കോഴിക്കോട്: ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നവീകരിച്ച് 2025 ഡിസംബർ മുതൽ നടപ്പിലാക്കുമ്പോൾ നിലവിലെ മെഡിസെപ്പ് പദ്ധതിയുടെ അപാകതകൾ പരിഹരിക്കാതെ പ്രീമിയം തുക 500 രൂപയിൽ നിന്നും 810 രൂപയാക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് എച്ച്എസ്എസ്ടിഎ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
മെഡിക്കൽ ചികിത്സാ ചെലവ് ഉയരുന്നതനുസരിച്ച് അഷ്വറൻസ് തുക വർദ്ധിപ്പിക്കുക, കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളെയും ചികിത്സാ വിഭാഗങ്ങളെയും എംപാനിൽ ലിസ്റ്റിൽ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുക, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം അസുഖങ്ങളെ തരംതിരിച്ച് നിസാരവൽക്കരിച്ച് പരിരക്ഷ നിഷേധിക്കുന്ന നയം തിരുത്തുക, ക്ലയിമുകൾ നൽകുന്നത് സമയബന്ധിതവും സുതാര്യവുമാക്കി ഉയർന്ന തുക അനുവദിക്കുക, വിവിധ നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന് ഉത്തമ ബോധ്യമുള്ള ജീവനക്കാർക്ക് സ്വയം മെഡിസെപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള അവസരം (ഓപ്ഷൻ) അനുവദിക്കുക എന്നീ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് എച്ച്എസ്എസ്ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
2025 ഓഗസ്റ്റ് മാസത്തിൽ മുൻ മെഡി പദ്ധതി അവസാനിച്ചിരുന്നു സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത മൂന്നുമാസത്തെ പ്രീമിയം തുക ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ തുക പുതിയ പദ്ധതി നടപ്പിലാക്കുന്ന ആദ്യമാസങ്ങളിലെ പ്രീമിയം തുകകളിൽ വകയിരുത്തണമെന്നും പെൻഷൻകാർക്ക് നൽകുന്ന മെഡിക്കൽ അലവൻസ് മെഡിസെപ്പ് പ്രീമിയം തുകയ്ക്ക് തുല്യമായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എച്ച്എസ്എസ്ടിഎ ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം. റിയാസ്, സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറി പി.കെ. ഫൗസിയ, ജില്ലാ സെക്രട്ടറി സി. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
Content Highlights: HSSTA Criticises Medisep Scheme Revision as Challenge to Employees
Published: 29 Dec 2025, 04:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented