തരൂരിലെത്താൻ രണ്ടുദിവസംകൂടി വേണ്ടിവരും

To advertise here,

ആലത്തൂർ : മലമ്പുഴ ഇടതുകരകനാൽ തുറന്ന് മൂന്നാംദിവസം വെള്ളം ചിതലിയിലെത്തി. ചൂലനൂർ കനാലിലേക്ക് വെള്ളം ഒഴുകിത്തുടങ്ങിയെങ്കിലും ആറാപ്പുഴ, തോലമ്പുഴ, തോണിപ്പാടം, അത്തിപ്പൊറ്റ, തരൂർ, പഴമ്പാലക്കോട് പ്രദേശത്ത് വെള്ളമെത്താൻ രണ്ടുദിവസംകൂടി വേണ്ടിവരും. കനാലുകൾ വരണ്ടുകിടക്കുന്നതിനാൽ മണ്ണിലേക്ക് വെള്ളം പെട്ടെന്ന് വലിയുന്നത് നീരൊഴുക്കിന്റെ വേഗത്തെ ബാധിച്ചിട്ടുണ്ട്. കർഷകർ കാത്തിരുന്ന് ശാഖാകനാലുകളിൽനിന്ന് കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കുന്നതും വാലറ്റത്തേക്കുള്ള നീരൊഴുക്കിന്റെ വേഗം കുറയ്ക്കുന്നുണ്ട്. കനാലുകളിലെ തടസ്സം പൂർണമായി നീക്കാത്തതും പ്രശ്നമാണ്.

തസ്രാക്ക് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം തുടങ്ങി

ഇടതുകര കനാലിലേക്ക് സെക്കൻഡിൽ 400 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. തുടക്കത്തിൽ ഇത് 200

ഘനയടിയായിരുന്നു. കനാലിലേക്ക് വെള്ളം പൂർണതോതിൽ വിടുന്നുണ്ടെന്ന് മലമ്പുഴ ജലസേചന വിഭാഗം എൻജിനിയർമാർ പറയുന്നു. വെള്ളം ഇടതുകര കനാൽ നിറഞ്ഞൊഴുകുന്നുണ്ട്. തസ്രാക്ക് ലിഫ്റ്റ് ഇറിഗേഷൻ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുമുണ്ട്. തേങ്കുറുശ്ശി മാനാങ്കുളമ്പിൽ ഷട്ടർ ക്രമീകരിച്ചാണ് വെള്ളം കുഴൽമന്ദം, ചൂലനൂർ കനാലുകളിലേക്ക്‌ ഒഴുക്കുന്നത്. ചൂലനൂർ കനാലിലേക്ക് പത്തുദിവസമെങ്കിലും വെള്ളംവിടണമെന്ന് തോണിപ്പാടം അമ്പലക്കാട് പാടശേഖരസമിതി പ്രസിഡന്റ് ജി. മുരളീധരൻ ആവശ്യപ്പെട്ടു.

ചേരാമംഗലം ആറ്റാല തടയണ നിറച്ചേക്കും

ഏഴുദിവസത്തിനുശേഷം രണ്ടാം ഊഴത്തിലാണ് പല്ലശ്ശന, കുനിശ്ശേരി, എരിമയൂർ കനാലിലേക്ക്‌ വെള്ളംവിടുക. മാനാങ്കുളമ്പ് ഷട്ടർ നിറഞ്ഞതിനാൽ അധികവെള്ളംമാത്രം പല്ലശ്ശന കനാലിലേക്ക് വിടുന്നുണ്ട്. ചേരാമംഗലം ആറ്റാല തടയണ പദ്ധതിയിലേക്ക് വെള്ളം കൊടുക്കുന്നില്ലെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കർഷകരുടെയും പദ്ധതി ഉപദേശക സമിതിയുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് തടയണ നിറയ്ക്കാനുള്ള വെള്ളം വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ്‌ സൂചന.