പാഷന് അഥവാ അഭിനിവേശം എന്ന വാക്ക് തന്നെ വലിയൊരു പ്രചോദനമാണ്. അതൊരുപക്ഷേ നിങ്ങളുടെ ഹോബിയോ സ്വപ്നമോ ആവാം.

'Always follow your passion'
എല്ലായ്‌പ്പോഴും നിങ്ങളുടെ പാഷനെ പിന്തുടരുക മനഃശാസ്ത്രവിദഗ്ധരും മോട്ടിവേഷണൽ സ്പീക്കേഴ്സും പരിശീലകരുമെല്ലാം നമ്മോട് സ്ഥിരമായി പറയുന്ന വാചകം. 'നിങ്ങൾ ഇഷ്ടപ്പെടുന്ന, നിങ്ങൾക്ക് പാഷനുള്ള ഒരു ജോലി കണ്ടെത്തുക, എങ്കിൽ ജീവിതത്തിൽ ഒരു ദിവസം പോലും ഭാരിച്ച ഒരു ജോലി ചെയ്യുന്നതായി നിങ്ങൾക്ക് അനുഭവപ്പെടില്ല' എന്നൊരു ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. സംഗതി കേൾക്കാനും പറയാനും വളരെ എളുപ്പമാണ്. എന്നാൽ പാഷൻ കണ്ടെത്തുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല.
കൗൺസിലിങ് മുറികളിൽ എത്തുന്ന പലരും പങ്കുവെക്കുന്ന ഒരു സങ്കടമുണ്ട്, സ്വന്തം കഴിവെന്താണെന്നോ താൽപ്പര്യമെന്താണെന്നോ തിരിച്ചറിയാനാകാതെ, ഒട്ടും താല്പര്യമില്ലാത്ത ജോലികളിൽ കുടുങ്ങിക്കിടന്ന് വീർപ്പുമുട്ടുകയാണെന്ന്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ജീവിതവസാനം വരെ ചെയ്യുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. അത് നമ്മുടെ സന്തോഷം കെടുത്തും എന്നുമാത്രമല്ല, നമ്മുടെ യഥാർത്ഥ കഴിവുകൾ എവിടെയാണെന്ന് തിരിച്ചറിയാനാകാതെ പോകാനും കാരണമാകും.
പാഷനെ മനസ്സിലാക്കാം
പാഷൻ അഥവാ അഭിനിവേശം എന്ന വാക്ക് തന്നെ വലിയൊരു പ്രചോദനമാണ്. അതൊരുപക്ഷേ നിങ്ങളുടെ ഹോബിയോ സ്വപ്നമോ ആവാം. ചില ഉദാഹരണങ്ങളിലൂടെ നമുക്കിതിനെ വ്യക്തമാക്കാം. പാട്ടുകാരനാകാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി, കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം സംഗീത ക്ലാസ്സുകളിൽ ചേരാൻ കഴിയാതെ വരുമ്പോൾ, സ്വപ്നം പൂർത്തീകരിക്കാൻ ഒഴിവുസമയങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുകയും പഠനത്തോടൊപ്പം സംഗീതത്തിലും അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അവന്റെ ഈ അർപ്പണബോധത്തെ നമുക്ക് പാഷൻ എന്ന് വിളിക്കാം.
മറ്റൊരു ഉദാഹരണം നോക്കാം. ജോലി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീ, വീടും ജോലിയുമൊക്കെയായി ഒരുപാട് ഉത്തരവാദിത്തങ്ങൾക്കിടയിലും തനിക്ക് ഏറെ താല്പര്യമുള്ള കലാപരമായ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നു. അതിനുവേണ്ടി രാത്രി വൈകി ഉറങ്ങുകയും ഉറക്കസമയം വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോഴും അവൾക്ക് യാതൊരു ബുദ്ധിമുട്ടോ ക്ഷീണമോ അനുഭവപ്പെടുന്നില്ല. ബാഹ്യമായ യാതൊരു പ്രതിഫലവുമില്ലാതെ, ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം നാം ചെയ്യുന്ന ഇത്തരം കാര്യങ്ങളാണ് യഥാർത്ഥത്തിൽ പാഷൻ.
ഹോബിയും പാഷനും ഒന്നാണോ?
വിനോദത്തിനുവേണ്ടി ഒഴിവുസമയങ്ങളിൽ നിങ്ങൾ ആസ്വദിക്കുന്ന ഒന്നിനെയാണ് നാം ഹോബി ആയി കണക്കാക്കുന്നത്. എന്നാൽ നിങ്ങളുടെ ഉള്ളിൽ എപ്പോഴും ഉറങ്ങാതെ കിടക്കുന്നതും നിങ്ങളെ ആവേശം കൊള്ളിക്കുന്നതുമായ ഒന്നാണ് പാഷൻ. പ്രതിഫലമോ, അംഗീകാരമോ പോലുള്ള റിവാർഡുകളില്ലാതെ തന്നെ ഒരു കാര്യം ചെയ്യാനും പിന്തുടരാനും നിങ്ങളെ നിർബന്ധിതരാക്കുന്ന ആന്തരിക പ്രേരണയാണത്. നാം ചെയ്യുന്ന ജോലിയും നമ്മുടെ പാഷനും ഒന്നായി മാറിയാൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അപ്പോൾ ആ ജോലിയോട് അങ്ങേയറ്റത്തെ താല്പര്യവും അത് ചെയ്യുമ്പോൾ വല്ലാത്ത സന്തോഷവും അനുഭവപ്പെടും.
മമ്മൂട്ടിയും റൊണാൾഡോയും
പാഷൻ കണ്ടെത്തി ജീവിതവിജയം കൈവരിച്ചവരെ നിരീക്ഷിച്ചാൽ, അവരെല്ലാവരും അഭിനിവേശത്തിന് മറ്റെന്തിനേക്കാളും പ്രധാന്യം നൽകിയവരാണെന്ന് കാണാം. സർക്കാർ ജോലിവരെ ഉപേക്ഷിച്ചു പാഷനായ സിനിമയ്ക്ക് പിന്നാലെ പോയി ഉന്നതവിജയം നേടിയ സംവിധായകൻ സിദ്ദിഖ് നമുക്ക് മുന്നിലുണ്ട്.എന്നാൽ പാഷന് വേണ്ടി പോരാടിയതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന് മലയാളികളുടെ അഭിമാനമായ നടൻ മമ്മൂട്ടിയുടെ ജീവിതമാണ്. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമയെന്ന പാഷന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. ശബ്ദത്തിന്റെയും രൂപത്തിന്റെയും പേരിൽ ആദ്യകാലങ്ങളിൽ പല അവഗണനകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടും, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഇന്ന് കാണുന്ന മഹാമേരുവായി വളർന്നത്.
ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതവും മറ്റൊന്നല്ല നമ്മെ പഠിപ്പിക്കുന്നത്. കേവലം സ്വാഭാവികമായ കഴിവ് മാത്രമല്ല ഒരു വ്യക്തിയെ ഉന്നതിയിലെത്തിക്കുന്നത്. ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും, ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാളായി മാറിയിട്ടും, പ്രായം തളർത്താത്ത പോരാട്ടവീര്യത്തോടെ ഇന്നും അദ്ദേഹം കളിക്കളത്തിലും ജിമ്മിലും വിയർപ്പൊഴുക്കുന്നുണ്ടെങ്കിൽ അതിന് കാരണം പണമല്ല, മറിച്ച് ഫുട്‌ബോളിനോടുള്ള അങ്ങേയറ്റത്തെ പാഷൻ മാത്രമാണ്.
പാഷൻ എങ്ങനെ കണ്ടെത്താം?
ഒരിക്കലും മറ്റൊരാൾക്ക് നമ്മുടെ പാഷൻ ഇന്നതാണെന്ന് പറഞ്ഞുതരാൻ കഴിയില്ല. ഒരിക്കൽ പോലും ക്രിക്കറ്റ് കളിക്കാത്ത ഒരാൾക്ക് തനിക്ക് ക്രിക്കറ്റിനോട് പാഷനുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ലല്ലോ. പാഷൻ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ചില പ്രധാന ചോദ്യങ്ങൾ ഇതാ:
- എന്ത് ചെയ്യുമ്പോഴാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉണർവ്വും ഉന്മേഷവും സംതൃപ്തിയും തോന്നുന്നത്?
- ഏത് പ്രവൃത്തിയിലാണ് സമയം പോയതറിയാതെ നിങ്ങൾ മുഴുകിയിരിക്കുന്നത്?
- നിങ്ങളുടെ കയ്യിൽ ആവശ്യത്തിന് പണമുണ്ടെങ്കിൽ പോലും ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം എന്താണ്?
- മറ്റുള്ളവരെക്കാളും മികച്ചതായി എനിക്ക് ചെയ്യാൻ കഴിയും എന്ന് പൂർണ്ണ ആത്മവിശ്വാസം തോന്നുന്ന കാര്യം ഏതാണ്?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് നിങ്ങളുടെ പാഷൻ ഒളിഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ സ്വാഭാവികമായ കഴിവുകളിൽ നിന്നാണ് പാഷൻ ഉണ്ടാകുന്നത്. സിനിമയോടോ ഫുട്‌ബോളിനോടോ വെറുതെ ഇഷ്ടം തോന്നിയാൽ അതൊരു പാഷനാകില്ല, അതിനുള്ള അഭിരുചി കൂടി നിങ്ങളുടെ ഉള്ളിലുണ്ടായിരിക്കണം. പാഷൻ നമ്മെ ഒരിക്കലും ബോറടിപ്പിക്കില്ല. ബോറടിപ്പിക്കുന്നുണ്ടെങ്കിൽ അത് പാഷനല്ല, പുതിയവ അന്വേഷിച്ചുകൊണ്ടിരിക്കുക.
പാഷനെ പിന്തുടരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ
ഹാപ്പി ഹോർമോണുകൾ: സ്വന്തം പാഷൻ പിന്തുടരുമ്പോൾ തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളായ ഡോപാമിൻ, ഓക്‌സിറ്റോസിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നീ ഹാപ്പി ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളെ കൂടുതൽ ഉന്മേഷവാന്മാരും സന്തോഷവാന്മാരുമാക്കുന്നു.
മാനസികാരോഗ്യം: പാഷനെ പിന്തുടരുമ്പോൾ പല തടസ്സങ്ങളും നേരിട്ടേക്കാം. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാനുള്ള ശ്രമം നിങ്ങളുടെ മാനസിക പ്രതിരോധശേഷി (ഞലശെഹശലിരല) വർദ്ധിപ്പിക്കും.
ക്രിയാത്മകത: അഭിനിവേശമുള്ള കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ കൂടുതൽ ഉയർന്ന നിലയിൽ ചിന്തിക്കാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും നിങ്ങൾക്ക് സാധിക്കും.
മറ്റുള്ളവർക്ക് പ്രചോദനം: നിങ്ങൾ കാണിക്കുന്ന ഉത്സാഹവും അർപ്പണബോധവും നിങ്ങളുടെ ചുറ്റുമുള്ളവരിലേക്ക് ക്രിയാത്മകമായി സ്വാധീനിക്കുകയും അവർക്ക് വലിയ പ്രചോദനമായി മാറുകയും ചെയ്യും.
സ്വയം അറിയാനുള്ള യാത്ര
നിങ്ങളുടെ അഭിനിവേശം കണ്ടെത്തുക എന്നത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ജീവിതത്തിലുടനീളം നമ്മുടെ ഇഷ്ടങ്ങളെന്നോണം പാഷനും മാറിയേക്കാം. സ്വന്തം പാഷൻ കണ്ടെത്തുക എന്നത് നമ്മളിലേക്ക് തന്നെയുള്ള ആഴത്തിലുള്ള ഒരു യാത്രയാണ്. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്. നമ്മുടെ ഗുണങ്ങൾ എന്തൊക്കെയാണ്, ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് സ്വയം തിരിച്ചറിയുക. തെറ്റുകളെ അംഗീകരിക്കാനും അതിൽ നിന്ന് പഠിക്കാനും തയ്യാറാവുക (Be responsible for your actions and always learn from your mistakes). നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് നമ്മൾ തന്നെയാണെന്ന ബോധ്യം നമുക്കുണ്ടാകണം.
സ്വയം മനസ്സിലാക്കുകയും സ്വയം സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് കൂടുതൽ അനായാസത്തിൽ പാഷൻ നേടിയെടുക്കാൻ സാധിക്കും. പാഷൻ കണ്ടെത്തിക്കഴിഞ്ഞാൽ അതിനൊരു വിപണന സാധ്യതയുണ്ടോ എന്നും വിലയിരുത്തുക. തുടർന്ന് അവ മികച്ചതാക്കാൻ ആവശ്യമെങ്കിൽ ഒരു പ്രൊഫഷണൽ കൗൺസിലറുടെയോ കോച്ചിന്റെയോ സഹായം തേടുകയും നിരന്തരം പരിശീലിക്കുകയും ചെയ്യുക. നിങ്ങളുടെ പാഷൻ തിരിച്ചറിഞ്ഞ് അതിനുവേണ്ടി കഠിനമായി പ്രയത്‌നിക്കുമ്പോൾ, കൂടുതൽ സംതൃപ്തമായ ഒരു ജീവിതവിജയം നിങ്ങൾക്ക് സ്വന്തമാകും തീർച്ച.
Content Highlights: Understanding the difference between a hobby and a true passion., Real-life examples of icons like Mammootty and Cristiano Ronaldo who followed their passion., Practical self-discovery questions to identify your hidden talents and interests., The mental and physical health benefits of pursuing your passion, including happy hormones.
Published: 19 Aug 2026, 12:05 pm IST
ABOUT THE AUTHOR

Anwar Karakkadan
anwarkarakkadan@gmail.comസൈക്കോളജിസ്റ്റ്, മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കർ, ചൈൽഡ്, അഡോളസെന്റ് & റിലേഷൻഷിപ്പ് കൗൺസിലർ.
കുട്ടികളുടെ സംരക്ഷണത്തിലും മാനസികാരോഗ്യ രംഗത്തും 15 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അൻവർ കാരക്കാടൻ. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (MSW), സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (MSc) നേടിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented