ഇത് കാടല്ല, റോഡാണ്​

To advertise here,

കൊയിലാണ്ടി : പുളിയഞ്ചേരി എം.ജി.എൻ. നഗറിൽനിന്ന് ആനക്കുളം വരെയുള്ള കനാൽ റോഡ് കാടുമൂടിക്കിടക്കുന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാലിന്റെ റോഡാണിത്. ഇതുവഴി വാഹനങ്ങൾ പോകുന്നതിനുവേണ്ടിയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ അടിപ്പാത നിർമിച്ചത്.

ആദ്യ പദ്ധതിയിൽ ഇല്ലായിരുന്ന അടിപ്പാത നിർമിച്ച് കിട്ടുന്നതിന് ജലസേചനവകുപ്പും ജനപ്രതിനിധികളും വലിയ സമ്മർദംചെലുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് അടിപ്പാതയ്ക്ക് അനുമതി നേടിയെടുത്തത്. വകുപ്പിന്റെ കനാൽപരിശോധന വാഹനം കടന്നുപോകാൻ

അടിപ്പാത അനിവാര്യമാണെന്നായിരുന്നു അവരുടെ വാദം. ജീപ്പ് വരെയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയോജനപ്പെടുന്ന റോഡുകൊണ്ട് നിലവിൽ ആർക്കും ഉപകാരമില്ല.

അധികൃതരുടെ അനാസ്ഥകാരണമാണ് റോഡ് ആർക്കും ഉപകരിക്കാതെ കിടക്കുന്നത്. അടിപ്പാത നിർമാണംവരെ ആളുകൾ യാത്രചെയ്ത വഴിയാണ് കാടുമൂടിയത്. ഇരുവശത്തുനിന്നും പടർന്നുപന്തലിച്ച കാട് കാരണം കാൽനടയാത്രപോലും അസാധ്യമായി മാറി. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതായും പ്രദേശവാസികൾ പറയുന്നു. കൂടാതെ കനാലിനടുത്ത് കടപുഴകിവീണ വൻമരം മുറിച്ചുതള്ളിയതും കനാൽറോഡിലേക്കാണ്.

അടിപ്പാത നിർമിച്ചുനൽകിയിട്ടും അധികൃതരുടെ നിഷ്‌ക്രിയത്വമാണ് റോഡിന്റെ ദുരിതാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാത നിർമാണം പൂർത്തിയായാൽ ആനക്കുളം മുതൽ പുളിയഞ്ചേരി സൈഫൺ വരെയുള്ള കനാൽറോഡ് ടാർചെയ്ത് ഗതാഗതം സുഗമമാക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഉപയോഗിച്ചുപോന്ന റോഡുകൂടി ഇല്ലാതായി.

റോഡിലെ കാടുകൾ വെട്ടിമാറ്റി ഗതാഗതയോഗ്യമാക്കാനും അടിപ്പാതയിലുൾപ്പെടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും ജലസേചനവകുപ്പും നഗരസഭയും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.