കൊടുവള്ളി : മഴ പെയ്താൽ പാലക്കുറ്റി എസ്.ബി.ഐ. ശാഖമുതൽ പെട്രോൾ പമ്പ്, പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാമസ്ജിദ് വരെയുള്ള ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്.

To advertise here,

മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് പ്രധാനകാരണം. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

എസ്.ബി.ഐ. പാലക്കുറ്റി ശാഖമുതൽ പാലക്കുറ്റി അങ്ങാടിവരെയുള്ള ഭാഗത്തെ നിലവിലുള്ള ഓവുചാൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. മഴ ശക്തമാകുന്നതോടെ ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകാതെ റോഡിലേക്ക് കയറുകയും വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യുന്നു. മഴ കുറഞ്ഞശേഷവും വെള്ളം റോഡരികിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.

വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിൽ നിൽക്കുന്നവരിലേക്കും കാൽനടയാത്രക്കാരിലേക്കും വെള്ളം തെറിക്കുന്നതും പതിവാണ്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളക്കെട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഗതാഗതസുരക്ഷയ്ക്കും ഭീഷണിയാകുന്നു. മഴയിൽ ഒഴുകിവരുന്ന കല്ലും മണ്ണും റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്നത് മഴക്കാലത്ത് ചെളിശല്യത്തിനും വേനൽക്കാലത്ത് പൊടിശല്യത്തിനും ഇടയാക്കുന്നു.

നടപ്പാതയില്ല; ദുരിതം ഇരട്ടിയാകുന്നു

വെള്ളക്കെട്ടിനൊപ്പം സുരക്ഷിതമായ നടപ്പാതയുടെ അഭാവവും പ്രദേശത്തെ യാത്രാദുരിതം വർധിപ്പിക്കുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലും ആവശ്യമായ വീതിയിലുള്ള നടപ്പാതയില്ലാത്തതിനാൽ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ ഉൾപ്പെടെയുള്ളവർ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്. മഴക്കാലത്ത് റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്രക്കാർക്ക് കൂടുതൽ റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

എല്ലാദിവസവും എസ്.ബി.ഐ. പാലക്കുറ്റി ശാഖയുടെ മുൻവശംമുതൽ റോഡിന്റെ ഒരുവശത്ത് വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങിവേണം സഞ്ചരിക്കാൻ.

പാലക്കുറ്റിയിലെ വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ദിവസേന ഒട്ടേറെ​േപ്പരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ബസ് കാത്തുനിൽക്കുന്നവർക്കും വെള്ളക്കെട്ട് വലിയപ്രയാസമാണ് ഉണ്ടാക്കുന്നത്.

​ഓവുചാൽ വൃത്തിയാക്കൽ മാത്രം പോരാ

​നിലവിലുള്ള ഓവുചാൽ അടിയന്തരമായി വൃത്തിയാക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ എല്ലാ മഴക്കാലത്തും ആവർത്തിക്കുന്ന പ്രശ്നത്തിന് ഓവുചാൽ ശുചീകരണംമാത്രം ശാശ്വത പരിഹാരമാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മഴവെള്ളത്തിന്റെ ഒഴുക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതരത്തിൽ പുതിയ ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും വെള്ളം കൃത്യമായി ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും വേണം.

ദേശീയപാതയുടെ ഇരുവശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷിതമായ നടപ്പാതയും നിർമിക്കണം. വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതരത്തിൽ റോഡ്, ഡ്രെയിനേജ്, നടപ്പാത എന്നിവയുടെ നിർമാണം ഏകോപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.