കാസർകോട് : നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലെ പരീക്ഷാ വിജയശതമാനവും അക്കാദമിക നിലവാരവും ഉയർത്താനായി ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഇഗ്നൈറ്റ് 2026-27’-ന് തുടക്കമായി. നഗരസഭാപരിധിയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ മാതൃകാപരമായ വിജയശതമാനവും മികച്ച ഫുൾ എ പ്ലസ് നേട്ടവും കൈവരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നേരേത്ത പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 10 വിദ്യാലയങ്ങളിലെ സ്ഥാപന മേധാവികളുടെ ആലോചനാ യോഗം ചേർന്നിരുന്നു. കഴിഞ്ഞവർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു (സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്), വി.എച്ച്.എസ്.ഇ. പരീക്ഷാ ഫലങ്ങൾ വിലയിരുത്തിയ യോഗം, ഈ വർഷം ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന വിജയശതമാനവും എ പ്ലസ് നേട്ടങ്ങളും കൃത്യമായി അവലോകനം ചെയ്താണ് കർമപദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതിയുടെ ആദ്യഘട്ട പരിപാടികൾ തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ വിദ്യാശ്രീ അധ്യക്ഷയായി. നിർവഹണ ഉദ്യോഗസ്ഥൻ നസീം ജഹാംഗീർ പ്രോജക്ട് വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.എം.ഹനീഫ്, വാർഡ് കൗൺസിലർ മഫീന ഹനീഫ്, പി.ടി.എ. പ്രസിഡന്റ് നൗഫൽ തായൽ, പ്രിൻസിപ്പൽമാർ, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ രണ്ടാംഘട്ട അവലോകന യോഗം നെല്ലിക്കുന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സംഘടിപ്പിച്ചു.
പ്രധാന പ്രവർത്തനങ്ങൾ
വിദ്യാലയ സന്ദർശനവും കർമ്മപദ്ധതിയും: നവംബർ 24 മുതൽ പത്തോളം വിഭാഗങ്ങളിലായി സ്കൂൾതല അവലോകനയോഗങ്ങൾ നടക്കും. പി.ടി.എ, എസ്.എം.സി, അധ്യാപകർ എന്നിവർ സംയുക്തയോഗം ചേർന്ന് ഓരോ വിദ്യാലയത്തിനും അനുയോജ്യമായ പ്രത്യേക കർമപരിപാടികൾ ആസൂത്രണം ചെയ്യും.
എലൈറ്റ് കോൺഫറൻസും കരിയർ ഗൈഡൻസും: ഉന്നതവിജയം പ്രതീക്ഷിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കായി 'എലൈറ്റ് കോൺഫറൻസ്' സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ് നയിക്കുന്ന പ്രത്യേക മോട്ടിവേഷൻ, കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തും.
പ്രത്യേക ക്ലാസുകളും പരീക്ഷകളും: രാവിലെയും വൈകുന്നേരവുമുള്ള പ്രത്യേക പരിശീലന ക്ലാസുകൾ, സൗജന്യ പഠനസാമഗ്രികളുടെ വിതരണം, മാതൃകാ പരീക്ഷാ പരമ്പരകൾ, നിരന്തര മൂല്യനിർണയ-നിരീക്ഷണ സംവിധാനം എന്നിവ നടപ്പാക്കും.
ബോധവത്കരണം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
Published: 27 Nov 2026, 03:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented