്‍ ചിന്തിച്ചു. അന്നെല്ലാം കരുത്ത് പകര്‍ന്ന് കൂടെ നിന്നത് സോമവീറാണ്. മാനസിക സമ്മര്‍ദങ്ങള്‍ മറികടന്ന് വിനേഷിന് ചുറ്റും മനോഹരമായൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സോമവീര്‍ കഠനിധ്വാനം ചെയ്തു. അങ്ങനെ 2022-ലെ ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയും ബെല്‍ഗ്രേഡ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയും വിനേഷ് വീണ്ടും ഗോദയിലേക്ക് തിരിച്ചെത്തി.
അവിടെ നിന്ന് സമരച്ചൂടിലേക്കാണ് വിനേഷും സോമവീറും നടന്നുകയറിയത്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോരാട്ടത്തില്‍ സാക്ഷി മാലിക്കിനും ബജ്‌രംഗ് പുനിയയ്ക്കുമൊപ്പം ഇരുവരും മുന്നില്‍തന്നെ അണിനിരന്നു. ഈ സമരച്ചൂടിനിടയില്‍ പരിശീലനവും പാരീസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പും വിനേഷിന് നഷ്ടമായി. ഏഷ്യന്‍ ഗെയിംസിനും ലോ ചാമ്പ്യന്‍ഷിപ്പിനും സ്വീഡനില്‍ പരിശീലനത്തിന് പോകാന്‍ കഴിഞ്ഞില്ല. ഇഷ്ട ഇനമായ 53 കിലോഗ്രാം വിഭാഗത്തില്‍ യുവതാരം അംഗിത് പംഗല്‍ ഫെഡറേഷന്‍ ക്വാട്ട നല്‍കിയതോടെ വിനേഷ് വീണ്ടും തിരിച്ചടിയായി. എന്നാല്‍ 50 കിലോഗ്രാമില്‍ മത്സരിക്കാമെന്ന് വിനേഷിനെ ഉപദേശിച്ചതും ആത്മവിശ്വാസം പകര്‍ന്നതും സോമവീറാണ്.
ഇതിനായി ഭാരം കുറയ്ക്കുകയാണ് വിനേഷ് ആദ്യം ചെയ്തത്. 59 കിലോഗ്രാമില്‍ നിന്ന് കൃത്യമായ ഡയറ്റിലൂടേയും ഫിറ്റ്‌നസ് ട്രെയ്‌നിങ്ങിലൂടേയും 50 കിലോയിലെത്തി. പിന്നാലെ കിര്‍ഗിസ്താനില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് പാരീസിലേക്ക് ടിക്കറ്റെടുത്തു. ഒരൊറ്റ പോയിന്റ് പോലും തോല്‍ക്കാതെയായിരുന്നു വിനേഷിന്റെ പോരാട്ടം. തുടര്‍ച്ചയായി മൂന്ന് ഒളിമ്പുകളില്‍ യോഗ്യത നേടുന്ന ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടവും അവര്‍ സ്വന്തമാക്കി.

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷിന്റെ തീരുമാനം വൈകാരികമായിട്ടാണ് സോമവീര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കാണുന്നത്. വീട്ടില്‍ തിരിച്ചെത്തിയശേഷം തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
'10 വര്‍ഷം മുമ്പ് ഞാന്‍ നിന്നെ ആദ്യമായി കണ്ട നാള്‍ മുതല്‍ ഇന്നുവരെ ഓരോ പ്രതീക്ഷയിലും നീ എന്റെ ജീവിതം മാറ്റിമറിച്ചു. നിന്നോടൊപ്പമുള്ള ഓരോ ദിവസവും ഒരു പുതിയ ദിവസമായി തോന്നുന്നു ഇത്രയും കാലം ഞങ്ങള്‍ ഒരുമിച്ചാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.. നിനക്ക് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ നിനക്കൊപ്പം ഉണ്ടാകും, ഞാന്‍ അത് തുടരും. എന്റെ ഏറ്റവും നല്ല സുഹൃത്തായതിനും എന്നെ തിരഞ്ഞെടുത്തതിന് നന്ദി'-ആദ്യ വിവാഹ വാര്‍ഷികത്തിന് വിനേഷിന്റെ കൈചേര്‍ത്തുപിടിച്ച് സോമവീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണിത്. ഇതിലെ വാക്കുകള്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിനേഷിന് ആവശ്യമുള്ളപ്പോഴെല്ലാം ചേര്‍ത്തുപിടിച്ച് സോമവീര്‍ കൂടെയുണ്ട്. ഗോദയിലെ മത്സരമാണെന്നോ തെരുവിലെ പോരാട്ടമാണെന്നോ ഉള്ള വ്യത്യാസം ആ സ്‌നേഹത്തിലില്ല.
Content Highlights: indian wrestler vinesh phogat and somvir rathee love story
Published: 13 Aug 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented