പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി തോട്ടത്താങ്കണ്ടി വീട്ടിലേക്ക് അതിക്രമിച്ചുകയറി മുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തിച്ചതായി പരാതി. പുത്തൻപുരയിൽ മുഹമ്മദ് ഷാക്കീറിന്റെ ഓട്ടോയാണ് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വടയം കാരക്കണ്ടി റാഷിദിനെ (31) പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെ വീട്ടിലെത്തി ഓട്ടോ പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പരാതി. ഓട്ടോ പൂർണമായും കത്തിനശിച്ചു.

To advertise here,

ഓട്ടോ നിർത്തിയിട്ടതിനുസമീപം വീടിന് കേടുപാടുകളും സംഭവിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടരുന്നത് കണ്ടാണ് വീട്ടിലുള്ളവർ എഴുന്നേറ്റത്. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. പേരാമ്പ്ര ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എ.എസ്.ഐ.മാരായ സി.എം. സുനിൽകുമാർ, വി.സി. ബിനീഷ്, സി.പി.ഒ. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ചിലപ്രശ്നങ്ങളുടെ പേരിൽ മുഹമ്മദ് ഷാക്കിറുമായി നേരത്തേയുള്ള വൈരാഗ്യമാണ് അക്രമം നടത്താൻ കാരണമെന്ന് പോലീസ് പറഞ്ഞു. മുൻപൊരിക്കൽ ഓട്ടോ ആക്രമിച്ചതിന് റാഷിദിന്റെ പേരിൽ മുഹമ്മദ് ഷാക്കിർ കേസ് നൽകിയിട്ടുമുണ്ട്.