പേരാമ്പ്ര : ജനവാസമേഖലയിലേക്ക് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങുന്നതിനാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് കഴുക്കോട് വയലിൽ കൃഷിചെയ്യാനാകാതെ നെൽക്കർഷകർ. നെൽക്കൃഷിക്കായി വിത്തിട്ട സ്ഥലത്ത് പന്നികൾ കൂട്ടത്തോടെ ഇറങ്ങി എല്ലാം ഉഴുതുമറിച്ചെന്നപോലെയാക്കി നശിപ്പിച്ചു.
അഞ്ചേക്കറോളം സ്ഥലത്ത് കൃഷി ചെയ്യാൻ ഞാറ്റടി തയ്യാറാക്കാൻ വിത്തിട്ട സ്ഥലത്താണ് പന്നികൾ നാശംവിതച്ചത്. മറ്റു സമയങ്ങളിൽ വെള്ളത്തിന്റെ പ്രശ്‌നങ്ങളുള്ളതിനാൽ ഒരുവിള മാത്രമാണ് ഇവിടെ കൃഷിചെയ്യാറുള്ളത്. കഴിഞ്ഞവർഷം കതിരായ നെൽക്കൃഷിയും പന്നികൾ നശിപ്പിച്ചിരുന്നു.
മുയിപ്പോത്ത് നെല്ലിയോട്ടുപൊയിൽ ഫൈസലിന്റെ രണ്ടേക്കർസ്ഥലത്ത് നെൽക്കൃഷി ചെയ്യാനിട്ട വിത്താണ് നശിപ്പിച്ചത്. രക്തശാലി, കയമ, മല്ലിക്കുറുവ, ചുവന്ന ത്രിവേണി, സുപ്രിയ എന്നിങ്ങനെയുള്ള നെൽവിത്തുകളെല്ലാമാണ് നഷ്ടമായത്. പാരമ്പര്യവിത്തുകളടക്കം കൃഷി ചെയ്യുന്നയാളാണ് ഫൈസൽ. വയലുഴുത് നിലമൊരുക്കി ഞാറ്റടി തയ്യാറാക്കുന്നതിനടക്കം പണം ചെലവഴിച്ചതാണ്.
വലിയ നഷ്ടമാണ് ഇത്തവണ ഇദ്ദേഹത്തിനുണ്ടായത്. കഴിഞ്ഞതവണ കതിരായ സമയത്ത് 50 സെന്റിലെ വയനാടൻ കയമ നെൽക്കൃഷിയും കാട്ടുപന്നികളിറങ്ങി നശിപ്പിച്ചിരുന്നു. ഒന്നും കൊയ്‌തെടുക്കാൻ കിട്ടിയില്ല. നൂൽക്കമ്പി പാടത്തിന് ചുറ്റുംകെട്ടി തുണിമറ വെച്ചാണ് ഇത്തവണ കൃഷിചെയ്തത്. എന്നിട്ടും രക്ഷയുണ്ടായില്ല. പാറക്കണ്ടി കുഞ്ഞിക്കണ്ണൻ, ആപ്പാംകുഴിയിൽ കൃഷ്ണൻ, ഒതയോത്ത് അനീഷ് എന്നിവരുടെ കൃഷിയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
ഒക്ടോബറിൽ വിത്തിട്ട് ഫെബ്രുവരിയിൽ നെൽക്കൃഷി കൊയ്‌തെടുക്കുന്ന മകരക്കൃഷിയാണ് ഇവിടെ ചെയ്യാറുള്ളത്. 40 ഹെക്ടറോളം സ്ഥലമാണ് കഴുക്കോട് വയൽ പാടശേഖരത്തിലുള്ളത്. ഇതിൽ 25 ഹെക്ടർ സ്ഥലത്ത് 45-ഓളം കർഷകർ കൃഷിചെയ്യുന്നുണ്ട്. ശാലാപുരം തുറയിൽ കെട്ടിനിൽക്കുന്ന വെള്ളം വേനൽക്കാലത്ത് തോട്ടിലൂടെ പാടത്തേക്ക് എത്താറുണ്ട്. ഇപ്പോൾ തുറയിൽ ചല്ലി നിറഞ്ഞതിനാൽ വെള്ളം സംഭരിക്കപ്പെടാത്ത സ്ഥിതിയുണ്ടെന്നും അതിനാൽ വേനൽക്കാലത്ത് പാടത്തേക്ക് ആവശ്യത്തിന് വെള്ളംകിട്ടാത്ത പ്രശ്‌നവും നേരിടുന്നുണ്ടെന്നും കർഷകർ പറയുന്നു.
പ്രദേശത്ത് വീട്ടുപറമ്പുകളിലും കുറച്ചുകാലമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. രണ്ടുവർഷമായാണ് നെൽപ്പാടത്ത് കൃഷി നശിപ്പിക്കാൻ തുടങ്ങിയത്. കർഷകരുടെ പരാതിയെത്തുടർന്ന് കൃഷിഭവനും പഞ്ചായത്തും ഇടപെട്ട് പന്നികളെ കൊല്ലാൻ ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ട്. രണ്ടുദിവസമായി ഷൂട്ടർമാർ സ്ഥലത്തെത്തിയിട്ടും പന്നികളെ കണ്ടെത്തി കൊല്ലാനായിട്ടില്ല.
Published: 04 Nov 2026, 03:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented