പൈപ്പിടാൻ കീറിയ റോഡ് ശരിയായി മൂടിയില്ല

To advertise here,

പൊന്നാനി റോഡിലാണ് യാത്ര ദുരിതത്തിലായത്

എടപ്പാൾ : നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കാനായി നാടുനീളെ ചാൽ കീറിയിടുന്നവർക്ക് നാട്ടുകാർ അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് ചിന്തയില്ലെന്നതിന്റെ ഉദാഹരണങ്ങളുണ്ട് ജനത്തിരക്കേറിയ എടപ്പാൾ ടൗണിൽ.

നൂറുകണക്കിനു വാഹനങ്ങളും ജനങ്ങളും സദാസമയവും സഞ്ചരിക്കുന്ന എടപ്പാൾ ടൗണിലെ പൊന്നാനി റോഡിലാണ് പൈപ്പിടാൻ കീറിയ ചാൽ ശരിയായി മൂടാത്തതിനാൽ മാസങ്ങളായി ജനങ്ങൾ പ്രയാസപ്പെടുന്നത്.

എടപ്പാൾ ടൗൺമുതൽ അംശക്കച്ചേരിവരെയുള്ള ഭാഗത്ത് മൂന്നടിവീതിയിൽ ചാൽ കീറിയ ഭാഗം റീടാർ ചെയ്യാതെയാണ് വാട്ടർ അതോറിറ്റി കരാറുകാർ സ്ഥലംവിട്ടത്. വ്യാപകമായ പരാതിയുയർന്നതിനെത്തുടർന്ന് രണ്ടുവട്ടം താത്‌കാലികമായി ചാൽ മൂടിയിരുന്നു. ഇത് ഗുണമേന്മ ഇല്ലാത്തതായതിനാൽ ദിവസങ്ങൾക്കകം കാര്യങ്ങൾ പഴയപടിയായി.

മഴ പെയ്താൽ ചെളിയായും അല്ലാത്തപ്പോൾ മെറ്റലടർന്ന് റോഡിൽ പരന്നും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

കീറിയ ചാലിന്റെയും റോഡിന്റെയും വശങ്ങൾ തമ്മിൽ ഉയരവ്യത്യാസത്തിനാൽ രൂപപ്പെട്ട വിടവിലേക്ക് ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്ന അവസ്ഥയുമുണ്ട്. പിന്നാലെ വേഗത്തിൽ വരുന്ന വാഹനങ്ങളുണ്ടെങ്കിൽ വലിയ അപകടങ്ങളിലേക്ക് ഇതു വഴിയൊരുക്കും.

വാഹനത്തിരക്ക് ഏറെയുള്ള റോഡിന്റെ കാൽഭാഗം ഇത്തരത്തിൽ ഉപയോഗപ്രദമല്ലാതെ കിടക്കുന്നതിനാൽ ഗതാഗതക്കുരുക്കുമുണ്ടാക്കുന്നു.

എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തപാൽ ഓഫീസ്, സർക്കാർ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള കുട്ടികളടക്കമുള്ളവരെല്ലാം സഞ്ചരിക്കുന്ന പാതയാണിത്.

വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലുമെല്ലാം തിരക്കേറെയാണ്. റോഡരികിലെ വ്യാപാരസ്ഥാപനങ്ങളിലേക്കു വരുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാനും പ്രയാസമാണിപ്പോൾ.

പലവട്ടം മാധ്യങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും വാട്ടർ അതോറിറ്റി ഓഫീസിൽ പോയി പ്രതിഷേധമറിയിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായിട്ടില്ല. ഏതാനും വർഷം മുൻപ് നല്ലരീതിയിൽ റബ്ബറൈസ്ചെയ്ത പാതയാണ് വാട്ടർ അതോറിറ്റി ഇങ്ങനെയാക്കിയത്.

റോഡ് പൊളിച്ചാൽ അതേ ഗുണമേന്മയിൽ പുതുക്കിപ്പണിയണമെന്ന് കരാറുള്ളതാണെങ്കിലും ഇവിടെ അതിനൊന്നും വിലയില്ലാത്ത അവസ്ഥയാണ്. പൊതുമരാമത്തുവകുപ്പ്‌ അധികാരികൾ പലവട്ടം വാട്ടർ അതോറിറ്റിയോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുമുണ്ടായിട്ടില്ല.