കൊയിലാണ്ടി : മോദി ഭരണത്തിൻകീഴിൽ തൊഴിലാളികൾ കടുത്ത സമ്മർദത്തിലാണെന്ന് സി.ഐ.ടി.യു. സംസ്ഥാനപ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ. കേന്ദ്രസർക്കാർ പാസാക്കിയ ലേബർകോഡിനെതിേര രാജ്യമെങ്ങും സംഘടിതപ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽനടക്കുന്ന സി.ഐ.ടി.യു. കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

 

പിരിച്ചുവിടൽ ഭീഷണി, അമിതമായ ജോലിഭാരം, വേതനക്കുറവ് എന്നിവ തൊഴിലാളികൾ അനുഭവിക്കുകയാണ്. കേരളത്തിലും ഇതേ അവസ്ഥയാണ് സംജാതമാകുന്നത്. മോദി സർക്കാരിനെപ്പോലെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധഭരണമാണ് കേരളത്തിൽ യു.ഡി.എഫ്. സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങൾ സി.ഐ.ടി.യു. നടത്തിയെങ്കിലും ഹിന്ദിമേഖലയിൽ വേണ്ടത്ര മുന്നേറാൻ യൂണിയനു കഴിഞ്ഞിട്ടില്ല.

യൂണിയൻ ഭാരവാഹികളും പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിൽ ക്രിയാത്മകമായി ഇടപെടണം. നമുക്കു സ്വീകാര്യമല്ലാത്ത പരാമർശങ്ങൾ ഉണ്ടായാലും അതിനു നേരേ തെറിവിളിക്കുന്നതിനു പകരം തൊഴിലാളിവർഗ മുന്നേറ്റത്തിന് സഹായകരമായ പ്രതികരണങ്ങളാണ് നടത്തേണ്ടതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി.കെ. മുകുന്ദൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. രാവിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം ജില്ലാപ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തി. ജില്ലയിലെ 120 യൂണിയനുകളെ പ്രതിനിധീകരിച്ച് 460 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാനസെക്രട്ടറിമാരായ സി.കെ. ഹരികൃഷ്ണൻ, എൻ.കെ. രാമചന്ദ്രൻ, പി.പി. പ്രേമ, പി. മോഹനൻ, കെ. ദാസൻ, സി. അശ്വനിദേവ്, പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

‘വി.ഡി. സതീശൻ നുണയനായ മുഖ്യമന്ത്രി’

ജനങ്ങളെ വിഡ്ഢികളാക്കുന്ന നുണയനായ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സാധാരണക്കാരെയും തൊഴിലാളികളെയും മറന്നുള്ള ഭരണമാണ് യു.ഡി.എഫ്. നടത്തുന്നത്. കെ.എസ്.ആർ.ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിന് ഇടതുപക്ഷം എതിരല്ല. എന്നാൽ മിക്ക ബസുകളും കട്ടപ്പുറത്താണ്. പോലീസിനെ ഉപയോഗിച്ച് എതിർ രാഷ്ട്രീയപാർട്ടി പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുകയാണെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.