സ്ഥലം മുൻകൂറായി ഭൂവുടമ വിട്ടുനൽകുമെന്ന് മെട്രോമാൻ

To advertise here,

പൊന്നാനി : അനിശ്ചിതത്വത്തിലായിരുന്ന തവനൂർ-തിരുനാവായ പാലത്തിന് പുതുജീവൻ കൈവന്നിരിക്കുന്നു. കഴിഞ്ഞദിവസം മന്ത്രി പി.കെ. ബഷീർ പദ്ധതിപ്രദേശം സന്ദർശിച്ചതോടെയാണ് പുത്തൻ പ്രതീക്ഷകൾ മുളപൊട്ടിയത്.

നിർമാണം ആരംഭിച്ച പദ്ധതിയാണ് അലൈൻമെന്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായത്.

മെട്രോമാൻ ഇ. ശ്രീധരനാണ് നിലവിലെ അലൈൻമെന്റിനെതിരേ രംഗത്തുവന്നത്. അലൈൻമെന്റിൽ മാറ്റം വരുത്തുന്നതുകൊണ്ട് സർക്കാരിന് നഷ്ടമുണ്ടാകില്ലെന്നും നിർമാണച്ചെലവ് ചുരുക്കാനാകുമെന്നും കാണിച്ചാണ് ഇ. ശ്രീധരൻ എൽ.ഡി.എഫ്. സർക്കാരിനെ സമീപിച്ചത്.

എന്നാൽ, നിർമാണം ആരംഭിച്ച പദ്ധതിയുടെ അലൈൻമെന്റ് മാറ്റുന്നത് പ്രായോഗികമല്ലെന്നും ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അലൈൻമെന്റ്‌പ്രകാരം നിർമാണത്തിന് ഇനിയും ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നും ഇത് പദ്ധതിക്ക്‌ കാലതാമസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്റെ നിർദേശം സർക്കാർ തള്ളുകയായിരുന്നു. അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചതോടെ നിർമാണം നിർത്തിവെക്കേണ്ടതായിവന്നു.

പദ്ധതി യാഥാർഥ്യമാക്കുന്നതിന് വി.എസ്. ജോയ് എം.എൽ.എ. മുന്നോട്ടുവരുകയും കഴിഞ്ഞദിവസം മന്ത്രി പി.കെ. ബഷീർ സ്ഥലം സന്ദർശിക്കുകയും ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അലൈൻമെന്റ് വ്യവസ്ഥകളോടെ അംഗീകരിക്കാൻ മന്ത്രി സമ്മതിക്കുകയുംചെയ്തു. മെട്രോമാനുമായി കൂടിക്കാഴ്‌ച

നടത്താൻ വി.എസ്. ജോയ് എം.എൽ.എ.യെ ചുമതലപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്.

മന്ത്രി ചുമതലപ്പെടുത്തി മണിക്കൂറുകൾക്കകം വി.എസ്. ജോയ് എം.എൽ.എ. ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.

ഭൂമി സൗജന്യമായി നൽകുകയോ അല്ലെങ്കിൽ സർക്കാർ നൽകുന്ന പണം സ്വീകരിച്ച് മുൻകൂറായി സർക്കാരിനു കൈമാറാൻ തയ്യാറാകുകയോ ചെയ്താൽ അലൈൻമെന്റ് മാറ്റാൻ തയ്യാറാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

മന്ത്രിയുടെ നിർദേശം സ്വീകാര്യമാണെന്നും ഏറ്റെടുക്കൽ നടപടികൾക്കായുള്ള കാലതാമസം ഒഴിവാക്കാൻ ഭൂമി മുൻകൂറായി സർക്കാരിന് സമർപ്പിക്കാൻ ഭൂവുടമ തനിക്ക് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇ. ശ്രീധരൻ എം.എൽ.എ.യെ അറിയിച്ചു.

തുടർനടപടികൾ വേഗത്തിലായാൽ അധികം കാത്തിരിക്കാതെ തവനൂർ-തിരുനാവായ കടവുകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്കു കുറുകേ പാലമുയരും.