പരിഹാരം കടലാസിൽ
കുറ്റ്യാടി : അഞ്ചു റോഡുകൾ സംഗമിക്കുന്ന കുറ്റ്യാടി ടൗൺ ജങ്ഷൻ ഗതാഗതക്കുരുക്കിൽ അമരുന്നു. കുരുക്കിന് പ്രധാനകാരണമായ വയനാട് റോഡിന്റെ തുടക്കത്തിലെ കുപ്പിക്കഴുത്ത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതർക്ക് അനക്കമില്ല. ടൗൺ ജങ്ഷനിൽനിന്ന് വയനാട് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കുപ്പിക്കഴുത്ത്. റോഡിന് വീതികുറവായതിനാൽ വലിയവാഹനങ്ങൾക്ക് ഇവിടെനിന്ന് തിരിയാൻ കഴിയുന്നില്ല.
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂർണമായും ഒഴിഞ്ഞാലേ ബസുകൾക്കും ലോറികൾക്കും കടന്നുപോകാൻ കഴിയൂ. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസ് ഇവിടെ കുടുങ്ങിയിരുന്നു. സംഘടനകളും നാട്ടുകാരും പലതവണ നിവേദനം നൽകിയിട്ടും നടപടിയില്ല. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നേരത്തെ ശുപാർശ തയ്യാറാക്കിയിരുന്നെങ്കിലും ഇത് ഉപേക്ഷിച്ചമട്ടിലാണ്. വാഹനങ്ങൾ ടൗൺ കടക്കാൻ ദിവസവും 20 മിനിറ്റിലേറെ എടുക്കുന്ന സ്ഥിതിയാണ്. ഇതോടെ ദീർഘദൂര ബസുകൾപോലും കുറ്റ്യാടി വഴി പോകാൻമടിക്കുന്നു. മലയോര ഹൈവേ പൂർത്തിയാകുന്നതോടെ വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും.
ഓവുചാൽ വില്ലനായി
വയനാട് റോഡിന്റെ തുടക്കത്തിലുള്ള ഓവുചാൽ നിർമാണമാണ് പ്രതിസന്ധിക്ക് കാരണം.
നടപ്പാതയ്ക്ക് വീതികൂട്ടിയതോടെ റോഡിന്റെ വീതി കുറഞ്ഞു. ഓവുചാലിന്റെയും നടപ്പാതയുടെയും വീതികുറയ്ക്കുകയാണ് താത്കാലിക പരിഹാരം. രണ്ട് ബൈപ്പാസുകൾ വരുന്നുണ്ടെങ്കിലും ടൗണിലെ കുപ്പിക്കഴുത്ത് നേരേയാക്കാതെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകില്ല. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് ദീർഘകാലപദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 31 Oct 2026, 03:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented