കായണ്ണബസാർ: രണ്ട് വലിയവാഹനങ്ങൾ എതിരേവന്നാൽ തുടങ്ങും കായണ്ണയിൽ ഗതാഗതക്കുരുക്ക്. ദിനംപ്രതി ഒട്ടേറെ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുന്ന കായണ്ണ അങ്ങാടിയിലെ നിത്യേനയുള്ള സ്ഥിതിയാണിത്.

To advertise here,

ഇതുവഴിവരുന്ന വലിയവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഒരു പ്രാർഥനയേയുള്ളൂ, ‘എങ്ങനെയെങ്കിലും കായണ്ണ അങ്ങാടികടന്നു കിട്ടണേ’യെന്ന് അങ്ങാടിയിലെ റോഡിന്റെ വീതിക്കുറവാണ് കുരുക്കിന് പ്രധാനകാരണം. പിന്നെ അലക്ഷ്യമായി റോഡിന്റെ ഇരുവശങ്ങളിലും പാർക്കുചെയ്യുന്ന ഇരുചക്രവാഹനമുൾപ്പെടെയുള്ളവയും കാരണമാവുന്നു. പഞ്ചായത്ത് അധികൃതർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പല മാർഗനിർദേശങ്ങളും ഗതാഗതപരിഷ്കാരങ്ങളുമൊക്കെ കൊണ്ടുവന്നെങ്കിലും ഇതൊന്നും കായണ്ണയിൽ ഏശിയിട്ടില്ല. റോഡിൽ ‘നോ പാർക്കിങ്’ എന്നെഴുതിവെച്ചത് മഴയത്ത് ഒലിച്ചുംപോയി. സമീപ ടൗണായ കൂട്ടാലിടയിൽ റോഡിന് നല്ലവീതിയും പാർക്കിങ് സൗകര്യവുമുണ്ട്.

ഉപഭോക്താക്കൾക്ക് കായണ്ണ അങ്ങാടിയിൽ ഒരുവാഹനം പാർക്കുചെയ്ത്‌ സാധനങ്ങൾ വാങ്ങാൻപറ്റാത്ത അവസ്ഥയായതിനാൽ വേണ്ടത്ര കച്ചവടം കിട്ടുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. തേങ്ങകയറ്റാൻ വലിയ ടോറസ് വന്നാൽ പിന്നെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണിവിടെ. ചെറിയ റോഡും വലിയ കടകളുമുള്ള കായണ്ണ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താനാവാതെ അധികൃതരും വലയുകയാണ്. അനുദിനം വികസനത്തിന്റെ പാതയിലേക്ക് നാട് കുതിക്കുമ്പോൾ അങ്ങാടിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നത് അധികൃതരുടെ കടമകൂടിയാണ്.

 

പഴയകാലത്ത് റോഡോരത്ത് കടകൾ നിർമിക്കുമ്പോൾ ഇത്രമീറ്റർ വിടണമെന്ന നിബന്ധനകളുണ്ടായിരുന്നില്ല. അധികൃതർക്ക് ഭാവിവികസന കാഴ്ചപ്പാടും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കായണ്ണയിൽ ഒരു ബൈപ്പാസ് റോഡ് നിർമിച്ചാൽ ഭാവിയിൽ ഒരുപരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം, ദിനംപ്രതി വാഹനങ്ങൾ പെരുകുമ്പോൾ അനുബന്ധമായി റോഡുവികസനവും വരണമെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് കനാലുകൾ സംഗമിക്കുന്ന കനാൽപ്പാലത്തിനു സമീപം വേണ്ട സ്ഥലസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഭാവിയിൽ ഒരു ബസ് സ്റ്റാൻഡും ഷോപ്പിങ്‌ കോംപ്ലക്സും വാഹനപാർക്കിങ് സംവിധാനവും ഒരുക്കാൻ കഴിയുമെന്നാണ് പൊതുപ്രവർത്തകർ പറയുന്നത്.

