നരിക്കുനി : കാപ്പാട്-തുഷാരഗിരി പാതയുടെ ഭാഗമായ പടനിലം-നന്മണ്ട റോഡിൽ ചെങ്ങോട്ടുപൊയിൽ ഭാഗത്തെ പാതയോരത്ത് നിർമാണാവശിഷ്ടങ്ങളും പാഴ്ത്തടികളും കൊണ്ടുവന്ന് തള്ളുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയാകുന്നു. റോഡരികിൽ അനധികൃതമായി നിർമാണവശിഷ്ടങ്ങളും മരത്തടികളും തള്ളുന്നത് പരിസരവാസികൾക്കും സമീപത്തെ സ്‌കൂളിനും കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

To advertise here,

 

പാറന്നൂർ സ്‌കൂളിനു സമീപത്തായുള്ള പാതയോരമാണ് പൊതുമരാമത്ത് വകുപ്പുതന്നെ അപ്രഖ്യാപിത സൂക്ഷിപ്പുകേന്ദ്രമാക്കിയിരിക്കുന്നത്. നിർമാണപ്രവൃത്തിക്കിടെ മിച്ചംവരുന്ന കല്ലും മണ്ണും റോഡരികിൽനിന്ന്‌ മുറിച്ചുമാറ്റുന്ന മരത്തടികളുമെല്ലാമാണ് ഇവിടെ സൂക്ഷിക്കുന്നത്. ചെറിയ അളവിൽ കൊണ്ടുവന്ന് തള്ളി ഇവിടം സൂക്ഷിപ്പുകേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. നിർമാണാവശിഷ്ടങ്ങളും മരഭാഗങ്ങളുമെല്ലാം ജീർണിച്ച് കാട്ടുവള്ളികളും കുറ്റിച്ചെടികളും വളർന്ന് പ്രദേശം ചെറിയതോതിൽ കാടുപിടിച്ചുകിടക്കുകയാണ്. ചെങ്ങോട്ടുപൊയിലിലെ പാറന്നൂർ സ്‌കൂളിന്റെ ഉച്ചഭക്ഷണ പാചകപ്പുരയ്ക്ക് സമീപമായാണ് പാതയോരത്ത് അനധികൃതമായി മാലിന്യം തള്ളുന്നത്. ആൾപ്പെരുമാറ്റം കുറവായതിനാലും ശുചീകരണം നടക്കാതെ കാടുകയറി കിടക്കുന്നതിനാലും ഇഴജന്തുക്കളുടെ സാന്നിധ്യവും സംശയിക്കുന്നു. റോഡരികിലെ ഈ ജീർണിച്ച മരത്തടികൾ കത്തി പുകയുയർന്നത് പരിഭ്രാന്തിപടർത്തിയിരുന്നു.

കാൽനടക്കാർക്ക് ദുരിതം

റോഡിനോടുചേർന്ന് ഒരുവശത്ത് തള്ളുന്ന നിർമാണാവശിഷ്ടങ്ങളും പാഴ്ത്തടികളും മറുവശത്ത് റോഡരികിലായി ട്രാൻസ്ഫോർമറുമുണ്ട്.മുന്നോട്ടുനടന്നാൽ കെ.എസ്.ഇ.ബി. അലക്ഷ്യമായി ഇറക്കിസൂക്ഷിച്ചിരിക്കുന്ന വൈദ്യുതത്തൂണുകളും കാണാം. ഒരുവശം റോഡിലേക്ക് തള്ളി പുല്ല് വളർന്നുകയറി കിടക്കുന്ന കോൺക്രീറ്റ് തൂണുകളിൽ തട്ടി വാഹനങ്ങൾക്ക് പോറലേൽക്കുന്നത് ഇവിടെ നിത്യസംഭവവുമാണ്.ഇരുദിശകളിലേക്കും കുതിച്ചുപായുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനടയാത്ര നടത്തുകയെന്നത് ഏറെ ക്ലേശമാണ്.

റോഡരികിൽ തള്ളുന്നത് ലേലത്തിൽ പോകാത്തവ

അപകടഭീഷണിയെത്തുടർന്ന് റോഡരികിൽനിന്ന് മുറിച്ചുമാറ്റുന്നവയും പൊതുമരാമത്ത് വകുപ്പിന്റെ ലേലത്തിൽ പോകാത്തവയുമായ മരത്തടികളാണ് യാത്രതടസ്സം സൃഷ്ടിക്കുന്നത്. ഇങ്ങനെ തള്ളുന്ന മരത്തടികളിലേറെയും അവിടെക്കിടന്ന് ജീർണിച്ച്‌ നശിച്ചുപോകാറാണ് പതിവ്. വനംവകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് ലേലംകൊള്ളാൻ ആളെ കിട്ടാത്തതാണ് കാരണം. പലപ്പോഴും പാഴ്മരങ്ങൾക്കും മറ്റും ഉയർന്നവിലയാണ് വനംവകുപ്പ് നിശ്ചയിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഗതാഗതതടസ്സം സൃഷ്ടിക്കുന്നവ പാതയോരത്തുനിന്ന്‌ മറ്റിടങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.