വടകര : നിർമാണം പൂർത്തിയായ ആറുവരിപ്പാതയുടെ ഓരത്തെ ലോറി പാർക്കിങ് അപകടം മാടിവിളിക്കുന്നു. വടകര മേഖലയിൽ പാലോളിപ്പാലംമുതൽ മൂരാടുവരെ പണി പൂർത്തിയായ റോഡിന്റെ ഇരുവശത്തും ലോറികൾ നിർത്തിയിട്ടത് കാണാം. ഇതിന് പകലെന്നോ രാത്രിയെന്നോ ഭേദമില്ല. തൃശ്ശൂരിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് എട്ടുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ പാർക്കിങ് നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങി.
മൂരാടാണ് പാർക്കിങ്ങിന്റെ പ്രധാനകേന്ദ്രം. വടകരയിൽനിന്ന് കോഴിക്കോട്ടേക്കുള്ള റോഡിൽ മൂരാടുപാലം എത്തുന്നതിന് മുൻപേ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരുവരിയിൽമാത്രമാണ് ഗതാഗതം അനുവദിച്ചത്. രണ്ടുവരിപ്പാത ഡിവൈഡർവെച്ച് അടച്ചു. ഇതിനോടുചേർന്നാണ് ലോറി പാർക്കിങ്ങിന്റെ ഒരു കേന്ദ്രം. മൂന്നുവരിയിലൂടെ കുതിച്ചുവരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ ഒരുവരിയിലേക്ക് മാറണം. ഇതുതന്നെ അപകടഭീഷണിയാണ്. ഇതിനിടെയാണ് ലോറി പാർക്കിങ്ങും. ഏതാണ്ട് പാലത്തിന് അടുത്തുവരെ പാർക്കിങ് കാണാം. രാത്രിയിൽ മൂരാടുപാലത്തിൽവരെ ലോറികൾ നിർത്തിയിടാറുണ്ട്.
മൂരാടുനിന്ന് വടകരയിലേക്ക് പോകുന്ന മൂന്നുവരിപ്പാതയിൽ പെട്രോൾപമ്പിന് സമീപത്തുമുണ്ട് റോഡരികിലെ ലോറിപാർക്കിങ്. മൂന്നുവരിപ്പാതയുടെ പുറത്താണ് പാർക്കിങ്ങെങ്കിലും ചില ലോറികൾ ആദ്യവരിയിലേക്ക് കയറ്റിയാണ് പാർക്കുചെയ്യുന്നത്. അരവിന്ദ്ഘോഷ് റോഡിലാണ് മറ്റൊരു പാർക്കിങ് കേന്ദ്രം. ഇവിടെ മൂന്നുവരിപ്പാതയിൽ കയറ്റിയാണ് ലോറികൾ നിർത്തുന്നത്.
വടകരയിലെയും മറ്റും ഗതാഗതക്കുരുക്ക് കഴിഞ്ഞുവരുന്ന വാഹനങ്ങൾ പാലോളിപ്പാലം-മൂരാട് പാതയിൽ കയറിയാൽ പിന്നെ കുതിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ റോഡരികിൽ വാഹനങ്ങൾ നിർത്തുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.
ഡിവൈഡറുകൾക്കിടയിലൂടെയുള്ള വിടവിലൂടെയാണ് അരവിന്ദ് ഘോഷ് റോഡിലും മറ്റും നാട്ടുകാർ റോഡ് മുറിച്ചുകടക്കുന്നത്. റോഡരികിൽ വലിയ ലോറികൾ നിർത്തുന്നത് ഇവർക്കും ഭീഷണിയാണ്.
ലോറികൾ നിർത്തുന്നതിനാൽ റോഡിലൂടെ കുതിച്ചുവരുന്ന വാഹനങ്ങൾ കാണാൻകഴിയില്ല. പണി നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തും ലോറികൾ നിർത്തിയിടുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ല.
Published: 06 Sept 2026, 02:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented