മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി വിപണികൾ
കോഴിക്കോട്: ചൊവ്വാഴ്ച വൃശ്ചികം ഒന്ന്. വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുംചൂടി സന്നിധാനത്തേക്ക് ശരണംവിളികളോടെ ഭക്തജനങ്ങൾ മലകയറുമ്പോൾ, ഉണരുന്നത് നമ്മുടെ വിപണികൾ കൂടിയാണ്. ചെറുകച്ചവടസ്ഥാപനങ്ങൾ മുതൽ ഹോൾസെയിൽ കടകളിൽവരെ സീസൺ ആരംഭം മുതൽ ജനങ്ങളുടെ തിരക്ക് ആരംഭിച്ചുകഴിഞ്ഞു. തെരുവോരങ്ങളിലെ കാറ്റിനുപോലും ചന്ദനത്തിരിയുടെയും ഭസ്മത്തിന്റെയും നറുനെയ്യിന്റെയും വാസനയാണിപ്പോൾ.
അവിൽ, മലർ, ശർക്കര, നെയ്യ്, പൊരി, ചന്ദനം, സാമ്പ്രാണി അങ്ങനെ നീളുന്ന സാധനങ്ങളുടെ കൂട്ടത്തിൽ, ഏറ്റവും ആകർഷണം കടകളുടെ മുൻവശത്ത് കാറ്റിലാടുന്ന വ്യത്യസ്തതരം അയ്യപ്പമാലകളുടെ നിരയാണ്. കറുപ്പ്, ചുവപ്പ്, കാവി, നീല നിറങ്ങളിലെ അയ്യപ്പമാലകൾക്ക് 40 മുതൽ 380 രൂപവരെയാണ് വിലവരുന്നത്. അയ്യപ്പ ലോക്കറ്റുകൾക്കും മോഡലുകൾക്കനുസൃതമായി വിലയും മാറുന്നുണ്ട്. കുട്ടികൾ മുതൽ പ്രായമായവർക്കുവരെ ഉപയോഗിക്കാൻ കഴിയുന്ന ഇരുമുടി ബാഗ്, സൈഡ്ബാഗ്, ബെൽറ്റ്ബാഗ് തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഹോൾസെയിൽ-റീട്ടെയിൽ കടകളിൽ വൃശ്ചികക്കച്ചവടം ഒക്ടോബർ പകുതിമുതൽക്കെ ആരംഭിച്ചുകഴിഞ്ഞു. മണ്ഡലകാലമെത്തും മുൻപേ വിപണികൾ സജീവമായിത്തുടങ്ങിയെന്നും ഇരുമുടിക്കിറ്റിനാണ് ഏറ്റവും അധികം ആവശ്യക്കാർ വരുന്നതെന്നുമാണ് തയ്യിൽ പൂജാസ്റ്റോഴ്സ് ഉടമ സോമൻ പറയുന്നത്.
കദളിപ്പഴം, കൊട്ടത്തേങ്ങ, തേൻ, നെയ്യ്, കൽക്കണ്ടം, കർപ്പൂരം, അരി, മലർ, അരക്ക് തുടങ്ങി 18 ഇനം സാധനങ്ങളാണ് ഇരുമുടിക്കെട്ടിനുള്ളിൽ വരുന്നത്. 65 മുതൽ 80 രൂപയാണ് കിറ്റിന്റെ വില. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായും മലകയറുന്നതിനുമായി ഭക്തജനങ്ങൾ ഉപയോഗിക്കുന്ന കറുത്തമുണ്ട്, ജുബ്ബ, തോർത്ത് തുടങ്ങിയവയിലും ട്രെൻഡ് മാറുന്നുണ്ട്. അയ്യപ്പന്റെ വ്യത്യസ്ഥ ചിത്രങ്ങളോടുകൂടിയ വസ്ത്രങ്ങൾക്കാണ് പ്രിയംകൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. കൊച്ചുകുട്ടികളുടെ വസ്ത്രങ്ങളിൽ ഏറ്റവുമധികം വിറ്റുപോകുന്നത് അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും ചിത്രങ്ങൾ പതിപ്പിച്ച വസ്ത്രങ്ങളാണ്. ഹോൾസെയിൽ കടകളിൽ ഓഗസ്റ്റ് മാസംമുതൽ കച്ചവടം തുടങ്ങിക്കഴിഞ്ഞിരുന്നു. തമിഴ്നാട്, സേലം, ഈറോഡ്, മൈസൂരൂ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇത്തരം സാധനങ്ങളെല്ലാം കേരളത്തിലേക്ക് എത്തിക്കുന്നത്. അയ്യപ്പ ചിത്രങ്ങളും നെയ്യും മാത്രമാണ് കേരളത്തിനുള്ളിൽനിന്ന് ഇത്തരം വ്യാപാരകേന്ദ്രങ്ങളിലേക്കെത്തുന്നത്.
പൂവിപണിയിൽ
പൂജാസാധനങ്ങൾക്കു മാത്രമല്ല ഈ സീസണിൽ പൂജാപുഷ്പങ്ങളും വിപണിയിൽ സ്ഥാനംപിടിച്ചുകഴിഞ്ഞു. താമര, തുളസി, തെച്ചി തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്. വൃശ്ചികമാസ പൂജകൾക്കും അയ്യപ്പക്കെട്ടുകൾക്കും ഏറ്റവുമധികം ഉപയോഗിക്കുന്ന ഇവയും ഇറക്കുമതി ചെയ്യുന്നത് തമിഴ്നാട്ടിൽനിന്നും മൈസൂരുവിൽനിന്നുമാണ്. താമരമൊട്ടുകൾക്ക് സീസണായതുകൊണ്ടുതന്നെ പതിവിലും വിലകൂടുതലാണെന്ന് വാങ്ങാനെത്തുന്നവരും പറയുന്നു.
Published: 17 Nov 2026, 03:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented