പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ഏജൻസിയായി നടപ്പാക്കുന്ന പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തട ഘടകം) പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള നാലാമത് നീർത്തട സംരക്ഷണയാത്രയ്ക്ക് തുടക്കമായി.

To advertise here,

പുഴക്കാട്ടിരിയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനംചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ അധ്യക്ഷയായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന യാത്രയിൽ 80.31 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച 13 വികസനപ്രവൃത്തികളുടെ ഉദ്ഘാടനവും നടക്കും.

ആദ്യദിനത്തിൽ അരീക്കരപ്പാടം ചെറുപുഴ പാർശ്വഭിത്തിസംരക്ഷണം, ഇറിഗേഷൻ ഡ്രെയ്നേജ്, ചൊവ്വാണപുഴ ഡ്രെയ്നേജ്, പമ്പ് ഹൗസ്, ചീനിക്കൽ ചോലക്കുളം എന്നിവയുടെ പുനരുദ്ധാരണം, അരിപ്ര ചെറുതോട് പാർശ്വഭിത്തിസംരക്ഷണം രണ്ടാംഘട്ടം, അരിപ്ര നെല്ലിക്കക്കണ്ടം പാർശ്വഭിത്തിസംരക്ഷണം തുടങ്ങിയ പദ്ധതികൾ നാടിന് സമർപ്പിച്ചു. പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വലമ്പൂർ പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. 13 കോടി രൂപ അടങ്കലിൽ ആരംഭിച്ച പദ്ധതിയിൽ ഇതിനകം 12 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞതായി അഡ്വ. നജ്മ തബ്ഷീറ അറിയിച്ചു.

അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കി ഡിസംബറോടെ പദ്ധതി പൂർണമായും പൂർത്തീകരിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കരുമുക്കിൽ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പ്രബീന ഹബീബ്, സുബൈർ, മെമ്പർമാരായ വാഹിദ, സക്കീന, രാധാകൃഷ്ണൻ, അനിൽ പുലിപ്ര, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ താഹിർ തങ്ങൾ, രാജേന്ദ്രൻ, സക്കീന തുടങ്ങിയവർ പങ്കെടുത്തു. യാത്രയുടെ രണ്ടാംദിനമായ ഞായറാഴ്ച കൊല്ലാരംചിറ വി.സി.ബി. നിർമാണം, എന്നക്കായിത്തോട് പാർശ്വഭിത്തിസംരക്ഷണം, താമരത്ത് പള്ളിയാൽതോട് പാർശ്വഭിത്തിസംരക്ഷണം, മരിങ്ങത്ത് കുളം പുനരുദ്ധാരണം, ആലിക്കൽമണ്ണ പാർശ്വഭിത്തിസംരക്ഷണം, പുളിയൻതോട് പാർശ്വഭിത്തിസംരക്ഷണം മൂന്നാംഘട്ടം, തിരുത്തിൽകുളം പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ നാടിന് സമർപ്പിക്കും.