എല്ലായിടത്തും 12 മീറ്റർ വീതിയില്ലെന്ന് കണ്ടെത്തൽ
പെരുവണ്ണാമൂഴി : മലയോര ഹൈവേ നിർമാണം മുടങ്ങിയ ചക്കിട്ടപാറ ടൗണിൽ വീതി നിർണയിക്കാൻ അഞ്ചാംതവണയും താലൂക്ക് സർേവ വിഭാഗത്തിന്റെ അളവ്.
വീതി സംബന്ധിച്ച് ഒരുവർഷമായി തുടരുന്ന പ്രശ്നം പരിഹരിക്കാതെ കിടക്കുന്നതാണ് വീണ്ടും അളക്കുന്നതിനു വഴിവെച്ചത്. മലയോര ഹൈവെയുടെ പെരുവണ്ണാമൂഴി ചെമ്പ്ര റീച്ചിലെ പ്രവൃത്തിയാണ് ചക്കിട്ടപാറ ടൗണിലെ പ്രശ്നം കാരണം ടാറിങ് പൂർത്തിയാക്കാനാകാതെ കിടക്കുന്നത്. പ്രവൃത്തി സംബന്ധിച്ച് കോടതിയിൽ ഉൾപ്പടെ കേസുമുണ്ടായി.
12 മീറ്റർ വീതിയിലാണ് മലയോര ഹൈവേയുടെ നിർമാണം. ഇത്രയും വീതിയിൽ ചക്കിട്ടപാറ ടൗണിൽ സ്ഥലമെടുക്കുന്നതിലാണ് പ്രശ്നം. പഴയകാലത്ത് റോഡു നിർമിച്ച സമയത്ത് 12 മീറ്റർ വീതിയിൽ സ്ഥലം എടുത്തിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ പഴയ െസ്കച്ച് പ്രകാരം എല്ലാ സ്ഥലത്തും 12 മീറ്റർ ഇല്ലെന്നാണ് സർവേയിലും വ്യക്തമായത്. ഒരിടത്ത് 7.90 മീറ്റർ മാത്രമേയുള്ളൂ.
റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറും. അതേസമയം പലതവണ അളന്നപ്പോഴും പലരീതിയിലാണ് അടയാളപ്പെടുത്തലുണ്ടായതെന്നും ഏതാണ് കൃത്യമായ അളവെന്നും നാട്ടുകാർ ചോദിക്കുന്നു.
താലൂക്ക് വികസനസമിതിയിൽ ഉൾപ്പെടെ പ്രശ്നം ചർച്ചയായതിനെത്തുടർന്നാണ് കൊയിലാണ്ടി തഹസിൽദാർ വി. ബിന്ദുവിന്റെ നിർേദശപ്രകാരം ഇപ്പോൾ പുതിയ അളവുനടന്നത്. താലൂക്ക് സർേവയർ ശ്യാംകൃഷ്ണൻ, ബി. ലിബീഷ്, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി.പി. വിജയകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി. ചക്കിട്ടപാറ ടൗണിൽ 260 മീറ്ററും ചെമ്പ്ര ടൗണിൽ 100 മീറ്ററുമാണ് തർക്കം കാരണം ടാറിങ് മുടങ്ങിക്കിടക്കുന്നത്. മറ്റിടങ്ങളിലെല്ലാം വശങ്ങളിൽ ഒാവുചാൽ നിർമിച്ചശേഷം ആദ്യഘട്ട ടാറിങ് നടന്നു കഴിഞ്ഞു.
റോഡിന്റെ വീതി നിർണയിക്കാൻ റവന്യൂ സ്കെച്ച് ആധാരമാക്കി ആളക്കണമെന്നായിരുന്നു കോടതിയിൽ കേസ് നൽകിയവരുൾപ്പടെ പിന്നീട് പഞ്ചായത്ത് നടത്തിയ ചർച്ചയിൽ ആവശ്യംഉന്നയിച്ചത്.
റോഡുപ്രവൃത്തി നടക്കാത്ത സ്ഥലങ്ങളിൽ പഴയ റോഡ് തകർന്ന് കിടക്കുകയാണ്.
മഴക്കാലത്ത് വെള്ളംകെട്ടി നിൽക്കാനും വെയിലുള്ളപ്പോൾ പൊടിശല്യത്തിനും ഇത് കാരണമാകുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുവരെ പ്രവൃത്തി നടക്കാത്തത് നേരേത്ത പ്രശ്നമായിരുന്നു. കോടതിയെ സമീപിച്ച വ്യാപാരികളുടെ കടയുടെ മുൻവശത്ത് കുഴിയെടുത്തിട്ടും ഏറെക്കാലം അഴുക്കുചാൽ നിർമിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോടതിയിൽ കേസുള്ളതിനാൽ ഇവിടെ പ്രവൃത്തി നടത്താനാകില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പ്രവൃത്തി നടക്കുന്നതുവരെ താത്കാലികമായി മണ്ണിട്ട് മൂടാനും തയ്യാറായില്ല.
കാൽനട യാത്രികർക്ക് ഇത് അപകടഭീഷണിയും ഉയർത്തി. പ്രതിഷേധത്തെത്തുടർന്ന് അടുത്തിടെയാണ് താത്കാലികമായി മണ്ണിട്ട് കുഴിമൂടിയത്. ഇവിടെ അഴുക്കുചാൽ പ്രവൃത്തി നടക്കാനുണ്ട്.
Published: 16 Oct 2026, 03:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented