കോഴിക്കോട്: രണ്ടാംബെല്ലിനുശേഷം ട്രാംപോളീനിൽനിന്ന് കുതിച്ചുയരുന്ന മെയ് വഴക്കത്തിന്റെ മായികലോകം. ഒാരോ കാഴ്ചക്കാരനെയും സ്വീകരിച്ചിരുത്തുകയാണ് ദ ഗ്രേറ്റ് ബോംബൈ സർക്കസ്.

To advertise here,

വൈദ്യുതവിളക്കുകളൊരുക്കുന്ന വർണപ്പൂരത്തിനെക്കാൾ തിളക്കം, സർക്കസിനെ അറിയാനെത്തിയ കുഞ്ഞിക്കണ്ണുകൾക്ക്. ടാഗോർ ഹാളിനടുത്തുള്ള സർക്കസ് കൂടാരത്തിലേക്കെത്തിയ ഓരോ കുഞ്ഞുമുഖത്തും കൗതുകവും അമ്പരപ്പും കൂടിക്കലർന്ന ചിരി, സ്‌ക്രീനുകളില്ലാത്ത ലോകത്ത് കുട്ടികളെത്തുന്നതിൽ രക്ഷിതാക്കൾക്കും സന്തോഷം.

ബോംബൈ സർക്കസ് കേരളത്തിൽ ഈ സീസൺ തുടങ്ങുന്നത് കോഴിക്കോടിന്റെ മണ്ണിൽനിന്ന്. കാഴ്ചവിരുന്നുമായി 27 വരെയുണ്ടാകും. 68 കലാകാരന്മാർ ചേർന്നൊരുക്കുന്ന 32 ഇനങ്ങളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. എത്യോപ്യൻ കലാകാരർ ഒരുക്കുന്ന ബാലൻസിങ് പ്രകടനങ്ങളിൽ നൃത്തവും ജിംനാസ്റ്റിക്‌സുമെല്ലാം കണിശതയോടെ ഒത്തൊരുമിക്കുന്നു. ജീവനുള്ള മത്സ്യത്തെ വിഴുങ്ങി തിരികെ ജീവനോടെ പുറത്തെത്തിക്കുന്ന ഫിഷ് ആക്ട് ബോംബൈ സർക്കസിനുമാത്രം സ്വന്തം. മണിപ്പൂരിന്റെ കലാകാരർ ഒരുക്കുന്ന മുൾമുനയിൽ ശരീരം താങ്ങിനിർത്തുന്ന പ്രകടനവും നീളമേറിയ സാരിയിൽ തൂങ്ങി മനോഹരമായ നൃത്തച്ചുവടുകളോടെ പറന്നിറങ്ങുന്ന നർത്തകിയുടെ പ്രകടനങ്ങളും മുതിർന്നവരെയും അദ്‌ഭുത ലോകത്തേക്കെത്തിക്കുന്നു.

പ്രവേശനകവാടത്തിലായി സർക്കസ് കാണാനെത്തിയ മഹാരഥന്മാരുടെ ചിത്രങ്ങളും കാണാം. ദിവസവും ഉച്ചയ്ക്കുശേഷം ഒന്നിനും അഞ്ചിനും ഏഴരയ്ക്കും തുടങ്ങുന്ന വിധം മൂന്ന് പ്രദർശനങ്ങളാണുള്ളത്. തീയെ മെരുക്കുന്ന ഫയർഡാൻസിന്റെ മാസ്മരികത അനുഭവിക്കാൻ ഏഴരയുടെ പ്രദർശനത്തിനുതന്നെ എത്തണം.

150, 250, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. സ്കൂൾകുട്ടികൾക്കായി കൺസെഷൻ പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മാനേജർ പി.വി. ജയപ്രകാശ് പറയുന്നു.