കഠിനമായ ഒരു ദിവസത്തിന് ശേഷം, യാത്രാക്ഷീണവും ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും പേറി വീട്ടിലെത്തുമ്പോൾ എന്താണ് നിങ്ങൾ ആദ്യം ആഗ്രഹിക്കുന്നത്? ഒരു കഷ്ണം പ്ലം കേക്ക്, ചൂടുള്ള പഫ്സ്, അല്ലെങ്കിൽ നല്ല ക്രിസ്പിയായ ബിസ്‌ക്കറ്റുകൾ... ഇന്നത്തെ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ ബേക്കറി പലഹാരങ്ങൾ വെറും ഭക്ഷണമല്ല, ഒരുതരം ആശ്വാസമാണ് (Comfort food). സ്‌ട്രെസ്സ് വരുമ്പോഴും സങ്കടം വരുമ്പോഴും നമ്മൾ ഓടിയെത്തുന്നത് ഈ മധുരങ്ങളിലേക്കാണ്. നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം മനസ്സിലെ ഭാരവും കുറയുന്നുവെന്ന ഒരു തോന്നൽ ഇവ നമുക്ക് നൽകും. എന്നാൽ, സന്തോഷം തരുമെന്ന് നമ്മൾ വിശ്വസിക്കുന്ന ഈ രുചിക്കൂട്ടുകൾ നമ്മുടെ ശരീരത്തെയും അതിലുപരി മനസ്സിനെയും എങ്ങനെ തളർത്തുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേവലം ഒരു ശാരീരിക പ്രശ്‌നം എന്നതിലുപരി, നമ്മുടെ വൈകാരിക തലങ്ങളെപ്പോലും മാറ്റിമറിക്കാൻ പോന്ന വലിയൊരു കെണിയാണ് ഈ ബേക്കറി സംസ്‌കാരം ഒരുക്കിവെച്ചിരിക്കുന്നത്.

To advertise here,

രുചിയുടെ പിന്നിലെ അദൃശ്യ വില്ലന്മാർ

 

നഗരമുക്കുകളിലെ വർണ്ണപ്പകിട്ടാർന്ന ബേക്കറികൾ കാണാൻ നല്ല ചേലാണ്. ചില്ലലമാരകളിൽ അടുക്കിവെച്ചിരിക്കുന്ന വിവിധതരം കേക്കുകളും മധുരപലഹാരങ്ങളും ആരുടേയും ശ്രദ്ധ ആകർഷിക്കും. എന്നാൽ അവിടെ ഒരുക്കുന്ന പലഹാരങ്ങളിലെ ചേരുവകൾ അത്ര നിഷ്‌കളങ്കമല്ല. ആധുനിക ബേക്കറി വിഭവങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങളും സിന്തറ്റിക് നിറങ്ങളും നമ്മുടെ മാനസികാവസ്ഥയിൽ അപ്രതീക്ഷിതമായ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. അസ്പാർട്ടേം, സാക്കറിൻ പോലുള്ള കൃത്രിമ മധുരങ്ങൾ സ്ഥിരമായി ഉള്ളിലെത്തുന്നത് മൂഡ് സ്വിങ്‌സിനും കടുത്ത ഉത്കണ്ഠയ്ക്കും (Anxiety) കാരണമാകുമെന്ന് അമേരിക്കൻ ജേർണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളുടെ കാര്യത്തിൽ ഇതിന്റെ ആഘാതം വളരെ വലുതാണ്. ആകർഷകമായ നിറം നൽകാൻ ചേർക്കുന്ന 'റെഡ് 40', 'യെല്ലോ 6' തുടങ്ങിയ രാസവസ്തുക്കൾ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വർഷങ്ങളായി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള അനുഭവങ്ങളിൽ, കുട്ടികളിൽ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഹൈപ്പർ ആക്ടിവിറ്റിക്കും ശ്രദ്ധക്കുറവിനും (ADHD ലക്ഷണങ്ങൾ) പിന്നിലെ പ്രധാന പ്രതികളിലൊന്ന് ഇത്തരം നിറം ചേർത്ത ഭക്ഷണങ്ങളും അമിതമായ പഞ്ചസാരയുമാണ്.

കൂടാതെ, ബേക്കറി വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാം ഓയിലും ഡാൽഡയും പോലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ (Trans fats) ശരീരത്തിൽ നീർക്കെട്ടിന് (Inflammation) കാരണമാകുന്നു. മനുഷ്യന്റെ തലച്ചോറിന്റെ 60 ശതമാനവും കൊഴുപ്പാണ് നിർമ്മിതമായിരിക്കുന്നത്. അതിനാൽ നാം കഴിക്കുന്ന ഈ ചീത്ത കൊഴുപ്പ് തലച്ചോറിന്റെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുകയും വൈജ്ഞാനിക ശേഷി കുറയ്ക്കുകയും, കാലക്രമേണ വിഷാദരോഗത്തിന് (Depression) വരെ വഴിതെളിക്കുകയും ചെയ്യുന്നു. മൈദ നിർമ്മാണ പ്രക്രിയയിൽ ഫൈബർ, വിറ്റാമിൻ ബി കോംപ്ലക്‌സ് തുടങ്ങിയ അത്യാവശ്യ പോഷകങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുന്നു. അതിനാൽ ഇവ സ്ഥിരമായി കഴിക്കുന്നത് തലച്ചോറിലേക്കുള്ള പോഷക വിതരണത്തെ തടസ്സപ്പെടുത്തുകയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഷുഗർ റോളർകോസ്റ്ററും രണ്ടാം മസ്തിഷ്‌കവും

 

ബേക്കറി പലഹാരങ്ങൾ കഴിച്ചാലുടൻ നമുക്ക് വല്ലാത്തൊരു ഊർജ്ജം തോന്നും, അല്ലേ? പ്രത്യേകിച്ച് വല്ലാതെ ക്ഷീണിച്ചിരിക്കുമ്പോൾ ഒരു മധുരം കഴിച്ചാൽ വലിയൊരു ഉണർവാണ്. പക്ഷേ അല്പസമയം കഴിഞ്ഞാൽ വല്ലാത്ത ക്ഷീണവും അനുഭവപ്പെടും. ശാസ്ത്രീയമായി ഇതിനെ 'ഷുഗർ റോളർ കോസ്റ്റർ' എന്നാണ് വിളിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ക്രമാതീതമായി ഉയരുകയും അതിന് പിന്നാലെ കുത്തനെ താഴുകയും ചെയ്യുന്ന ഈ പ്രക്രിയ നമ്മുടെ ഏകാഗ്രത നശിപ്പിക്കുന്നു. പഞ്ചസാരയുടെ അളവ് താഴേക്ക് പോകുമ്പോൾ തലച്ചോറിന് ആവശ്യമായ ഇന്ധനം ലഭിക്കാതെ വരികയും, അത് അമിതമായ ദേഷ്യത്തിനും അകാരണമായ ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യുന്നു.

വയറും തലച്ചോറും തമ്മിലുള്ള ബന്ധം (Gut-Brain Connection) ഇന്ന് ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. നമ്മുടെ വയറിനെ 'രണ്ടാം മസ്തിഷ്‌കം' (Second Brain) എന്നാണ് ആധുനിക വൈദ്യശാസ്ത്രം വിളിക്കുന്നത്. കാരണം, നമുക്ക് സന്തോഷവും ശാന്തതയും നൽകുന്ന സെറോടോണിൻ (Serotonin) എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഹോർമോണിന്റെ 90 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കുടലുകളിലാണ്. എന്നാൽ നിരന്തരമായി മൈദയും പ്രിസർവേറ്റീവുകൾ അടങ്ങിയ പ്രോസസ്ഡ് ഫുഡും കഴിക്കുമ്പോൾ കുടലിലെ ദഹനപ്രക്രിയ താളംതെറ്റുകയും അവിടെയുള്ള ഗുണകരമായ ബാക്ടീരിയകൾ (Gut Microbiome) പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. വയറിലെ ഈ ആരോഗ്യം നശിക്കുമ്പോൾ അത് സ്വാഭാവികമായും സെറോടോണിൻ ഉത്പാദനത്തെ ബാധിക്കുകയും നമ്മുടെ മാനസികാരോഗ്യത്തെ തകർക്കുകയും ചെയ്യുന്നു.

സങ്കടം മാറ്റാനുള്ള ഭക്ഷണങ്ങൾ (Emotional Eating)

എന്റെയൊരു കൗൺസിലിംഗ് സെഷനിൽ വന്ന ഒരു ക്ലയന്റ് പറഞ്ഞത് ഓർക്കുന്നു: 'സാർ, എനിക്ക് വല്ലാതെ വിഷമം വരുമ്പോഴോ സ്‌ട്രെസ്സ് കൂടുമ്പോഴോ കേക്ക് കഴിക്കണം എന്ന് തോന്നും. അപ്പൊ ഒരു സുഖം കിട്ടും. പക്ഷേ, അത് കഴിച്ച് കുറച്ചുകഴിയുമ്പോൾ വല്ലാത്ത കുറ്റബോധവും വീണ്ടും പഴയതിനേക്കാൾ വലിയ സങ്കടവും വരും.' ഇത് ഈ വ്യക്തിയുടെ മാത്രം അവസ്ഥയല്ല, നമ്മളിൽ പലരും കടന്നുപോകുന്ന വൈകാരികമായ ഒരു പ്രതിസന്ധിയാണിത്. മധുരം കഴിക്കുമ്പോൾ തലച്ചോറിൽ ഡോപാമിൻ (Dopamine) എന്ന 'ഫീൽ ഗുഡ്' കെമിക്കൽ വലിയ തോതിൽ റിലീസ് ചെയ്യപ്പെടുകയും താൽക്കാലികമായ ഒരു സന്തോഷം ഉണ്ടാവുകയും ചെയ്യും.

ഇതൊരു ലഹരി പോലെയാണ് തലച്ചോറിനെ സ്വാധീനിക്കുന്നത്. സങ്കടം വരുമ്പോൾ മദ്യം ഉപയോഗിക്കുന്നതിന് സമാനമായ ഒരു ആശ്വാസമാണ് പഞ്ചസാരയും നൽകുന്നത്. കൊക്കെയ്ൻ പോലുള്ള കടുത്ത മയക്കുമരുന്നുകൾ പ്രവർത്തിക്കുന്ന അതേ റിവാർഡ് പാത്ത്വേയാണ് (Reward Pathway) പഞ്ചസാരയും ആക്ടിവേറ്റ് ചെയ്യുന്നതെന്ന് യേൽ യൂണിവേഴ്‌സിറ്റിയിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സങ്കടം വരുമ്പോൾ വീണ്ടും വീണ്ടും മധുരം കഴിക്കാൻ തോന്നുന്നത്. എന്നാൽ ഈ താൽക്കാലിക ആശ്വാസം പിന്നീട് കടുത്ത നിരാശയിലേക്കും അഡിക്ഷനിലേക്കുമാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

അശാസ്ത്രീയമായ ഡയറ്റുകൾ എന്ന പുതിയ വില്ലൻ

 

ഇതൊക്കെ കേൾക്കുമ്പോഴോ വായിക്കുമ്പോഴോ നാളെ മുതൽ മധുരവും കാർബോഹൈഡ്രേറ്റും പൂർണ്ണമായും ഒഴിവാക്കാം എന്ന് കരുതുന്നവരുണ്ട്. ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയിൽ നിന്ന് ഉടലെടുക്കുന്ന ഇത്തരം തീരുമാനങ്ങൾ വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. അശാസ്ത്രീയമായ ഷുഗർ കട്ടും ഡയറ്റും ഫോള്ളോ ചെയ്യുന്നവരാണ് ഇന്ന് ഏറെയും. തോന്നിയപോലെയുള്ള ഈ ജീവിതശൈലികൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തും എന്നതിൽ സംശയമില്ല.

സോഷ്യൽ മീഡിയയിലെ ഇൻഫ്‌ലുവൻസർമാരെ കണ്ടും, സുഹൃത്തുക്കൾ പറയുന്നത് കേട്ടും പെട്ടെന്നൊരു ദിവസം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന അന്നജവും മധുരവും പൂർണ്ണമായും നിർത്തുമ്പോൾ ശരീരം വലിയൊരു ഷോക്കിലേക്ക് പോകും. തലച്ചോറിന് പ്രവർത്തിക്കാൻ ഗ്ലൂക്കോസ് ആവശ്യമാണ്. അത് പെട്ടെന്ന് ഇല്ലാതാകുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ (Cortiosl) എന്ന സ്‌ട്രെസ് ഹോർമോണിന്റെ അളവ് വർദ്ധിക്കുകയും, അത് കടുത്ത വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ക്രാഷ് ഡയറ്റുകൾ ചെയ്യുന്നവരിൽ പെട്ടെന്നുള്ള ദേഷ്യവും വൈകാരികമായ അസന്തുലിതാവസ്ഥയും കാണാറുണ്ട്. ഡയറ്റിലെ മാറ്റങ്ങൾ എപ്പോഴും പടിപടിയായും ഒരു വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരം ശാസ്ത്രീയമായുമാണ് കൊണ്ടുവരേണ്ടത്.

എന്താണ് പരിഹാരം?

 

ബോധപൂർവ്വമായ ഭക്ഷണശീലമാണ് (Mindful Eating) നമുക്കാവശ്യം. എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു, വിശന്നിട്ടാണോ അതോ സങ്കടം വന്നിട്ടാണോ കഴിക്കുന്നത് എന്നതിൽ കൃത്യമായ ഒരു അവബോധം (Awareness) വേണം. പൂർണ്ണമായും എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിക്കുകയല്ല, മറിച്ച് ബേക്കറി വിഭവങ്ങൾക്ക് പകരം പ്രകൃതിദത്തവും ആരോഗ്യകരവുമായ ബദലുകൾ (Healthy Alternatives) കണ്ടെത്തുകയാണ് വേണ്ടത്.

  • പൂർണ്ണധാന്യങ്ങൾ: ബേക്കിംഗിനും പാചകത്തിനും മൈദയ്ക്ക് പകരം ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഗോതമ്പ്, കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഓട്‌സ്, കാൽസ്യം സമ്പന്നമായ റാഗി എന്നിവ ഉപയോഗിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
  • പ്രകൃതിദത്ത മധുരം: റിഫൈൻ ചെയ്ത വെള്ള പഞ്ചസാരയ്ക്ക് പകരമായി നമ്മുടെ നാടൻ ശർക്കര, കൽക്കണ്ടം, ഈന്തപ്പഴം, ശുദ്ധമായ തേൻ എന്നിവ മിതമായ അളവിൽ ശീലമാക്കാം. ഇത് ശരീരത്തിന് ആവശ്യമായ മധുരം നൽകുന്നതിനൊപ്പം ദോഷകരമായ രാസവസ്തുക്കളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
  • നല്ല കൊഴുപ്പുകൾ: ബേക്കറി പലഹാരങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകൾ (Trans fats) ഒഴിവാക്കി, നമ്മുടെ പാചകത്തിൽ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ നെയ്യോ മിതമായി ഉപയോഗിക്കുക. വെളിച്ചെണ്ണയിലുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആരോഗ്യം എന്നത് കേവലം രോഗങ്ങളില്ലാത്ത അവസ്ഥയല്ല. അത് ശാരീരികവും മാനസികവും സാമൂഹികവുമായ പൂർണ്ണമായ ക്ഷേമമാണ് (Well-being). നാം കഴിക്കുന്ന ഓരോ പിടി ഭക്ഷണവും നമ്മുടെ കോശങ്ങളെ മാത്രമല്ല, നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും കൂടി രൂപപ്പെടുത്തുന്നുണ്ട്. ഒരു ദിവസത്തെ സ്‌ട്രെസ്സ് മാറ്റാൻ ഒരു കഷ്ണം കേക്കിനെ ആശ്രയിക്കുന്നതിന് പകരം, പ്രകൃതിദത്തമായ രീതികളിലൂടെ ശരീരത്തിനും മനസ്സിനും സന്തോഷം നൽകാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. മധുരം നിയന്ത്രിക്കുന്നത് ഒരുപക്ഷേ നാവിലെ കുറച്ചുനേരത്തെ രുചി കുറച്ചേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് നമ്മുടെ മനസ്സിന് നൽകുന്ന ശാന്തിയും സമാധാനവും വിലമതിക്കാനാവാത്തതാണ്.