വടകര : ബെംഗളൂരുവിൽനടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ശാസ്ത്രനാടകം ‘വണ്ടി’ ഒന്നാംസ്ഥാനത്തോടെ ദേശീയ ശാസ്ത്രനാടക മത്സരത്തിന്. കൊൽക്കത്തയിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ നടക്കുന്ന മത്സരത്തിൽ മേമുണ്ട ദക്ഷിണേന്ത്യയെ പ്രതിനിധാനംചെയ്ത്‌ പങ്കെടുക്കും.

To advertise here,

 

ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലൂടെ മികച്ച നടനും തിരക്കഥയ്ക്കും ഉള്ള പുരസ്‌കാരവും മേമുണ്ട കരസ്ഥമാക്കി.

ശ്രീശൈവാണ് മികച്ച നടൻ. കഴിഞ്ഞവർഷവും മേമുണ്ട അവതരിപ്പിച്ച ശാസ്ത്രനാടകം ‘മുട്ട’ ദേശീയതലത്തിൽവരെ എത്തിയിരുന്നു. അന്തരീക്ഷ മലിനീകരണം തടയാൻ സോളാറും ഇലക്‌ട്രിസിറ്റിയും ഉപയോഗിച്ചുകൊണ്ടുള്ള വണ്ടികളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നതാണ് ഈ നാടകം ജനങ്ങളുമായി സംവദിക്കുന്നത്.

അന്തരീക്ഷ മലിനീകരണവും ഊർജനഷ്ടവുമില്ലാതെ ഓടുന്ന പുതിയൊരു വാഹനത്തിന്റെ കണ്ടുപിടിത്തത്തിലൂടെയാണ് നാടകം അവസാനിക്കുന്നത്.

വിദ്യാർഥികളായ തേജ, ശ്രീശൈവ്, ലാമിയ, അദ്രിനാഥ്, ആര്യലക്ഷ്മി, ആൽവിൻ ഷിബു, ആൻമിയ, ആദിൻ റനീഷ് എന്നിവരാണ് ഈ നാടകത്തിൽ വേഷമിട്ടത്. കേരളം, തമിഴ്‌നാട്, കർണാടക, പുതുച്ചേരി, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നായി 13 നാടകങ്ങളാണ് മത്സരത്തിന് എത്തിയത്. ഇതിൽനിന്നാണ് മേമുണ്ട ഒന്നാമതെത്തിയത്.