താമരശ്ശേരി : വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പത്തുചക്ര കണ്ടെയ്‌നർ ലോറി ഏഴാം ഹെയർപിൻ വളവിൽ വിലങ്ങനെ കുടുങ്ങിയതോടെ താമരശ്ശേരിച്ചുരത്തിൽ ശനിയാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ നേരിട്ടത് കടുത്ത യാത്രാദുരിതം.
പുലർച്ചെ നാലുമണിയോടെയാണ് വളവ് ഇറങ്ങവേ നിയന്ത്രണംവിട്ട ലോറിയുടെ മുൻവശത്തെ വലതുചക്രം സംരക്ഷണഭിത്തിക്ക് മുകളിലൂടെ ചാടി താഴേക്ക് തൂങ്ങിനിന്നത്.
സംരക്ഷണഭിത്തിക്കുമുകളിൽ കയറിയ നിലയിലായിരുന്നു ഇടതു മുൻചക്രം. കണ്ടെയ്‌നറിന്റെ അടിഭാഗം ഡിവൈഡറിൽ തട്ടി നിന്നതിനാലാണ് വാഹനം പാതയോരത്തെ മീറ്ററുകളോളം താഴ്ചയുള്ള കൊക്കയിലേക്ക് വീഴാതിരുന്നത്.
തലനാരിഴയിടയ്ക്കാണ് ലോറിയിലെ ജീവനക്കാർ രക്ഷപ്പെട്ടത്. വളവിൽനിന്ന് അനക്കാനാവാതെ നിന്ന കണ്ടെയ്‌നർ ലോറി ക്രെയിനും എസ്‌കവേറ്ററും വെച്ച് രാവിലെ ഏഴരയ്ക്കുശേഷമാണ് വലിച്ചുനീക്കി ഏഴാം വളവിന് അരികിലേക്ക് മാറ്റിയത്. അതുവരെ ഹെയർപിൻവളവിലൂടെ ഒറ്റവരിയായിമാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്. വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കാവട്ടെ ലോറിയുടെ പുറകുവശത്തുകൂടി കൊടുംവളവ് വളച്ചെടുത്ത് കടന്നുപോവാൻ പ്രയാസം നേരിട്ടു.
നിയന്ത്രണസമയത്തിന് മുൻപെത്തി, മൾട്ടി ആക്‌സിൽ ഭാരവാഹനങ്ങൾ കൂടുതലായി കടന്നുപോവുന്ന പുലർച്ചെ സമയമാണ് കണ്ടെയ്‌നർ ലോറി ചുരത്തിൽ ഭാഗിക ഗതാഗതതടസ്സമുണ്ടാക്കിയത്.
ചുരംപാതയിലാവട്ടെ ഈ സമയം യാത്രാവാഹനങ്ങളും അധികമായിരുന്നു. ട്രാഫിക് മര്യാദ പാലിക്കാതെ നിരതെറ്റിച്ച് കടന്നുവന്ന ചെറുതും വലുതുമായ വാഹനങ്ങൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
അതോടെ വലിയ വാഹനങ്ങൾക്ക് കുറെനേരത്തേക്ക് കടന്നുപോവാനാത്ത സാഹചര്യവുമുണ്ടായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇരുദിശകളിലും കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ വരിയിൽ കാത്തുകിടന്നു.
താഴെഭാഗത്ത് അടിവാരം വരെയും മുകൾഭാഗത്ത് തളിപ്പുഴവരെയും കുരുക്ക് നീണ്ടു. വാഹനത്തിരക്കുകാരണം ലോറി വളവിനരികിലേക്ക് മാറ്റി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗതാഗതക്കുരുക്കിന് ശമനമായില്ല.
താമരശ്ശേരി ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരം സംരക്ഷണസമിതിയംഗങ്ങളും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
രാവിലെ എട്ടുമണിക്കുശേഷം അടിവാരം ഔട്ട് പോസ്റ്റ് പോലീസ് അടിവാരത്ത് മൾട്ടി ആക്‌സിൽ ഭാരവാഹനങ്ങൾ തടഞ്ഞിട്ടു.
താമരശ്ശേരി പോലീസ് ചുങ്കത്തുവെച്ച് ഭാരവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.അതിനിടെ രാവിലെ എട്ടരയ്ക്കുശേഷം ഏഴാം വളവിന് സമീപം ഒരു ലോറി യന്ത്രത്തകരാർ കാരണം നിന്നുപോയി.
ഒരു മണിക്കൂറോളം കഴിഞ്ഞാണ് വാഹനം അവിടെനിന്ന് മാറ്റിയത്. ആറാംവളവിന് മുകളിൽ ഒരു ട്രാവലർ, ബാറ്ററി തകരാർകാരണം വഴിയിൽ കുടുങ്ങി. ഈ രണ്ടുവാഹനങ്ങളും മാറ്റുന്നതുവരെ ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോവാനായത്.
ഈ ഭാഗിക ഗതാഗതതടസ്സങ്ങളും നവീകരണപ്രവൃത്തി നടക്കുന്ന വളവുകളിൽ സ്വാഭാവികമായുണ്ടാവാറുള്ള വാഹനങ്ങളുടെ വേഗക്കുറവും കാരണം അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരംപാതയിലുണ്ടായത്.
ചുരത്തിൽ കുടുങ്ങിയ ബസ് യാത്രക്കാർ ഉൾപ്പെടെ പലർക്കും മൂന്നുമണിക്കൂറിലേറെ സമയമെടുത്താണ് അടിവാരത്തുനിന്ന് ലക്കിടിയിൽ എത്താനായത്. വൈകീട്ടോടെയാണ് ചുരത്തിൽ ഗതാഗതം പഴയപടിയായത്.
Published: 06 Sept 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented