ദേശീയപാതയിലൂടെ യാത്രചെയ്യുന്ന രണ്ടിലൊരാൾ നിയമംലംഘിക്കുന്നുവെന്ന വാർത്തയ്ക്കുപിന്നാലെ മാതൃഭൂമി സംഘം ദേശീയപാതയിലൂടെ നടത്തിയ യാത്രയിലെ കാഴ്ചകൾ

To advertise here,

കോഴിക്കോട് : ആറുവരി ദേശീയപാതയിൽ വെങ്ങളം മുതൽ രാമനാട്ടുകരവരെയാണ് യാത്ര. സമയം നട്ടുച്ച. അധികം വാഹനത്തിരക്കില്ല. പക്ഷേ, വാഹനമോടിക്കുന്നവർക്കൊക്കെ നിയമംലംഘിക്കാനുള്ള തിരക്കാണ്. നിയമലംഘനങ്ങൾക്ക് പൂട്ടുവീഴുമെന്ന് സർക്കാർ ആവർത്തിച്ചുപറയുമ്പോഴും ദേശീയപാതയിൽ നിയമലംഘനത്തിന് ഒരു കുറവുമില്ലാത്ത കാഴ്ച. പാതയിലുടനീളമുള്ള സൂചനാബോർഡുകൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത െെഡ്രവിങ്.

ഇരുചക്ര, മുച്ചക്രവാഹനങ്ങൾക്ക് അനുമതിയില്ലെങ്കിൽപ്പോലും ദേശീയപാതയിലോടുന്നത് കൂടുതലും അത്തരം വാഹനങ്ങൾ. സർവീസ് റോഡിൽനിന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ നേരിട്ട് പാതയിലേക്ക് കയറിയിറങ്ങുന്നവർ വേറെ.

കുറുക്കുവഴി കണ്ടെത്തി എക്സിറ്റ് റോഡിലൂടെ എൻട്രിയിലേക്ക് കയറുന്നവരുടെ എണ്ണവും കുറവല്ല. കാറുകൾക്കാണെങ്കിൽ മത്സരയോട്ടമാണ്. ചേമഞ്ചേരിയിൽ വൺവേതെറ്റിച്ച് വാഹനങ്ങൾക്കിടയിലൂടെ കടന്നുവന്ന ഓട്ടോക്കാരൻ മരണത്തെപ്പോലും പേടിയില്ലാത്തയാളെന്നു തീർച്ച. ഇല്ലെങ്കിൽ ഈ ഒരു കടുംകൈ ചെയ്യി‌ല്ലല്ലോ?

മൂന്നു വരികളിലൂടെ തെന്നിനീങ്ങുന്നതുപോലെ മാറിമാറി സഞ്ചരിക്കുന്നവയാണവ. വരി മാറുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴുമെല്ലാം ഇൻഡിക്കേറ്റർ നൽകുന്ന സൂചന കാത്തിരിക്കുന്നവർക്ക് തെറ്റും. ദേശീയപാതയിൽ നിർത്താൻ അനുമതിയില്ലെന്നിരിക്കെ അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്ന ചെറുതും വലുതുമായ വാഹനങ്ങൾ അപകടം കാത്തിരിക്കുകയാണെന്ന് തോന്നും. വാഹനത്തിൽപ്പോകുന്നവരെമാത്രം കുറ്റംപറഞ്ഞിട്ടെന്തുകാര്യം. കാൽനടക്കാരുടെ നിയമലംഘനങ്ങളും ഒട്ടും കുറവല്ല. മിന്നുംവേഗത്തിൽ പോകുന്ന വാഹനങ്ങളെയും കൂസാതെ വണ്ടികൾ പോകേണ്ട ട്രാക്കിലൂടെ നടന്നുപോകുന്നവർക്കുമേൽ എന്തു നടപടിയെടുക്കാൻ? നിയമലംഘനങ്ങൾ തടഞ്ഞില്ലെങ്കിൽ ആറുവരിപ്പാതയിൽ ചോരപ്പാടുകൾ മായില്ലെന്നുറപ്പ്.

ക്യാമറയില്ലെങ്കിലും പിഴയുണ്ടേ...

ദേശീയപാതയിൽ ക്യാമറയില്ല, കേസില്ല എന്നൊക്കെ ആശ്വസിക്കാൻ വരട്ടെ. 24 മണിക്കൂറും പരിശോധനയ്ക്കായി മോട്ടോർ വാഹനവകുപ്പുണ്ട്. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കും തെറ്റായ പാതയിലൂടെ പോകുന്നവർക്കും കോടതി കയറിയിറങ്ങാം. ഇനി എക്‌സിറ്റിലൂടെ പ്രവേശിക്കുന്നവർക്കും എൻട്രിയിലൂടെ പോകുന്നവർക്കുമാകട്ടെ ലൈസൻസ് റദ്ദാക്കലാണ് ശിക്ഷ എന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.