കൊയിലാണ്ടി :നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസിൽ പന്തലായനി മേഖലയിലെ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരമായി വലിയവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമിക്കണമെന്ന് കളക്ടർ എം.എസ്. മാധവിക്കുട്ടി സംസ്ഥാന പൊതുമരാമത്തുവകുപ്പ് സെക്രട്ടറിയോട് ശുപാർശചെയ്തു. പന്തലായനി റോഡിനെയും വിയ്യൂർ റോഡിനെയും ബന്ധിപ്പിക്കുന്ന വിധത്തിൽ അണ്ടർപാസ് അനുവദിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കളക്ടർ നവംബർ 18-നാണ് പൊതുമരാമത്തുവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

To advertise here,

നിലവിൽ ദേശീയപാതയിലെ ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി പന്തലായനി-അമ്പ്രമോളി -കാട്ടുവയൽ റോഡിൽ ഒരുക്കിയിട്ടുള്ള ബോക്‌സ് കൾവെർട്ട് വാഹനഗതാഗതത്തിന് പര്യാപ്തമല്ലെന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

അഞ്ചുമീറ്റർ വീതിയും നാലുമീറ്റർ ഉയരവുമുള്ള ഈ സംവിധാനം വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് തടസ്സമാകുന്നുണ്ട്. എന്നാൽ, ഈ കൾവെർട്ടിന് മൂന്നുമീറ്ററോളമേ ഉയരമുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമൂലം വലിയവാഹനങ്ങൾക്ക് മാത്രമല്ല, അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മറ്റ് അടിയന്തരസേവനവാഹനങ്ങൾക്കും കൾവർട്ട് ഉപയോഗിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം മേപ്പയ്യൂർ റോഡിലൂടെയോ മുത്താമ്പി റോഡിലൂടെയോ ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു. ബോക്‌സ് കൾവെർട്ടിലൂടെ ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല.

വടകര സബ് കളക്ടർ പി.പി. അർച്ചനയുടെ റിപ്പോർട്ടിന്റെയും നവംബർ ആറിന് നടന്ന യോഗത്തിൽ പ്രദേശവാസികൾ സമർപ്പിച്ച നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് കളക്ടർ പൊതുമരാമത്തുവകുപ്പ് സെക്രട്ടറിക്ക്‌ റിപ്പോർട്ട് നൽകിയത്. മേപ്പയ്യൂർ-കൊല്ലം റോഡിലെ അണ്ടർപാസിനും കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപാസിനും ഇടയിൽ ഏകദേശം 2.3 കിലോമീറ്റർ ദൂരത്തിൽ ഒരു ബോക്‌സ് കൾവെർട്ട് മാത്രമാണ് നിലവിലുള്ളത്.

പന്തലായനി മേഖലയിൽ ഏതെങ്കിലുംതരത്തിലുള്ള അത്യാഹിതങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ ഫയർഫോഴ്‌സിനോ ആംബുലൻസുകൾക്കോ എത്തിപ്പെടാൻ കഴിയില്ല. മാത്രമല്ല, നടേരിപ്പാലം ഉദ്ഘാടനംചെയ്യുന്നതോടെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി നഗരസഭ ഉൾപ്പെട്ട നടേരി ഭാഗം എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സുഗമമായി ബൈപ്പാസിലേക്ക് എത്താനും ഇവിടെ അണ്ടർപാസ് വേണം. സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, പന്തലായനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ കൊയിലാണ്ടി നഗരഭാഗത്താണ്.

പന്തലായനി, വിയ്യൂർ മേഖലകളിൽനിന്നുള്ളവർക്ക് നഗരത്തിലേക്ക് എത്തുന്നതിനും സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്രയ്ക്കും നിലവിലെ ക്രോസിങ് തടസ്സമാകുന്നു. നിലവിലുള്ള കൾവർട്ടിന്റെ പരിമിതികൾ പരിഹരിക്കുന്ന തരത്തിൽ കൂടുതൽ വീതിയും ഉയരവുമുള്ള വാഹന അണ്ടർപാസ് നിർമിക്കണമെന്നാണ് കളക്ടറുടെ ശുപാർശ. ദേശീയപാതാപദ്ധതികളുടെ രൂപകല്പനയിലും നിർമാണത്തിലും പന്തലായനിയിലെ ഈ ആവശ്യം ഉൾപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യവും അടിയന്തരസേവനങ്ങളുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ അണ്ടർപാസ് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ജില്ലാഭരണകൂടം. ഈ റിപ്പോർട്ട് പൊതുമരാമത്തുസെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക്‌ കൈമാറും.

കേരളത്തിൽ ദേശീയപാതാ നിർമാണത്തിന്റെ ചീഫ് കോഡിനേറ്റർ ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി നേരിട്ട് ഇക്കാര്യം സംസാരിക്കുമെന്നും കെ. പ്രവീൺകുമാർ എം.എൽ.എ. പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്.

വടകര സബ് കളക്ടർ പി.പി. അർച്ചന, ജനകീയസമരം നടക്കുന്ന പന്തലായനി ഭാഗം നവംബർ ഏഴിന് സന്ദർശിച്ചിരുന്നു. ജനങ്ങൾ ദീർഘകാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് പന്തലായനി-വിയ്യൂർ റോഡിൽ കൊയിലാണ്ടി ബൈപ്പാസിനുകുറുകേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അണ്ടർപാസ് അനുവദിക്കണമെന്നത്.

മേപ്പയ്യൂർ റോഡ് അടിപ്പാതയ്ക്കും മുത്താമ്പി റോഡ് അടിപ്പാതയ്ക്കും ഇടയിൽ ഏകദേശം 2.3 കിലോമീറ്റർ ദൂരത്തിനുള്ളിൽ കാട്ടുവയൽ റോഡിൽ ചെറിയൊരു ബോക്‌സ് കൾവെർട്ട് മാത്രമാണുള്ളത്. ഇതിലേക്കുള്ള അപ്രോച്ച് റോഡുകൾക്കും വീതി വളരെ കുറവാണ്. നിലിവിലുള്ള കൾവെർട്ടിലൂടെ ഒരേസമയം രണ്ട് വാഹനത്തിന് കടന്നുപോകാൻ സാധിക്കില്ല. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുമാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഫയർഫോഴ്‌സും നൽകിയത്. പന്തലായനി-വിയ്യൂർ റോഡിൽ അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം 53-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരം നടക്കുന്നതിനാൽ കൊല്ലം കുന്ന്യോറമല ഭാഗത്ത് റോഡുനിർമാണപ്രവൃത്തി തടസ്സപ്പെട്ടുകിടക്കുകയാണ്.