മാർഗരേഖകളുമായി നാട്ടുകാർ

കായണ്ണ അങ്ങാടിയിൽ കുറ്റ്യാടി ജലസേചനപദ്ധതിയുടെ മൂന്ന് കനാലുകൾ കായണ്ണ കനാൽപ്പാലത്തിനു സമീപമാണ് സംഗമിക്കുന്നത്. മെയിൻ കനാൽ കായണ്ണബസാറിൽ എത്തിനിൽക്കുന്നു. ഇവിടെനിന്ന്‌ കക്കോടി ബ്രാഞ്ച് കനാലും ഇരിങ്ങൽ ബ്രാഞ്ച് കനാലും രണ്ടായി പിരിഞ്ഞുപോവുകയാണ്. ഈ മൂന്നുകനാലുകളുടെയും സംഗമസ്ഥാനമാണ് കായണ്ണ അങ്ങാടി. കായണ്ണ അങ്ങാടിയുടെ ഹൃദയഭാഗമാണിവിടെ. ഈ മൂന്നുകനാലുകളിലും നൂറുമീറ്റർ അകലംവീതം കാസ്റ്റ് അയേൺ പൈപ്പുകൾ ഇട്ട് മണ്ണുമൂടിക്കഴിഞ്ഞാൽ വിശാലമായ സ്ഥലസൗകര്യം ഏർപ്പെടുത്താമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

രണ്ട് ബ്രാഞ്ച് കനാലുകളിലേക്കും വെള്ളം തിരിച്ചുവിടാൻ ഒരു ജങ്‌ഷൻമാത്രം നിർമിച്ചാൽ മതി. ബാക്കി ലഭിക്കുന്ന സ്ഥലത്ത് ബസ് സ്റ്റാൻഡ്‌, ടാക്സി സ്റ്റാൻഡ്‌, ഷോപ്പിങ് കോപ്ലക്സ്, ഓഫീസുകൾ, പാർക്കിങ്‌ സൗകര്യം എന്നിവ ഏർപ്പെടുത്താൻ കഴിയും. പാർക്കിങ്ങിന് നിയന്ത്രണം വേണം

ഓട്ടോപാർക്കിങ്‌ ടാക്സിസ്റ്റാൻഡിലേക്ക് മാറ്റണം. കായണ്ണ അങ്ങാടിയിലെ ഓട്ടോപാർക്കിങ്‌ താഴെ ടാക്സിസ്റ്റാൻഡിലേക്ക് മാറ്റിയാൽത്തന്നെ കായണ്ണ അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാം, കായണ്ണ താഴെകനാൽപ്പാലത്തിന്റെ അടുത്തുനിന്ന്‌ ഒരു ബൈപ്പാസ് റോഡ് നിർമിക്കണം. കായണ്ണ അങ്ങാടിയിലെ അലക്ഷ്യമായി പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണം.

കെ.കെ. ശിവദാസൻ

ഭാരവാഹി, വ്യാപാരി-വ്യവസായി ഏകോപനസമിതിസാമ്പത്തികസഹായം നേടിയെടുക്കാൻ ശ്രമിക്കണം

കായണ്ണവഴി കൂരാച്ചുണ്ട്, ബാലുശ്ശേരി, പേരാമ്പ്ര, വടകര, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബസ് സർവീസുണ്ട്. ബസ് സ്റ്റാൻഡും. ഷോപ്പിങ്‌ കോപ്ലക്സും വന്നാൽ സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കായണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ സാമ്പത്തികനിലവാരം ഉയർത്താൻ കഴിയും. ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെയും സംസ്ഥാനസർക്കാരിന്റെയും സാമ്പത്തികസഹായം നേടിയെടുക്കാൻ ശ്രമിക്കണം.

കുഞ്ഞിക്കണ്ണൻ ചെറുക്കാട്

പൊതുപ്രവർത്തകൻ