
പ്രണയത്തിന്റെ എല്ലാ രസച്ചരടുകളും കോര്‍ത്തുകെട്ടിയ ബന്ധമാണ് ജെനീലിയ ഡിസൂസയുടേയും റിതേഷ് ദേശ്മുഖിന്റേയും. ഒരേ സിനിമയിലൂടെ അരങ്ങേറി ജീവിതത്തിലും ഒരുമിച്ചവര്‍. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലെ രാജാവായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ മകനും മംഗലാപുരത്തെ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ജെനീലയയും തമ്മില്‍ സാമ്യതകളേക്കാളേറെ അന്തരങ്ങളാണുണ്ടായിരുന്നത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ഇരുകുടുംബങ്ങളില്‍നിന്നും എതിര്‍പ്പുകളുടെ ശബ്ദമുയര്‍ന്നു. എല്ലാ തരത്തിലും വ്യത്യസ്തമായവര്‍ എങ്ങനെ പ്രണയത്തിന്റെ പേരില്‍മാത്രം ഒരുമിച്ച് ജീവിക്കുമെന്നായിരുന്നു ഏറ്റവും കൂടുതലുയര്‍ന്ന ചോദ്യം. എന്നാല്‍, ആ ചോദ്യമുനകളെല്ലാം ഒടിച്ച് ജെനീലയും റിതേഷും ജീവിതത്തില്‍ ഒന്നിച്ചു.
തുജേ മേരി കസം
ജാനെറ്റ് ഡിസൂസയുടേയും നെയ്ല്‍ ഡിസൂസയുടേയും മകളായി മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് ജെനീലിയയുടെ ജനനം. ഫാര്‍മ മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്റെ എംഡി ആയിരുന്നു ജാനെറ്റ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു നെയ്ല്‍. ജോലി ആവശ്യാര്‍ഥം ഇരുവരും മംഗലാപുരത്ത് നിന്ന് മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ജാനെറ്റിന്റേയും നെയ്‌ലിന്റേയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അവര്‍ മകള്‍ക്ക് ജെനീലിയ എന്ന പേര് നല്‍കിയത്. പക്ഷേ വീട്ടുകാര്‍ക്ക് അവള്‍ ജീനുവായിരുന്നു. എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്ന, വായാടിയായ പെണ്‍കുട്ടിയായിരുന്നു ജെനീലിയ. സ്‌കൂളിലും വീടിന് അടുത്തുമായി വലിയൊരു സുഹൃദ് വലയം തന്നെ അവള്‍ക്കുണ്ടായിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള അവസരം ജെനീലിയയെ തേടിയെത്തി. ഒരു വിവാഹത്തില്‍ വധുവിന്റെ തോഴിയായി ജെനീലിയ കണ്ട പരസ്യചിത്ര സംവിധായകന്‍ പരസ്യത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അതിനുശേഷം പാര്‍ക്കര്‍ പേനയുടെ പരസ്യത്തിലും ജെനീലിയ മുഖം കാണിച്ചു. കൂടെ അഭിനയിച്ചതാകട്ടെ ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പായിരുന്നു ഷൂട്ടിങ് തിയ്യതി. അതിനാല്‍ ആദ്യം അഭിനയിക്കാന്‍ അവള്‍ തയ്യാറായില്ല. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധത്തിനൊടുവില്‍ വഴങ്ങി. ബച്ചനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നാലെ 2003-ലെ ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യത്തില്‍ ക്രിക്കറ്റ് താരം കൃഷ്ണമചാരി ശ്രീകാന്തിനൊപ്പവും ജെനീലിയ അഭിനയിച്ചു.
ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് കോളേജില്‍ പഠിക്കുമ്പോഴാണ് തുജേ മേരി കസം എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ജെനീലിയെ തേടി വിളിയെത്തിയത്. മാനേജ്‌മെന്റ് സ്റ്റഡീസ് പഠിച്ചിരുന്ന ജെനീലിയക്ക് അഭിനയത്തേക്കാളേറെ താത്പര്യം കോര്‍പറേറ്റ് ജോലി ചെയ്യാനായിരുന്നു. ഒപ്പം ഫുട്‌ബോളും അത്‌ലറ്റിക്‌സുമെല്ലാമായിരുന്നു ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടായിരുന്നത്. അതിനാല്‍തന്നെ സിനിമയിലെ ആദ്യ ഓഫര്‍ അവള്‍ വേണ്ടെന്നുവെച്ചു. രണ്ട് മാസങ്ങള്‍ക്കുശേഷം സംവിധായകന്‍ വീണ്ടും വിളിച്ചപ്പോള്‍ ജെനീലിയയ്ക്ക് നോ പറയാന്‍ കഴിഞ്ഞില്ല.

മുംബൈയിലെ കമല റഹേജ ആര്‍ക്കിടെക്ചര്‍ കോളേജില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കിയ റിതേഷിന്റെ സ്വപ്നത്തിലും സിനിമയുണ്ടായിരുന്നില്ല. വിദേശത്തെ ഒരു ആര്‍ക്കിടെക്ചര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന റിതേഷ് ഇന്ത്യയിലെത്തിയശേഷം 'എവലൂഷന്‍സ്' എന്ന പേരില്‍ സ്വന്തമായൊരു കമ്പനിയും തുടങ്ങി. ആ സമയത്താണ് സിനിമയിലേക്കുള്ള അവസരം തേടിയെത്തിയത്. ഇതോടെ ജെനീലിയയും റിതേഷുമുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് അരങ്ങൊരുങ്ങി.
ധിക്കാരിയാണെന്ന മുന്‍ധാരണ
ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന ജമ്മു കശ്മീരിലായിരുന്നു തുജേ മേരി കസമിന്റെ ലൊക്കേഷന്‍. എന്നാല്‍ അവിടെ വെച്ചായിരുന്നില്ല ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. അത് ഹൈദരാബാദിലെ വിമാനത്താവളത്തിലാണ് നടന്നത്. ടെസ്റ്റ് ഷൂട്ടിനായാണ് ജെനീലിയയും റിതേഷും ഹൈദരാബാദിലെത്തിയത്.
'ഞാന്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ അവിടെ വെച്ച് ജെനീലിയയുടെ അമ്മയെ കണ്ടു. കൂടെ ജെനീലിയയുമുണ്ടായിരുന്നു. എന്നാല്‍ അവള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നെ മുഴുവനായും അവഗണിച്ചായിരുന്നു നില്‍പ്. അമ്മ എന്നോട് സ്‌നേഹത്തോടെ സംസാരിച്ചു. ഈ പെണ്‍കുട്ടിയുടെ സ്വഭാവം എന്താണിങ്ങനെ എന്നാണ് ആ സമയത്ത് ഞാന്‍ ജെനീലിയയെ കുറിച്ച് മനസില്‍ കരുതിയത്.'-ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് റിതേഷ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞത് ഇങ്ങനെയാണ്.
എന്നാല്‍, അങ്ങനെ പെരുമാറിയതിന് ജെനിലിയയ്ക്ക് കാരണമുണ്ടായിരുന്നു. തന്റെ നായകനാകാന്‍ പോകുന്ന വ്യക്തിയെ കുറിച്ച് ഹൈദരാബാദിലേക്ക് വിമാനം കയറുന്നതിന് രണ്ട് ദിവസം മുമ്പ് ജെനീലിയ അറിഞ്ഞുവെച്ചിരുന്നു. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മകനായതിനാല്‍ ധിക്കാരിയും അഹങ്കാരിയുമായിരിക്കുമെന്നായിരുന്നു ജെനീലിയയുടെ മുന്‍ധാരണ. അതുകൊണ്ട് തന്നെ ഒരു അകലം പാലിക്കാമെന്നും അധികം അടുത്തു പെരുമാറേണ്ടെന്നും തീരുമാനിച്ചുറപ്പിച്ചായിരുന്നു ജെനീലിയ അമ്മയ്‌ക്കൊപ്പം എത്തിയത്.
എന്നാല്‍ കുറച്ച് ദിവസത്തിനുള്ളില്‍തന്നെ തന്റെ ധാരണകളെല്ലാം തെറ്റാണെന്ന് ജെനീലിയയ്ക്ക് മനസിലായി. സെറ്റിലുള്ളവരോടെല്ലാം സ്നേഹത്തോടെ പെരുമാറുന്ന റിതേഷിന് ഒരു വലിയ നേതാവിന്റെ മകനാണെന്ന തലക്കനമൊന്നുമില്ലെന്നും ജെനീലിയ മനസിലാക്കി. റിതേഷിന്റെ ലാളിത്യവും മറ്റുള്ളവരോടുള്ള ബഹുമാനവും ജെനീലിയയുടെ കണ്ണിലുടക്കി. അവര്‍ പതുക്കെ റിതേഷുമായി അടുക്കാന്‍ തുടങ്ങി. ആര്‍ക്കിടെക്ചറും കോളേജ് ജീവിതവും പരീക്ഷയുമെല്ലാം ഇരുവരുടേയും സംസാരത്തില്‍ കടന്നുവന്നു. ഷൂട്ടിങ്ങിനിടയില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടുപോകുന്നതിലെ ആശങ്കയെല്ലാം ജെനീലിയ റിതേഷിനോടാണ് പങ്കുവെച്ചത്. അങ്ങനെ ഷൂട്ടിങ് കഴിയുമ്പോഴേക്കും വിട്ടുപിരിയാനാകാത്ത സുഹൃത്തുക്കളായി അവര്‍ മാറിയിരുന്നു.
എന്നാല്‍ സൗഹൃദത്തിനപ്പുറം ജെനീലിയയോടുള്ള പ്രണയം റിതേഷ് തിരിച്ചറിഞ്ഞത് കശ്മീരില്‍ നിന്ന് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്. എന്തോ കാര്യം മിസ് ചെയ്യുന്നുണ്ടല്ലോ എന്ന് റിതേഷിന് തോന്നിത്തുടങ്ങി. ജെനീലിയയില്ലാത്ത ജീവിതത്തെ കുറിച്ച് ഇനി തനിക്ക് ആലോചിക്കാന്‍കൂടി പറ്റില്ലെന്ന് മനസിലാക്കിയ റിതേഷ് അവര്‍ക്ക് മെസ്സേജ് അയച്ചു. ജെനീലിയയേക്കാള്‍ ഒമ്പത് വയസ് കൂടുതലുള്ളതിനാല്‍ തന്റെ പ്രണയം അംഗീകരിക്കുമോ എന്നായിരുന്നു റിതേഷിന്റെ ആശങ്ക. എന്നാല്‍ റിതേഷിന്റെ അതേ അവസ്ഥയിലൂടെയാണ് ജെനീലിയയും കടന്നുപോയിരുന്നത്. അങ്ങനെ അവരുടെ ബന്ധം സൗഹൃദത്തില്‍നിന്ന് പ്രണയത്തിലേക്ക് വളര്‍ന്നു.

പ്രണയം നിറഞ്ഞ കത്തുകള്‍
ബോളിവുഡിലെ ആദ്യ ചിത്രത്തിനുശേഷം തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നാണ് ജെനീലിയയെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തിയത്. പാര്‍ക്കര്‍ പേനയുടെ പരസ്യം കണ്ട് സംവിധായകന്‍ എസ് ശങ്കര്‍ 'ബോയ്‌സ്' എന്ന ചിത്രത്തിലേക്ക് ജെനീലിയയെ നായികയായി തെരഞ്ഞെടുത്തു. അഞ്ച് നായകന്‍മാര്‍ക്കൊപ്പം നായികയായെത്തിയ ജെനീലിയ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജെനീലിയയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. പിന്നാലെ തെലുങ്കില്‍ 'സത്യം' എന്ന ചിത്രവും അവര്‍ അഭിനയിച്ചു. 2004-ല്‍ 'മസ്തി' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു.
അന്ന് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ജെനീലിയയും റിതേഷും കടന്നുപോയിരുന്നത്. ഇരുവരും പല സ്ഥലങ്ങളിലും വേദികളിലും ഒരുമിച്ചെത്തി. പക്ഷേ അവര്‍ തമ്മിലുള്ള പ്രണയം വളരെ രഹസ്യമായിരുന്നു. ഒരുമിച്ച് അഭിനയിച്ച സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തുന്നു എന്നാണ് മാധ്യമങ്ങളെല്ലാം കരുതിയത്. ഒമ്പത് വര്‍ഷത്തോളം ഗോസിപ്പ് കോളങ്ങളില്‍ ഇടം നല്‍കാതെ ഇരുവരും പ്രണയം സൂക്ഷിച്ചു.ഇരുവരും ആദ്യമായി ഡേറ്റിങ്ങിന് പോയപ്പോഴും വിഷയം സിനിമ തന്നെയായിരുന്നു. കഭി ഖുശി കഭി ഗം എന്ന ചിത്രം കാണാനായി തിയേറ്ററില്‍ പോയതായിരുന്നു ആദ്യത്തേ ഡേറ്റിങ്. അതിലെ 'സൂരജ് ഹുആ' എന്ന് തുടങ്ങുന്ന പാട്ട് അങ്ങനെ ഇരുവരുടേയും പ്രണയത്തിന്റേയും പാട്ടായി മാറി.
തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്നതിനാല്‍ അധികസമയവും ബെംഗളൂരുവിലും ചെന്നൈയിലുമായിരിക്കും ജെനീലിയ. റിതേഷാണെങ്കില്‍ മുംബൈയിലും. ഒരിക്കല്‍ ഷൂട്ടിങ്ങിനായി റിതേഷ് ന്യൂയോര്‍ക്കിലേക്ക് പോയി. അന്ന് വാട്സാപ്പും മറ്റ് സോഷ്യല്‍ മീഡിയ സംവിധാനങ്ങളും സജീവമായ കാലമായിരുന്നില്ല. ഫോണ്‍ ചെയ്ത് മണിക്കൂറുകളോളം സംസാരിക്കണമെങ്കില്‍ പൈസ ഒരുപാട് പോകും. ഇതോടെ ഇരുവരും ഒരു സൂത്രം കണ്ടുപിടിച്ചു. ഓരോ ദിവസവും ഡയറി പോലെ ഓരോ കത്തുകള്‍ എഴുതിവെച്ചു. ഓരോ ദിവസവും സംഭവിച്ച കാര്യങ്ങളായിരുന്നു ഓരോ കത്തിലുമുണ്ടായിരുന്നത്. ഒരു മാസത്തിനുശേഷം കണ്ടുമുട്ടിയപ്പോള്‍ 30 കത്തുകള്‍ തങ്ങള്‍ പരസ്പരം കൈമാറിയെന്നും അത് വായിച്ചിരുന്നത് പ്രണയത്തിലെ മനോഹരമായ നിമിഷമായിരുന്നെന്നും റിതേഷ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഉല്ലാസനൗകയിലെ പ്രൊപ്പോസല്‍
2012 ഫെബ്രുവരി മൂന്നിനായിരുന്നു റിതേഷിന്റേയും ജെനീലിയയുടേയും വിവാഹം. അതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സംഭവം നടന്നു. ജെനീലിയയ്ക്കായി റിതേഷ് ഒരുക്കിയ സര്‍പ്രൈസ് പ്രൊപ്പോസലായിരുന്നു അത്. ഒരു സ്പീഡ് ബോട്ടില്‍ ജെനീലിയയേും കയറ്റി റിതേഷ് തീരം വിട്ടു. അവിടെ നിന്ന് ഉല്ലാസ നൗകയിലേക്ക്. കടലിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ റിതേഷ് ജെനീലയയ്ക്ക് നേരെ മോതിരം നീട്ടി. ആ സര്‍പ്രൈസില്‍ ജെനീലിയ അമ്പരന്നിരുന്നു. യെസ് പറഞ്ഞ് വിരല്‍ റിതേഷിനു നേരെ നീട്ടി. അകമ്പടിയായി ആകാശത്ത് കരിമരുന്ന് പ്രയോഗം. പിന്നാലെ ഇരുവരും ജെനീലിയയ്ക്ക് പ്രിയപ്പെട്ട പിസ ഒരുമിച്ചിരുന്ന് കഴിച്ചു.
രണ്ട് ദിവസങ്ങളിലായാണ് റിതേഷിന്റേയും ജെനീലിയയുടേയും വിവാഹം നടന്നത്. ആദ്യ ദിവസം മഹാരാഷ്ട്രിയന്‍ ഹിന്ദു ആചാരപ്രകാരവും രണ്ടാം ദിവസം മാംഗ്ലൂര്‍ കത്തോലിക്കന്‍ ആചാരപ്രകാരവും വിവാഹം നടന്നു. ഇതിന് മുന്നോടിയായി സംഗീതും ഹല്‍ദിയും റോസെ ചടങ്ങുമെല്ലാമുണ്ടായിരുന്നു.
ഓഫ് വൈറ്റ് നിറത്തിലുള്ള അനാര്‍ക്കലിയായിരുന്നു സംഗീതില്‍ ജെനീലിയയുടെ ഔട്ട്ഫിറ്റ്. നീല ഷെര്‍വാണിയായിരുന്നു റിതേഷ് ധരിച്ചത്. ഹല്‍ദിക്ക് ജെനീലിയ മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലി ധരിച്ചപ്പോള്‍ കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന സ്യൂട്ട് ആയിരുന്നു റിതേഷിന്റെ ഔട്ട്ഫിറ്റ്. ബോളിവുഡിലേയും രാഷ്ട്രീയത്തിലേയും വന്‍താരനിരയാണ് ഇരു ചടങ്ങിലും പങ്കെടുത്തത്. കൊങ്കിണികളുടെ ആചാരമായ റോസെ ചടങ്ങും വിവാഹത്തിന്റെ തലേ ദിവസം നടന്നു. തേങ്ങാപ്പാലും എണ്ണയും വരന്റേയും വധുവിന്റേയും ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് ചെറു ചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് ഈ ചടങ്ങ്.
മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ആദ്യ ചടങ്ങ്. വെള്ള ഷെര്‍വാണി ധരിച്ച് കുതിരപ്പുറത്തേറിയാണ് റിതേഷ് വേദിയിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും മഹാരാഷ്ട്രയിലെ നാടോടിനൃത്തം കളിച്ചാണ് റിതേഷിനെ വേദിയിലേക്ക് ആനയിച്ചത്. സെലിബ്രിറ്റി ഡിസൈനര്‍ നീത ലുല്ല ഡിസൈന്‍ ചെയ്ത ചുവപ്പും സ്വര്‍ണനിറവും ചേര്‍ന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു ജെനീലിയ. വലിയ മൂക്കുത്തിയും നെറ്റിച്ചുട്ടിയും അണിഞ്ഞ് ഒരു മറാത്തി വധുവിനെപ്പോലെ ജെനീലിയ മാറി.

തൊട്ടടുത്ത ദിവസം ബാന്ദ്രയിലെ സെന്റ് ആനീസ് റോമന്‍ കത്തോലിക്ക് പള്ളിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹവും നടന്നു. വെള്ള ഗൗണ്‍ ധരിച്ച്, വെള്ള റോസാപ്പൂക്കള്‍ നിറഞ്ഞ ബൊക്ക പിടിച്ച് അച്ഛന്റെ കൈപിടിച്ച് ജെനീലിയ വേദിയിലേക്ക് നടന്നുവന്നു. ബൗ ടൈ സ്യൂട്ട് ധരിച്ച് അള്‍ത്താരയില്‍ റിതേഷ് കാത്തുനിന്നു. ചടങ്ങിനിടെ ഇരുവരും ഉരുവിട്ട വിവാഹപ്രതിജ്ഞ മനോഹരമായ വാക്കുകളായിരുന്നു. 'ഓരോ തവണയും നമുക്ക് അസാധാരണമായ എന്തെങ്കിലും കണ്ടെത്തേണ്ടതുണ്ട്. നിങ്ങള്‍ ഒരുമിച്ചു ചെലവഴിക്കുന്ന ഒരു ജീവിതത്തിലാണെങ്കില്‍, എല്ലാ ദിവസവും ദിനചര്യയായി മാറുകയാണെങ്കില്‍, ആ പതിവ് തെറ്റിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, നിങ്ങള്‍ ആ പതിവ് ലംഘിച്ചാല്‍, അത് നിങ്ങളുടെ ജീവിതത്തിന് പുതുമ നല്‍കും. ആ ദിനചര്യ ഒരു അത്ഭുതമായിരിക്കണം...'ഓ, നമ്മള്‍ ഇന്ന് ഇത് ചെയ്യുന്നുണ്ടോ?' ഒരു ബന്ധത്തിലെ ആ 'ഓ' ഘടകം, അത് എപ്പോഴും ആ ബന്ധത്തെ നിലനിര്‍ത്തുന്നു.'-ഇതായിരുന്നു റിതേഷിന്റെ വാക്കുകള്‍. 'പ്രണയത്തിനപ്പുറം 24 മണിക്കൂറും മടുപ്പില്ലാതെ ഞങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാനാകുന്നു. ഒരു ബന്ധത്തിന്റെ നിലനില്‍പ് അതാണ്. നിങ്ങള്‍ പരസ്പരം ആസ്വദിക്കുന്നു, പരസ്പരം സ്‌നേഹിക്കുന്നു, ഒരു ദിവസത്തിന്റെ 24 മണിക്കൂറും നിങ്ങള്‍ക്ക് ചെലവഴിക്കാനാകും എന്നതു പ്രധാനമാണ്.' എന്നായിരുന്നു ജെനീലിയ വിവാഹദിവസം വൈകാരികമായി സംസാരിച്ചത്.
ജീന്‍സ് എന്നാണ് ജെനീലിയയെ റിതേഷ് വിളിക്കാറുള്ളത്. ഇത് പലരിലും ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. വിവാഹത്തിനുശേഷം റിതേഷിന്റെ അമ്മയും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്തിനാണ് ഭാര്യയെ ജീന്‍സ് എന്ന് വിളിക്കുന്നതെന്ന് റിതേഷിനോട് ചോദിച്ചിരുന്നുവെന്നും ഇരുവരും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം റിതേഷിന്റെ അമ്മയോട് അടുത്ത ബന്ധമാണ് ജെനീലിയ പുലര്‍ത്തുന്നത്. ഒരു ദിവസം പോലും അമ്മയെ വിളിച്ച് സംസാരിക്കാതിരുന്നിട്ടില്ലെന്നും വിളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദിവസം അപൂര്‍ണമായി തോന്നാറുണ്ടെന്നും ജെനീലിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷം ജെനീലിയ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. റിയാന്‍ എന്നാണ് മകന് പേര് നല്‍കിയത്. 2016-ല്‍ റാഹില്‍ എന്ന രണ്ടാമത്തെ കുഞ്ഞിനേയും ഇരുവരും വരവേറ്റു. മുംബൈ വര്‍ളിയിലെ ആഡംബര ബംഗ്ലാവിലാണ് മക്കള്‍ക്കൊപ്പം ഇരുവരും താമസിക്കുന്നത്.
Content Highlights: genelia dsouza and riteish deshmukh lovestory
Published: 08 Oct 2024, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented