
പത്തൊമ്പതാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇർഫാൻ പഠാന്‍. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മനസില്‍ ഇടം കണ്ടെത്തിയ സുന്ദരന്‍. പഠാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഗാലറികളിലുള്ള പെണ്‍കുട്ടികളിലേക്ക് ക്യാമറക്കണ്ണുകള്‍ തിരിയും. 'ഐ ലവ് യൂ പഠാന്‍', 'വില്‍ യു മാരി മീ പഠാന്‍' എന്നെല്ലാം എഴുതിയ കാര്‍ഡുകള്‍ പിടിച്ചായിരിക്കും ഗാലറികളില്‍ ഈ ആരാധികമാരുടെ നില്‍പ്പ്.
എന്നാല്‍, ഇന്ത്യന്‍ ജഴ്‌സിയെന്ന സ്വപ്‌നസാക്ഷാത്കരത്തിന് പിന്നാലെ പഠാന്റെ മനസ് കീഴടക്കിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പഠാനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരാധികമാര്‍ക്കോ സഹതാരങ്ങള്‍ക്കോ പോലും അറിയാത്തൊരു പ്രണയം. 2003-ല്‍ ഓസ്‌ട്രേലിയയില്‍വെച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. ശിവാംഗി ദേവ് എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. വിവാഹത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയ ആ ബന്ധത്തിന് പത്ത് വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അരങ്ങേറ്റ മത്സരം മുതല്‍ വിടവാങ്ങല്‍ മത്സരം വരെ നീണ്ടുനിന്ന പ്രണയം.
2012-ല്‍ പഠാന്‍ അവസാന ഏകദിനവും കളിച്ച് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടപ്പോള്‍ അതേവര്‍ഷം തന്നെയാണ് ശിവാംഗിയുമായുള്ള പ്രണയവും അവസാനിപ്പിച്ചത്. ജീവിതസാഹചര്യങ്ങളാല്‍ ഇരുവര്‍ക്കും വഴിപിരിയേണ്ടി വന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം സൗദി അറേബ്യയില്‍ നിന്നുള്ള മോഡലായ സഫ ബെയ്ഗിനെ പഠാന്‍ ജീവിതസഖിയാക്കി. കഴിഞ്ഞ ഫെബ്രുവരി നാലിന് എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച പഠാന്‍ ഭാര്യയുടെ മുഖം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തി. ഒപ്പം സഫയുടെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ആരാധകര്‍ക്ക് പരിചയപ്പെടുത്തി.
ക്രിക്കറ്റ് കിറ്റ് പോലുമില്ലാത്ത കുട്ടിക്കാലം
1984-ല്‍ ഗുജറാത്തിലെ ബറോഡയിലെ പഠാന്‍ കുടുംബത്തിലാണ് ഇര്‍ഫാന്റെ ജനനം. വഡോദരയിലെ പള്ളിയില്‍ മുഅദ്ദിന്‍ (മുസ്ലിം പള്ളികളില്‍ വാങ്ക് വിളിക്കുന്ന വ്യക്തി) ആയിരുന്നു പിതാവ് മെഹമൂദ് ഖാന്‍. മക്കളായ ഇര്‍ഫാനേയും യൂസുഫിനേയും ഇസ്ലാമിക പണ്ഡിതന്‍മാരാക്കണമമെന്നായിരുന്നു മെഹമൂദിന്റെ ആഗ്രഹം. എന്നാല്‍ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റായിരുന്നു ഇരുവരുടേയും ജീവന്‍. പൊള്ളുന്ന ചൂടില്‍ ആറു മണിക്കൂര്‍ നീളുന്ന പരിശീലനമൊന്നും ഇരുവരേയും തളര്‍ത്തിയില്ല.
ബറോഡ ക്രിക്കറ്റ് ടീമില്‍ കളിച്ചു തുടങ്ങിയ പഠാന് തുടക്ക കാലത്ത് സ്വന്തമായി പുതിയ ക്രിക്കറ്റ് കിറ്റ് പോലുമുണ്ടായിരുന്നില്ല. പള്ളിയില്‍ നിന്നുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന കുടുംബത്തിന് അത് സ്വപ്‌നം കാണാന്‍പോലും പറ്റില്ലായിരുന്നു. പിന്നീട് ഒരു ദേശീയ ടൂര്‍ണമെന്റില്‍ ബറോഡയ്ക്കായി കളിക്കാനിറങ്ങിയപ്പോഴാണ് ആദ്യമായി പുതിയ കിറ്റ് ലഭിക്കുന്നത്.

ബറോഡ ടീമിലെ പ്രകടനം പഠാനെ ഇന്ത്യയുടെ അണ്ടര്‍-15 ടീമിലെത്തിച്ചു. അരങ്ങേറ്റം മുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളിങ് ഓള്‍റൗണ്ടര്‍ തായ്‌ലന്‍ഡിനെതിരേ രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. 2003-ല്‍ അണ്ടര്‍-19 ടീമിലെത്തിയ പഠാന്‍ ഏഷ്യന്‍ യൂത്ത് ഏകദിന ടൂര്‍ണമെന്റില്‍ 18 വിക്കറ്റുകളുമായി തിളങ്ങി. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ പഠാന്‍ ടൂര്‍ണമെന്റിന്റെ താരമായി. പിന്നാലെ രഞ്ജി ട്രോഫിയിലെ വിക്കറ്റുകള്‍ കൂടിയായതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി പഠാനെ തേടിയെത്തി. 2003-04 ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിലാണ് താരം ഇടം കണ്ടെത്തിയത്. സഹതാരങ്ങള്‍ക്കൊപ്പം ആദ്യമായി പഠാന്‍ ഓസ്‌ട്രേലിയയിലേക്ക് പറന്നു.
പ്രണയവും ഇന്ത്യന്‍ ജഴ്‌സിയും ഒരുമിച്ച്
2003 ഡിസംബറില്‍ അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറുമ്പോള്‍ അതേ നാട്ടില്‍തന്നെ തന്റെ പ്രണയിനിയും ഒളിച്ചിരിപ്പുണ്ടെന്ന് പഠാന് അറിയില്ലായിരുന്നു. ടീമിലെ പ്രധാന പേസ് ബൗളറായ സഹീര്‍ ഖാന് പരിക്കേറ്റതോടെയാണ് പഠാന് നറുക്ക് വീണത്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍, ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ഒരു പ്രണയവും പഠാനൊപ്പം വിമാനം കയറി.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബിസിയിലെ ഉദ്യോഗസ്ഥനായ വീരേന്ദര്‍ ദേവിന്റെ മകള്‍ ശിവാംഗി ദേവായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മനസ് കീഴടക്കിയ പെണ്‍കുട്ടി. കാന്‍ബെറയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടായി ജോലി ചെയ്യുകയായിരുന്നു ശിവാംഗി. അഡ്‌ലെയ്ഡ് ഓവലിലെ മത്സരത്തിന് ശേഷമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് പരസ്പരം പരിചയപ്പെട്ട ഇരുവരും പരമ്പരയ്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഇന്ത്യന്‍ ടീമിന് വീരേന്ദര്‍ ദേവ് ഒരുക്കിയ ഡിന്നറില്‍ പഠാനും പങ്കെടുത്തിരുന്നു. അന്ന് എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെ ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നു. പ്രണയത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
ആ കൂടിക്കാഴ്ച്ചയെ കുറിച്ച് പഠാന്‍ പിന്നീട് മനസു തുറന്നിരുന്നു. 'അവള്‍ വളരെ നാണംകുണുങ്ങിയായ പെണ്‍കുട്ടിയായിരുന്നു. അന്ന് മത്സരത്തിനിടെ കണ്ടപ്പോള്‍ അധികമൊന്നും സംസാരിച്ചില്ല. പിന്നീട് ഡിന്നറിന് കണ്ടപ്പോള്‍ കൂടുതല്‍ നേരം സംസാരിച്ചിരുന്നു. എന്നിരുന്നാലും അവള്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ സമയമെടുത്തു. അതിനുശേഷമാണ് പ്രണയത്തെ ഗൗരവമായി കണ്ടുതുടങ്ങിയത്.'-പഠാന്‍ പറയുന്നു.

പഠാന്റെ പ്രൊപ്പോസല്‍, 'വാളെടുത്ത' വീട്ടുകാര്‍
നാല് വര്‍ഷത്തോളം പഠാനും ശിവാംഗിയും തങ്ങളുടെ പ്രണയം രഹസ്യമായി സൂക്ഷിച്ചു. 2007-ല്‍ ഗുജറാത്തില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ പഠാനെ കാണാന്‍ ശിവാംഗി ഓസ്‌ട്രേലിയയില്‍ നിന്നെത്തി. അന്ന് ഫോം കണ്ടെത്താന്‍ കഷ്ടെപ്പിട്ടിരുന്ന പഠാന്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ആശ്വാസവാക്കുകളുമായി ശിവാംഗി പഠാനൊപ്പം നിന്നു. ഇത്രയും ദൂരം ഒരു പെണ്‍കുട്ടി കാണാന്‍ എത്തണമെങ്കില്‍ അവള്‍ കാമുകി തന്നെയായിരിക്കുമെന്ന് ആരാധകര്‍ വിധിയെഴുതി. ഇരുവരും അത് വിസമ്മതിക്കാനും നിന്നില്ല.
തൊട്ടടുത്ത വര്‍ഷം പഠാന്‍ ശിവാംഗിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. വഡോദരയിലെ വീട്ടിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടയില്‍ പഠാന്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. യെസ് പറയാന്‍ ശിവാംഗിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ വ്യത്യസ്ത മതങ്ങളില്‍ ഉള്‍പ്പെട്ട, ചടങ്ങുകളിലെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന രണ്ട് പേര്‍ക്കും വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. വഡോദരയിലേക്ക് വന്നപ്പോള്‍ ശിവാംഗി പഠാന്റെ വീട്ടുകാരെ പരിചയപ്പെട്ടിരുന്നു. അന്ന്തന്നെ പഠാന്റെ വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ മനസിലായെങ്കിലും സമ്മതം മൂളാന്‍ വര്‍ഷങ്ങലെടുത്തു.
ഒടുവില്‍ 2009-ല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് പഠാനും ഒഴിഞ്ഞുമാറിയില്ല. ഇരുവര്‍ക്കും ഇപ്പോള്‍ നന്നായി അറിയാമെന്നും വഡോദരയില്‍വെച്ച് പരമ്പരാഗത രീതിയില്‍ വിവാഹം നടക്കുമെന്നും അന്ന് അല്‍പം നാണത്തോടെ പഠാന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി.
സഹോദരനായി ചെയ്ത 'ത്യാഗം'
പഠാന്റെ വിവാഹത്തിനായി കാത്തിരുന്ന ആരാധകര്‍ ഞെട്ടലോടെയാണ് ആ ബ്രേക്ക് അപ് വാര്‍ത്ത കേട്ടത്. താളപ്പിഴകളൊന്നുമില്ലാതെ മുന്നോട്ടുപോയിരുന്ന ബന്ധത്തിന് പഠാനും ശിവാംഗിയും ഫുള്‍ സ്റ്റോപ്പിട്ടു. എന്നാല്‍ അത് പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല. ഇരുവരും പരസ്പരം ആലോചിച്ച് രണ്ട് വഴികള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ശിവാംഗിക്ക് വിവാഹം നേരത്തെ വേണമെന്നതും മൂത്ത സഹോദരന്‍ യൂസുഫ് പഠാന്റെ വിവാഹത്തിന് ശേഷമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂവെന്ന ഇര്‍ഫാന്റെ വാശിയും ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തി.

2009-ല്‍ 25 വയസായിരുന്നു ഇർഫാൻ പഠാന്റെ പ്രായം. കരിയറില്‍ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്നും ഇർഫാൻ ശിവാംഗിയോട് പറഞ്ഞു. എന്നാല്‍, ശിവാംഗി അതിന് ഒരുക്കമായിരുന്നില്ല. വിവാഹത്തിന് ഇരുവരുടേയും വീട്ടുകാരുടെ പാതിസമ്മതവും ബന്ധത്തില്‍ ഉലച്ചിലുകളുണ്ടാക്കി. ഇതോടെ അവര്‍ പ്രണയത്തിന് തിരശ്ശീലയിട്ടു. 2012-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഇപ്പോള്‍ സിംഗിളാണെന്ന് പഠാന്‍ വെളിപ്പെടുത്തി. ശിവാംഗിയുമായി ബ്രേക്ക് അപ്പായെന്നും ഇനി പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തണമെന്നും പഠാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
അന്ന് പഠാനും ശിവാംഗിയും പ്രണയത്തില്‍ നിന്ന് പുറത്തുകടക്കുന്ന സമയമായിരുന്നു. ഒരുപാട് സ്‌നേഹം മനസിലുള്ളതിനാല്‍ അത് അത്ര എളുപ്പമായിരുന്നില്ല. യാത്രകള്‍ ചെയ്തു മനസ് തുറന്ന് കരഞ്ഞും രണ്ടു പേരും അതില്‍ നിന്ന് കര കയറി. ബ്രേക്കപ്പിനുശേഷം അത് മാധ്യമങ്ങളോട് തുറന്നു പറയാന്‍തന്നെ പഠാന് മൂന്ന് വര്‍ഷമെടുക്കേണ്ടി വന്നു.
ദുബായില്‍ തുടങ്ങിയ പുതിയ ഇന്നിങ്‌സ്
ഇന്ത്യന്‍ ജഴ്‌സിയോട് വിട പറഞ്ഞ് പരിശീലകനായും കമന്റേറ്ററായും മെന്ററുമായെല്ലാം ക്രിക്കറ്റ് ആസ്വദിക്കുന്ന സമയത്താണ് പഠാന്‍ സൗദിയില്‍ ജനിച്ചു വളര്‍ന്ന സഫ ബെയ്ഗിനെ കണ്ടുമുട്ടുന്നത്. 2014-ല്‍ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് കൂടിക്കാഴ്ച്ച. അന്ന് മിഡില്‍ ഈസ്റ്റില്‍ മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന 20-കാരിയായിരുന്നു സഫ. ഒപ്പം അറിയപ്പെടുന്ന ഒരു നെയ്ല്‍ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു അവര്‍.
രണ്ട് വര്‍ഷത്തോളം സഫയുമായുള്ള പ്രണയം പഠാന്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. 2016-ല്‍ സൗദിയിലെ മക്കയില്‍ നടന്ന വിവാഹത്തില്‍ ഇരുവരും ഒന്നിച്ചു. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം ജന്മനാടായ വഡോദരയില്‍ പഠാന്‍ കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമായി വലിയൊരു പാര്‍ട്ടി തന്നെ സംഘടിപ്പിച്ചു.

ലക്ഷ്മി വിലാസ് പാലസില്‍ നടന്ന റിസപ്ഷനില്‍ ചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായാണ് സഫ എത്തിയത്. കറുപ്പ് സ്യൂട്ടായിരുന്നു പഠാന്റെ വേഷം. വിവിഎസ് ലക്ഷ്മണ്‍, പിയൂഷ് ചൗള, മുഹമ്മദ് കൈഫ്, പാര്‍ഥിവ് പട്ടേല്‍, റോബിന്‍ ഉത്തപ്പ തുടങ്ങി ക്രിക്കറ്റ് താരങ്ങളുടെ ഒരു നീണ്ടനിര തന്നെ പാര്‍ട്ടിക്കെത്തിയിരുന്നു.
Content Highlights: cricketer irfan pathan love story
Published: 03 May 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented