കുളപ്പുള്ളി : പാലക്കാട് -കുളപ്പുള്ളി പാതയിലെ പലഭാഗത്തും സീബ്രാലൈനുകൾ മാഞ്ഞുപോയത് യാത്രക്കാരെ ഭയപ്പാടിലാക്കുന്നു. ലക്കിടി, അമ്പലപ്പാററോഡ്, ഈസ്റ്റ് ഒറ്റപ്പാലം, അശ്വിനി ആശുപത്രി, കണ്ണിയംപുറം, മനിശ്ശീരി, വാണിയംകുളം ഉൾപ്പെടെ പത്തിലേറെ സ്ഥലങ്ങളിലാണ് സീബ്രാലൈനുകൾ മാഞ്ഞ നിലയിലുള്ളത്. ഒറ്റപ്പാലത്തെ സീബ്രാലൈനുകൾക്ക് സമീപത്തുനടന്ന മൂന്ന് അപകടങ്ങളിൽ ഏഴുപേർക്കാണ് പരിക്കേറ്റിരുന്നത്. കണ്ണിയംപുറം ചെമ്പുള്ള റോഡ് പരിസരത്തെ സീബ്രാലൈനിനുസമീപം ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുന്നയാൾ മരിച്ച സംഭവവുമുണ്ടായിരുന്നു.

To advertise here,

ഈസ്റ്റ് ഒറ്റപ്പാലത്ത് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ മൂന്നുപേർക്കും റോഡ് മുറിച്ചുകടക്കവേ സീബ്രാലൈനിൽവെച്ച് ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. ഒറ്റപ്പാലം പട്ടണത്തിലെ സീബ്രാലൈനിലും അപകടമുണ്ടായിരുന്നു. കാറിടിച്ച് കോളേജ് വിദ്യാർഥിക്കാണ് അന്ന് പരിക്കേറ്റിരുന്നത്.

വാഹനങ്ങൾകുറഞ്ഞ സ്ഥലമെത്തുമ്പോൾ അമിതവേഗതയിലെത്തുന്ന ഇരുചക്ര വാഹനങ്ങളാണ് ഭൂരിഭാഗം സംഭവങ്ങളിലും അപകടമുണ്ടാക്കിയത്. സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ വഴിയൊരുക്കണമെന്നാണ് നിയമമെങ്കിലും ഒരു പരിഗണനയും യാത്രക്കാർക്ക്‌ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി.

ഭൂരിഭാഗം സ്ഥലത്തും പൊതുമരാമത്ത് വകുപ്പ് സീബ്രാലൈനുകൾ വരച്ചിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ മാഞ്ഞുപോയ സ്ഥിതിയാണ്.

ഇവിടങ്ങളിൽ ഉടൻതന്നെ സീബ്രാലൈനുകൾ വരയ്ക്കു‌മെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.