വടകര : കൂണുപോലെ മുളയ്ക്കുന്ന മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കടത്തനാട് പ്രവാസി ആൻഡ് ഫാമിലി വെൽഫെയർ ആൻഡ് ഡിവലപ്മെന്റ് ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ സഹകരണപ്രസ്ഥാനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതുപോലുള്ള ധാരാളം സ്ഥാപനങ്ങൾ ജനങ്ങളെ പറ്റിക്കുകയാണ്. പുതിയ ഗവൺമെൻറ് ഇത്തരം തട്ടിപ്പുകൾക്ക് അവസാനം കുറിക്കാൻ ചില കർമപദ്ധതികൾക്ക് രൂപംകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

സഹകരണപ്രസ്ഥാനങ്ങൾ നിലനിൽക്കണമെങ്കിൽ വിശ്വാസ്യത പ്രധാനപ്പെട്ടതാണ്‌. ആളുകൾ പണം നിക്ഷേപിക്കാനും നിക്ഷേപിച്ച പണം തിരികെക്കിട്ടാനുമുള്ള സാഹചര്യം ഉണ്ടാകണം. ബാങ്കിങ്‌ സംവിധാനങ്ങൾ ശരിയായ അർഥത്തിൽ നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനങ്ങൾക്കുമാത്രമേ നിലനിൽപ്പുണ്ടാകുകയുള്ളൂ. കേരളത്തിൽ സഹകരണബാങ്കുകൾ പൊളിയുന്നതിന്റെ കാരണം പണമിടപാടുകൾ സത്യസന്ധമായി നടപ്പാക്കാത്തതുകൊണ്ടാണ്. പണം സർക്കുലേറ്റ് ചെയ്ത് മുന്നോട്ടുപോകണം. കൃത്യമായനിലയിൽ നിക്ഷേപം സ്വീകരിക്കാനും വായ്പനൽകാനും കഴിയുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ സുതാര്യമായി നടപ്പാക്കിയെങ്കിൽ മാത്രമേ സഹകരണപ്രസ്ഥാനങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

കാപ്‌കോസ് പ്രസിഡന്റ് ഐ. മൂസ അധ്യക്ഷനായി. കാപ്കോസ് നിർമിച്ചുനൽകുന്ന സ്നേഹഭവൻ പ്രഖ്യാപനവും ഉന്നതവിദ്യാഭ്യാസരംഗത്തെ വിജയികളെ ആദരിക്കലും മുൻ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. പ്രമുഖപ്രവാസികളെ പ്രവീൺകുമാർ എം.എൽ.എ. ആദരിച്ചു. ഡിവിഡന്റ് വിതരണം പാറക്കൽ അബ്ദുല്ല എം.എൽ.എ.യും പ്രമുഖ സഹകാരികളെ ആദരിക്കൽ കെ.കെ. രമ എം.എൽ.എ.യും നിക്ഷേപം സ്വീകരിക്കൽ കെ.എം. അഭിജിത്ത് എം.എൽ.എ.യും നിർവഹിച്ചു. വടകര ജില്ല ആശുപത്രിയിൽ കാപ്കോസ് നൽകുന്ന കാരുണ്യഹസ്തവും വേദിക വായനശാലയ്ക്കുള്ള പുസ്തക ഉപഹാരസമർപ്പണവും സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കൽപ്പറ്റ നാരായണൻ നിർവഹിച്ചു. വായ്പവിതരണം ജോയിന്റ് രജിസ്ട്രാർ കെ. ഷീജ, വെബ്സൈറ്റ് ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്‌ട്രാർ പി. സതീഷ്, ഷെയർ സർട്ടിഫിക്കറ്റ് വിതരണം എൻ. സുബ്രഹ്മണ്യൻ, കാരുണ്യസ്പർശം ചികിത്സാ സഹായധന വിതരണം പി.എം. നിയാസ്‌, പഴയകാല കച്ചവടക്കാരെ ആദരിക്കൽ മനയത്ത് ചന്ദ്രൻ എന്നിവരും നിർവഹിച്ചു.

വി.എം. ചന്ദ്രൻ, സതീശൻ കുരിയാടി, എൻ.പി. അബ്ദുള്ളഹാജി, ജെയിംസ് മരുതങ്കര, രമേശ് നൊച്ചാട്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.കെ. പ്രീത, ടി. രാഗിഷ, പി.കെ. ജിജേഷ്, അടിയേരി രവീന്ദ്രൻ, ടി.പി. റഷീദ്, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ പീതാംബരൻ എന്നിവർ സംസാരിച്ചു.