അമ്പലപ്പാറ : കാടുപിടിച്ചത് വൃത്തിയാക്കിയില്ല, സ്കൂളുകാർ മൈതാനം സ്വന്തംനിലയ്ക്ക് വൃത്തിയാക്കി സ്‌കൂൾ കായികമേള നടത്തി. അമ്പലപ്പാറ എ.എൽ.പി. സ്‌കൂൾ വിദ്യാർഥികളുടെ കായിക മേളയാണ് ആശുപത്രിപ്പടിയിലെ അമ്പലപ്പാറ പഞ്ചായത്ത് മൈതാനത്തിലെ കാടുവെട്ടി വൃത്തിയാക്കി നടത്തിയത്.
കായികമേള നടത്തുന്നതിനുവേണ്ടി മൈതാനം വൃത്തിയാക്കിനൽകണം എന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്‌കൂളിലെ ചെറിയമൈതാനത്തിൽ കായികമേള നടത്തുന്നത് പ്രായോഗികമല്ലെന്നുകണ്ടാണ് പഞ്ചായത്തിനെ സമീപിച്ചിരുന്നത്. എന്നാൽ കായിക മേള നടത്തുന്നദിവസം അടുത്തിട്ടും നടപടിയില്ലാതെ വന്നതോടെയാണ് സ്വന്തംനിലയ്ക്ക് വൃത്തിയാക്കിയത്. ഓട്ടമത്സരത്തിനുള്ള ട്രാക്ക് ഒരുക്കുന്നതിന് വേണ്ടിയുള്ളഭാഗം ഉൾപ്പെടെ വൃത്തിയാക്കിയാണ് മത്സരങ്ങൾ നടത്തിയത്. നേരത്തേ പഞ്ചായത്ത് നേതൃത്വത്തിൽ കാടുവെട്ടി വൃത്തിയാക്കുന്നതിനുവേണ്ടി തൊഴിലാളിയെ നിയോഗിച്ചിരുന്നു. മാതൃഭൂമി വാർത്തയെത്തുടർന്നായിരുന്നു നടപടി. എന്നാൽ, കുറച്ചുഭാഗം മാത്രമാണ് അന്ന് വൃത്തിയാക്കിയിരുന്നത്. പിന്നീട് പണി നടന്നിരുന്നില്ല. മഴ തുടങ്ങിയതോടെയാണ് മൈതാനം കാടുപിടിച്ച് കളിക്കാൻപറ്റാത്ത സ്ഥിതിയായിരുന്നത്.
രാത്രിയും പകലും കളിക്കാൻ സൗകര്യത്തിൽ ഒരുകോടി രൂപ ചെലവഴിച്ച് നവീകരിച്ച മൈതാനം കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനത്തിനുശേഷം തുറന്നുകൊടുത്തിരുന്നത്. മഡ് ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് തുടങ്ങിയവ കളിക്കാനുള്ള സൗകര്യമാണ് മൈതാനത്തിൽ ഒരുക്കിയിരുന്നത്. എന്നാൽ, മഴ തുടങ്ങിയതോടെ മൈതാനത്ത് പുല്ലും ചെടികളും വളർന്നു. കാടുപിടിക്കാത്ത ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും ബുദ്ധിമുട്ടായി. ക്രിക്കറ്റ് കളിക്കയാണെങ്കിൽ ബോൾതിരയാൻവേണ്ടി കളിക്കാരെ നിർത്തേണ്ട സ്ഥിതിയും ഉണ്ടായിരുന്നു. പ്രഭാതസവാരിക്ക് ഇറങ്ങുന്നവർക്കുപോലും മൈതാനത്ത് നടക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയാണ്. നവീകരണത്തിന് മുൻപ് ഫുട്ബോളും ക്രിക്കറ്റുമൊക്കെ കളിച്ചുകൊണ്ടിരുന്ന മൈതാനമാണിത്.
വളർന്ന ചെടികളും പുല്ലുമെല്ലാം വെട്ടിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. തൊഴിലാളികളെ കിട്ടാത്തതുകൊണ്ടാണ് പണി വൈകിയത്. ഉടൻതന്നെ ബാക്കിഭാഗംകൂടി വെട്ടിത്തെളിച്ച് പ്രശ്നം പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ പറഞ്ഞു.
Published: 19 Sept 2026, 03:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented