കാസർകോട് റെയിൽവേ സ്റ്റേഷനിൽ നവീകരണം അവസാനഘട്ടത്തിൽ

To advertise here,

തളങ്കര : അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും മുതിർന്ന പൗരന്മാരുടെയും രോഗികളുടെയും ബുദ്ധിമുട്ടുകൾക്ക് അറുതിയില്ല. 2023 ഓഗസ്റ്റിലാണ് അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. ഇതിന്റെ ഭാഗമായി കാസർകോട് സ്റ്റേഷനിലും ഫ്ലാറ്റ്ഫോം നീട്ടൽ, മേൽക്കൂര വികസനം, മുൻവശം നവീകരിക്കൽ, ലിഫ്റ്റ്, മേൽപ്പാലം, എസ്കലേറ്റർ, യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

എന്നാൽ, പുതുതായി സ്ഥാപിച്ച രണ്ട്‌ ലിഫ്റ്റുകളും വൈദ്യുതിമുടക്കം മൂലം പ്രവർത്തിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലങ്ങളിലെ ലിഫ്റ്റുകളും ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നു. കോടികൾ ചെലവഴിച്ച്‌ വികസനപ്രവർത്തനങ്ങൾ നടക്കുന്ന ഒരു റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി നിലച്ചാൽ ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കാൻ അടിയന്തരമായി വേണ്ട ജനറേറ്റർ സ്ഥാപിക്കാത്തത് റെയിൽവേയുടെ വലിയ വീഴ്ചയാണെന്ന് യാത്രക്കാർ പറയുന്നു.

അമൃത് ഭാരത്‌ പദ്ധതിയിൽ സ്റ്റേഷനുകളിൽ എസ്കലേറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാസർകോട്ട് ഇതിന്റെ നിർമാണവും മന്ദഗതിയിലാണ്. സ്ഥലപരിമിതി കാരണം മേൽപ്പാലത്തിന്റെ ഒരു വശത്തുമാത്രമാണ് എസ്കലേറ്റർ സ്ഥാപിക്കുന്നത്. യാത്രക്കാർക്ക് മേൽപ്പാലത്തിലേക്ക് കയറിപ്പോകാൻ മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളൂ.

രണ്ട് എസ്കലേറ്ററുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ഒരെണ്ണത്തിന്റെ പണി മാത്രമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.

രോഗികൾക്കും മുതിർന്നവർക്കും ഒരു പ്ലാറ്റ്ഫോമിൽനിന്ന്‌ മറ്റൊന്നിലേക്ക് എത്തിച്ചേരാൻ നേരത്തേ ഉപയോഗിച്ചിരുന്ന പ്രധാന സൗകര്യം ട്രോളിപ്പാതയായിരുന്നു. രോഗികളായും മറ്റും വരുന്ന യാത്രക്കാരെ പ്ലാറ്റ്ഫോം ട്രാക്കിനപ്പുറം കടത്താൻ പോർട്ടർമാർക്ക് ഇതിലൂടെ എളുപ്പത്തിൽ സാധിച്ചിരുന്നു. എന്നാൽ, ആറുമാസം മുമ്പ് പ്ലാറ്റ്ഫോം നീട്ടുന്നതിന്റെ ഭാഗമായി ട്രോളിപ്പാത പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ സ്റ്റേഷനിൽ എത്തുന്ന ഭിന്നശേഷിക്കാർക്കും ഒരു പ്ലാറ്റ്ഫോമിൽനിന്ന്‌ മറ്റൊന്നിലേക്ക് പോകാൻ യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയാണ്.

ട്രോളിപ്പാത ഇല്ലാതായതോടെ പാഴ്സൽനീക്കവും കടുത്ത പ്രധിസന്ധിയിലായി. ഒന്നാം ഫ്ലാറ്റ്ഫോമിലുള്ള പാർസൽ ഓഫീസിൽനിന്ന്‌ രണ്ടാം ഫ്ലാറ്റ്ഫോമിലേക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതിനാൽ വടക്കോട്ടുള്ള പല പാഴ്സലുകളും ബുക്ക്‌ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ജീവനക്കാർ പറയുന്നു. പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ മധുകർ റൗട്ട് കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഈ പ്രശ്നങ്ങളെല്ലാം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു.