വടകര : ദേശീയപാതയിലെ അഴിയൂർ-വെങ്ങളം റീച്ചിൽ വാഗഡ് ഇൻഫ്രാസ്ട്രക്ചർ ഏറ്റെടുത്ത പ്രവൃത്തി അടുത്ത മാർച്ചിനുള്ളിൽ പൂർത്തീകരിക്കാൻ ശ്രമം. പുതുതായി അനുവദിച്ച അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്നത് ഗൾഫാർ കൺസ്ട്രക്ഷൻസാണ്. ചോറോടുമുതൽ വടകര കരിമ്പനപ്പാലംവരെയാണ് ഗൾഫാർ ഏറ്റെടുത്ത പ്രവൃത്തികളേറെയുമുള്ളത്.
ഈ പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി 2028 മേയ് മാസമാണ്. മാർച്ചിൽ വാഗഡ് തങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കിയാലും ദേശീയപാത പൂർണമായും ഗതാഗതയോഗ്യമാകാൻ ഇനിയും ഒന്നരവർഷത്തോളമെടുക്കും. ഇതിനിടെ പുതിയ അടിപ്പാതകൾക്കായും ഓവർപാസുകൾക്കായും പലയിടത്തും സമരം തുടരുന്നുണ്ട്. ഇതനുവദിക്കുകയാണെങ്കിൽ കാലാവധിയിൽ വീണ്ടും മാറ്റംവരും.
അഴിയൂർമുതൽ വടകരവരെയുള്ള ഭാഗത്ത് വാഗഡിന് കാര്യമായ പ്രവൃത്തി ബാക്കിയുള്ളത് മുക്കാളിക്കും മടപ്പള്ളിക്കും ഇടയിലാണ്. ചോമ്പാലയിൽ അടിപ്പാതയ്ക്കായി സമരം തുടരുന്നതിനാൽ ഇവിടെ പ്രവൃത്തി നടത്താനായിട്ടില്ല. ഏതാനും ദിവസംമുൻപ് പ്രവൃത്തി തുടങ്ങാൻ ശ്രമിച്ചപ്പോൾ കർമസമിതി പ്രവർത്തകർ പണി തടഞ്ഞിരുന്നു. മുക്കാളിയിൽ സോയിൽ നെയിലിങ് തകർന്നുവീണ സ്ഥലത്തെ സംരക്ഷണഭിത്തി നിർമാണവും പൂർത്തിയായിട്ടില്ല.
കേളുബസാറിൽ പുതിയ അടിപ്പാതയുടെ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയായാലേ ഇരുവശത്തെയും റോഡുകളെ ബന്ധിപ്പിക്കാനാകൂ. മടപ്പള്ളിമുതൽ കൈനാട്ടിവരെ പ്രവൃത്തി ഏതാണ്ട് 85 ശതമാനം പൂർത്തിയായി. കെ.ടി. ബസാറിൽ പുതിയൊരു അടിപ്പാതയ്ക്കും നാദാപുരം റോഡിൽ രണ്ടാമതൊരു അടിപ്പാതയ്ക്കും മുറവിളി ഉയരുന്നുണ്ട്.
കൈനാട്ടിമുതൽ വടകര കരിമ്പനപ്പാലംവരെയുള്ള ഭാഗത്താണ് ഏറെ പ്രവൃത്തി ബാക്കിയുള്ളത്. ഏറെയും ഉയരപ്പാതയുടെ നീളംകൂട്ടലാണ്. ഇത് ഗൾഫാറാണ് ചെയ്യുന്നതെങ്കിലും ഇടയ്ക്കുള്ള റോഡ് പ്രവൃത്തി ചെയ്യേണ്ടത് വാഗഡാണ്. കരിമ്പനപ്പാലംമുതൽ പാലോളിപ്പാലംവരെ വാഗഡിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. പാലോളിപ്പാലംമുതൽ മൂരാടുവരെയുള്ള ഭാഗത്ത് നേരത്തേ പ്രവൃത്തി പൂർത്തിയായതാണ്. മൂരാടുമുതൽ നന്തിവരെയുള്ള ഭാഗത്തും കാര്യമായ പ്രവൃത്തി ബാക്കിയില്ല. പയ്യോളിക്കുസമീപം ഒരു കലുങ്കുപണി പൂർത്തിയാക്കാനുണ്ട്.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാര്യമായ പ്രവൃത്തി ബാക്കിയുള്ളത് കുന്ന്യോറമലയിലാണ്. ഇവിടെയും നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. ചെങ്ങോട്ടുകാവുമുതൽ വെങ്ങളംവരെ അവശേഷിച്ച പ്രവൃത്തി മാർച്ചിനുള്ളിൽ തീരുമെന്ന പ്രതീക്ഷയിലാണ് വാഗഡ്. സമരം നടക്കുന്ന സ്ഥലങ്ങളിലാണ് പ്രവൃത്തി സംബന്ധിച്ച അനിശ്ചിതത്വമുള്ളത്.
പുതിയ പ്രവൃത്തി ഊർജിതം
മേൽപ്പാലങ്ങളുടെയും വടകര ബൈപ്പാസിലെ ഉയരപ്പാതയുടെയും നീളംകൂട്ടുന്ന പ്രവൃത്തി ഗൾഫാർ ഊർജിതമാക്കിയിട്ടുണ്ട്. ഒരേസമയം, പൈലിങ്ങും ഗർഡർ നിർമാണവും നടക്കുന്നുണ്ട്. പുതിയസ്റ്റാൻഡ് പരിസരം, അടയ്ക്കാത്തെരു, പെരുവാട്ടുംതാഴ പാലത്തിന്റെ ഒരുവശം എന്നിവിടങ്ങളിൽ പൈലിങ് കഴിഞ്ഞു. കൈനാട്ടിയിലും കരിമ്പനപ്പാലത്തും പൈലിങ് നടക്കുന്നുണ്ട്. പൈലിങ് കഴിഞ്ഞ സ്ഥലത്ത് തൂൺ നിർമാണവും പൈൽക്യാപ് നിർമാണവുമെല്ലാം തുടങ്ങി. ഗർഡർ നിർമിച്ചുവെക്കാൻ സ്ഥലമില്ലാത്തതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം.
Published: 26 Nov 2026, 03:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented