മലപ്പുറം: പടക്കോപ്പുകൾ എല്ലാമുണ്ട്, എന്നാൽ പടയ്ക്ക് തീ കൊടുത്താൽ ആരുമില്ല. ഇതാണ് സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സി.യുടെ അവസ്ഥ. കഴിഞ്ഞ രണ്ടു സീസണിലും കിരീടത്തിന്റെ അടുത്തെത്താനാകാത്തതിന്റെ നാണക്കേട് തീർക്കുമെന്ന വെല്ലുവിളിയുമായാണ് ടീം മൂന്നാം സീസണിന് ഒരുങ്ങിയത്. എന്നാൽ കഴിഞ്ഞ മൂന്നു കളികളിലും തോൽവിയാണ് ഫലം.
ശനിയാഴ്ച വൈകീട്ട് 7.30-നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യ ഹോം മാച്ച്. കഴിഞ്ഞതവണത്തെ റണ്ണേഴ്സപ്പായ തൃശ്ശൂർ മാജിക് എഫ്.സി.യാണ് എതിരാളികൾ. ഇതിലെങ്കിലും ജയിച്ച് തുടർന്നുള്ള പോരാട്ടത്തിനു മൂർച്ചകൂട്ടാനുള്ള ശ്രമത്തിലാണ് മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫ.
ആദ്യ മത്സരത്തിൽ ഫോർസ കൊച്ചിയോട് എതിരില്ലാത്ത ഒരു ഗോളിനും രണ്ടാം കളിയിൽ കാലിക്കറ്റ് എഫ്.സി.ക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ടിലും പരാജയപ്പെട്ട മലപ്പുറം മൂന്നാമത്തെ കളിയിൽ തിരുവനന്തപുരം കൊമ്പൻസിനു മുന്നിലും പെനാൽറ്റിയിൽ വീണു. ഇതിൽ കൊമ്പൻസിനോടേറ്റ തോൽവിയാണ് ആരാധകരുടെ ഹൃദയം കീറിമുറിച്ചത്. 90 മിനിറ്റുവരെ രണ്ടു ഗോളിനുമൻപിൽനിന്ന മലപ്പുറം അധികസമയത്തു രണ്ടു ഗോൾ വഴങ്ങി. കളി പെനാൽറ്റിയിലേക്ക് നീണ്ടപ്പോൾ സമ്മർദ്ദം താങ്ങാനാകാതെ തലകുനിച്ചു.
ആദ്യ 75 മിനിറ്റ് വരെ മികച്ച പ്രകടനം നടത്തുന്ന ടീം അവസാന സമയങ്ങളിൽ തളരുന്നതാണ് വിനയായത്. ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള മുറകൾ പരിശീലകൻ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. പ്രതിരോധത്തിൽ അബ്ദുൽഹക്കു വിയർപ്പൊഴുക്കി കളിക്കുന്നതാണ് കൂടുതൽ ഗോളുകൾ വലയിലെത്താത്തതിന്റെ കാരണം. ഹക്കു ഇല്ലായിരുന്നെങ്കിൽ വലയിലെ കുലുക്കം കൂടുമെന്നാണ് ആരാധകരുടെ അഭിപ്രായം.
കളി കളറാകട്ടെ
മൂന്നു കളികളിൽനിന്ന് രണ്ടു പോയിന്റുമായി അഞ്ചാമതാണ് മലപ്പുറം. ഇത്രയും കളികളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള തൃശ്ശൂർ മാജിക് എഫ്.സി.യാണ് അവസാന സ്ഥാനത്ത്. തിരിച്ചടികളിൽനിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ കരുത്തോടെ വിജയപാതയിൽ തിരിച്ചെത്താനാണ് ടീമിന്റെ ശ്രമം. ഘാന സെന്റർ ബാക്ക് അബ്ദുൽ സമദ് അങ്കോ, യുവതാരം ബിലാൽ, മൊറോക്കൻ താരം എൽഫോർസി, ഡാനിയേൽ ലാലിംപുയിയ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തിലാണ് മലപ്പുറത്തിന്റെ പ്രതീക്ഷകൾ. ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിങ് പോയന്റിലെത്തുമ്പോൾ ഗോളടിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. സ്ട്രൈക്കർമാരായ ഫ്രഞ്ച് താരം അമാദു സൊകൂനയും ബോസ്നിയൻ താരം നദീം ഹാദ്സിച്ചും ഗോളടിച്ചുതുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കരുതാം.
മൈതാനം ഉഷാർ
പയ്യനാട് സ്റ്റേഡിയത്തിലെ പഴയ പുൽപ്രതലം പൂർണമായും നീക്കംചെയ്ത് മൈതാനത്തിന്റെ ഉയരം ഏകദേശം ഒരടി വർധിപ്പിച്ച ശേഷമാണ് ഉയർന്ന നിലവാരത്തിലുള്ള പുതിയ പുൽത്തകിടി ഒരുക്കിയിരിക്കുന്നത്. മഴക്കാലത്തും മത്സരങ്ങൾ തടസ്സമില്ലാതെ നടത്താനാകുന്ന തരത്തിലാണ് നവീകരണം. ഏകദേശം ഒന്നരക്കോടി രൂപ ചെലവിലാണ് മലപ്പുറം ഫുട്ബോൾ ക്ലബ്ബ് മാനേജ്മെന്റ് ഗ്രൗണ്ട് നവീകരണപദ്ധതി നടപ്പാക്കിയത്.
ഗ്രൗണ്ടിന്റെ നവീകരണത്തിനു പുറമേ കളിക്കാർക്കും കാണികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഇരു ഗോൾപോസ്റ്റുകൾക്കു പിന്നിലായി താത്കാലിക ഗാലറികളും സജ്ജീകരിച്ചു. മത്സരങ്ങൾക്കുള്ള ടിക്കറ്റ് www.skillboxes.com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്. മത്സരദിവസം സ്റ്റേഡിയം ബോക്സ് ഓഫീസിലും ടിക്കറ്റ് വില്പനയുണ്ടായിരിക്കും.
Published: 16 Oct 2026, 03:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented