പന്തീരാങ്കാവ് : ദേശീയപാത 66-ൽ അറപ്പുഴയിലെ മൂന്നാമത്തെ പാലത്തിന് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സർവീസ് റോഡ് അടച്ചതോടെ പ്രദേശത്ത് രൂക്ഷമായ യാത്രാദുരിതം. പൂളേങ്കര നമ്പിക്കുളം സ്റ്റോപ്പ് മുതൽ അറപ്പുഴ പാലം വരെയുള്ള സർവീസ് റോഡ് കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് പൂർണമായും അടച്ചത്. ഇതോടെ ഈ വഴി സർവീസ് നടത്തിയിരുന്ന മെഡിക്കൽകോളേജ് - രാമനാട്ടുകര ബസുകൾ സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ നേരിട്ട് കടന്നുപോകാൻ തുടങ്ങിയതാണ് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

To advertise here,

യാത്രക്കാർ നടക്കേണ്ടത് കിലോമീറ്ററുകൾ

ബസുകൾ ദേശീയപാതവഴി തിരിച്ചുവിട്ടതോടെ പനമരം, കൊടൽ നടക്കാവ്, വയൽക്കര, അറപ്പുഴ എന്നീ പ്രധാന സ്റ്റോപ്പുകളിൽ ഇറങ്ങാനും കയറാനും യാത്രക്കാർക്കു കഴിയുന്നില്ല. കൊടൽ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ, ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്ന രോഗികൾ, കേരള സിഡ്‌കോ ടൂൾ റൂം കം ട്രെയിനിങ് സെന്റർ ജീവനക്കാർ, അറപ്പുഴ വയൽക്കര പ്രദേശവാസികൾ എന്നിവരാണ് ഏറ്റവുംകൂടുതൽ പ്രയാസപ്പെടുന്നത്. ബസ് സൗകര്യം ഇല്ലാതായതോടെ ഇവർ രണ്ട് കിലോമീറ്റർ വരെ കാൽനടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ്.

ബസ് ലഭിക്കാത്തതിനെത്തുടർന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദേശീയപാതയുടെ സുരക്ഷാമതിൽ മറികടന്ന് ബസുകളിൽ കയറാൻ ശ്രമിക്കുന്നത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. ദേശീയപാതയുടെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ട്രാക്കിലേക്ക് ചാടിയിറങ്ങുന്ന ഇത്തരം ശ്രമങ്ങൾ ഏതൊരു നിമിഷവും വൻ ദുരന്തത്തിന് കാരണമായേക്കാം.

താത്കാലിക പരിഹാരം വേണമെന്ന് ആവശ്യം

ഗർഡർ സ്ഥാപിക്കൽ പൂർത്തിയാക്കാൻ മൂന്ന് മാസത്തിലേറെ സമയമെടുക്കുമെന്നാണ് നിർമാണക്കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ ഇത്രയുംനീണ്ട കാലയളവിൽ ബസ് യാത്രക്കാരെ വഴിയാധാരമാക്കുന്ന അധികൃതരുടെ നിലപാടിൽ ശക്തമായ ജനരോഷം ഉയരുന്നുണ്ട്. യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി പകരം യാത്രാസംവിധാനമോ, ബസുകൾക്ക് സുരക്ഷിതമായി ആളുകളെ ഇറക്കാനുള്ള താത്കാലിക ക്രമീകരണങ്ങളോ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.