കല്ലാച്ചി : കല്ലാച്ചി ടൗൺ നവീകരണ പ്രവൃത്തി തുടങ്ങി അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത് നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ഗാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ എ.സി.സി. സിമന്റ് കടവരെയുള്ള 550 മീറ്റർ ദൂരത്തിലാണ് നവീകരണം നടത്തേണ്ടത്.

To advertise here,

എന്നാൽ കെട്ടിട ഉടമകളുടെ നിസ്സഹകരണം ഉൾപ്പെടെയുള്ള തടസ്സങ്ങൾ കാരണം പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. നിലവിലെ റോഡിൽനിന്ന് ഒന്നര മീറ്റർ സ്ഥലം നവീകരണത്തിനായി വിട്ടുനൽകാമെന്ന് കെട്ടിട ഉടമകൾ നേര​േത്ത സമ്മതിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

എന്നാൽ അഞ്ചോളം കെട്ടിട ഉടമകൾ കെട്ടിടം പൊളിച്ചുമാറ്റുന്നതിനെതി​േര കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയതോടെ നവീകരണം പാതിവഴിയിൽ നിലച്ചു. തുടർന്ന് എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ച് കെട്ടിട ഉടമകളുമായി ചർച്ചനടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചില ഉടമകൾ സ്ഥലംവിട്ടുനൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് കഴിഞ്ഞമാസം വീണ്ടും പ്രവൃത്തി ആരംഭിച്ചത്. എന്നാൽ ചില കെട്ടിട ഉടമകൾ കെട്ടിടം പൊളിച്ചുനൽകാത്തതിനാൽ കരാർ കമ്പനിക്ക് പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തസ്ഥിതിയാണ്.

നിലവിൽ സ്ഥലംവിട്ടുനൽകിയ ഭാഗങ്ങളിൽ മാത്രമാണ് ഓവുചാൽ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടക്കുന്നത്. ഇതോടെ ടൗണിന്റെ സമഗ്ര നവീകരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതിനിടെ നവീകരണ പ്രവൃത്തിക്കിടെ ഉയരുന്ന പൊടിശല്യവും വ്യാപാരികളെ ദുരിതത്തിലാക്കുന്നു. റോഡിൽ ആവശ്യത്തിന് വെള്ളം തളിക്കാത്തതിനാൽ പൊടിപടലം വ്യാപിച്ച് കാൽനടയാത്രക്കാർക്കുപോലും ഇതുവഴി സഞ്ചരിക്കാൻ പ്രയാസമാണ്.

പൊടിശല്യം കാരണം കടകളിലേക്ക് ആളുകൾ എത്തുന്നില്ലെന്നും കച്ചവടം ഗണ്യമായി കുറഞ്ഞെന്നും വ്യാപാരികൾ പറയുന്നു. നവീകരണ പ്രവൃത്തിയുമായി വ്യാപാരികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നും എന്നാൽ ചില കെട്ടിട ഉടമകളുടെ നിസ്സഹകരണംമൂലം തങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

എത്രകാലംകൂടി ഈ ദുരിതം സഹിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ടൗണിലെ വ്യാപാരികളും നാട്ടുകാരും. നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.