വടകര : മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പുരോഗമന സംഘടനകളുടെ നേതൃത്വത്തിൽ വടകരയിൽ ജന്തർ മന്തർ സമരസായാഹ്നം നടത്തി. വിവിധ സ്ഥലങ്ങളിൽനിന്നാരംഭിച്ച റാലികൾ പുതിയ സ്റ്റാൻഡിൽ ഒരുക്കിയ ജന്തർ മന്തറിൽ സമാപിച്ചു.

To advertise here,

ടൗൺഹാൾ, ജൂബിലി കുളം, സാംസ്കാരികചത്വരം, കോട്ടപ്പറമ്പ്, നഗരസഭ ഓഫീസ് പരിസരം എന്നിവിടങ്ങളിലായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും മഹിളകളും ഉൾപ്പെടെ അണിനിരന്ന റാലി ഉണ്ടായി. ഇവ ഗാന്ധിപ്രതിമയ്ക്ക് സമീപം സംഗമിച്ച് വൻറാലിയായി പുതിയ ബസ് സ്റ്റാൻഡിലെത്തി.

ബാൻഡ് വാദ്യത്തിന്റെയും കളരിപ്പയറ്റിന്റെയും നാടൻകലാരൂപങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകൾ റാലിയിൽ അണിനിരന്നു. രാത്രി പത്തുവരെ നീണ്ടുനിന്ന ഐക്യദാർഢ്യ സമരത്തിന് രാഷ്ട്രീയ, കലാ, സാംസ്കാരിക, സാമൂഹ്യ, സാഹിത്യ രംഗത്തെ ഒട്ടേറെപ്പേർ അഭിവാദ്യവുമായെത്തി.

വിപ്ലവ, നാടക ഗാനങ്ങളും തെരുവുനാടകങ്ങളും ജാലവിദ്യകളുമെല്ലാം സമരായുധമായി. ഐക്യദാർഢ്യസമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്‌ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷനായി. മനയത്ത് ചന്ദ്രൻ, ചരിത്രകാരൻ പി. ഹരീന്ദ്രനാഥ്, കവി ശിവദാസ് പുറമേരി, സി. ഭാസ്കരൻ, ആർ. സത്യൻ, പി. സോമശേഖരൻ, പി.കെ. ദിവാകരൻ, ടി.പി. ഗോപാലൻ, കെ. പുഷ്പജ, കെ.പി. ബിന്ദു, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഡൽഹി സമരപോരാളികളായ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.