കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിൽ ഉൾപ്പെട്ട മുത്താമ്പി ടൗണിലെ റോഡരികിലെ മത്സ്യവിൽപ്പന വലിയ അപകടസാധ്യതയുണ്ടാക്കുന്നു. റോഡരികിൽ സ്റ്റാളുകൾകെട്ടിയാണ് മത്സ്യം നിരത്തിവെച്ച് വിൽക്കുന്നത്. ഇതുവഴി പോകുന്ന വാഹനങ്ങളിലെ യാത്രക്കാർ മിക്കവരും മീൻ വാങ്ങാനായി റോഡിന് നടുവിൽത്തന്നെ കാറും ഓട്ടോയും ഇരുചക്രവാഹനങ്ങളും നിർത്തിയിടും. സ്വതവേ വാഹനത്തിരക്കുള്ള മുത്താമ്പി റോഡിൽ നിയമവിരുദ്ധമായി വാഹനം നിർത്തിയിടുന്നത് വലിയ പ്രയാസമാണ് മറ്റു യാത്രക്കാർക്കുണ്ടാക്കുന്നത്‌.

To advertise here,

 

നഗരസഭയുടെ എല്ലാ ബജറ്റിലും മുത്താമ്പിയിൽ മീൻമാർക്കറ്റിന് സ്ഥലംകണ്ടെത്തുമെന്ന് പ്രഖ്യാപനം നടത്തും. എന്നാൽ, ഇത്രയുംനാളായിട്ടും മത്സ്യമാർക്കറ്റ് സ്ഥാപിക്കാൻ നഗരസഭ ഒരുനടപടിയും സ്വീകരിച്ചില്ല. തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് മത്സ്യവിൽപ്പന മാറ്റുകയാണ് ഇവിടെ അനിവാര്യമായിവേണ്ടതെന്ന് ജനങ്ങൾ പറയുന്നു. നടേരി റോഡിൽനിന്നും അണേലറോഡിൽനിന്നും അരിക്കുളം -ഊരളൂർ ഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ എത്തുന്ന ജങ്‌ഷനാണ് മുത്താമ്പി ടൗൺ. കൊയിലാണ്ടി ഭാഗത്തേക്കും അരിക്കുളം ഭാഗത്തേക്കും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഇറങ്ങുന്നതും ഇവിടെത്തന്നെയാണ്. വൈകീട്ട് പെട്ടി ഓട്ടോകളിലെ കച്ചവടവും ഈ ജങ്‌ഷനിലുണ്ടാവും.

നഗരസഭ അടിയന്തരമായി ഇടപെട്ട് മുത്താമ്പിയിൽ മത്സ്യമാർക്കറ്റ് സ്ഥാപിക്കണമെന്നും അതല്ലെങ്കിൽ താരതമ്യേന തിരക്കുകുറഞ്ഞ നടേരി റോഡിലേക്ക് മത്സ്യ വിൽപ്പന മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ പറയുന്നു.