തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസായ മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിൽ പരാതിപ്രളയം. അർഹമായ ക്ലെയിം നൽകാതെയും പരാതികൾ പരിഗണിക്കാതെയും ജീവനക്കാരെയും പെൻഷൻകാരെയും വലയ്ക്കുകയാണ് ഇൻഷുറൻസ് കമ്പനി. ജീവനക്കാർക്ക് ഉപകാരപ്രദമായി പദ്ധതി നടത്തിയില്ലെങ്കിൽ കരാർ പിൻവലിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കമ്പനിക്ക് മുന്നറിയിപ്പുനൽകി. പരാതികൾ പരിഹരിക്കാമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

To advertise here,

ഒന്നാംഘട്ടത്തിലും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അന്നും ഇപ്പോഴും ഓറിയന്റൽ ഇൻഷുറൻസിനാണ് മെഡിസെപ്പിന്റെ കരാർ. പരാതികൾക്കിടനൽകാതെ പ്രവർത്തിക്കാമെന്ന ധാരണയോടെയാണ് രണ്ടാംഘട്ടം നടപ്പാക്കിയത്. തിരഞ്ഞെടുപ്പിനുമുൻപ്‌ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യോഗം ചേർന്നിരുന്നു. സർക്കാർ നിർദേശങ്ങളും നൽകി. എന്നാൽ, തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സർക്കാർ ഇടപെടലുകൾ ദുർബലമായ സാഹചര്യത്തിലാണ് വ്യാപകമായി ക്ലെയിം നിരസിക്കാൻ തുടങ്ങിയത്.

കണ്ണൂരിൽ ഹൃദയശസ്ത്രക്രിയക്ക്‌ വിധേയനായ ജീവനക്കാരന് 3.86 ലക്ഷമായിരുന്നു ആശുപത്രി ബില്ല്. 1.65 ലക്ഷമാണ് അനുവദിച്ചത്. പിന്നാലെ ഇതേതുക വീണ്ടും അക്കൗണ്ടിലെത്തി. എന്നാൽ, അബദ്ധം പറ്റിയതാണെന്നും രണ്ടാമത്തെ തുക തിരികേനൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനുമുൻപ്‌ സമാനമായ ശസ്ത്രക്രിയക്ക്‌ മൂന്നരലക്ഷംവരെ നൽകിയിരുന്നു. പരാതിനൽകിയെങ്കിലും മറുപടിനൽകാതെയാണ് തുക തിരികേ ചോദിച്ചത്.

പരാതികളുടെ അടിസ്ഥാനത്തിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കമ്പനി അധികൃതരെക്കൂടി പങ്കെടുപ്പിച്ച് ഉടൻ യോഗം ചേരും. ഇൻഷുറൻസ് കമ്പനി ചികിത്സാരേഖകൾ പരിശോധിക്കാൻ മറ്റു രണ്ടു കമ്പനികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇത് വിവരച്ചോർച്ചയ്ക്ക് വഴിവെക്കുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എന്നാൽ, രാജ്യത്തെ മിക്ക ഇൻഷുറൻസ് കമ്പനികളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഡേറ്റാ ചോർച്ചയുണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് കരാർവ്യവസ്ഥകളെന്ന് അധികൃതർ പറഞ്ഞു.

റിപ്പോർട്ട് തേടി -ധനമന്ത്രി

മെഡിസെപ്പിന്റെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. വീഴ്ചകണ്ടാൽ കരാർവ്യവസ്ഥകൾ പ്രകാരമുള്ള കർശന നടപടിയെടുക്കുമെന്നും പറഞ്ഞു.